ad
Deshabhimani

തിരികെ സ്കൂളിലേക്ക്: സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

SCHOOL REOPENING
വെബ് ഡെസ്ക്

Published on Jun 02, 2025, 10:16 AM | 2 min read

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ആലപ്പുഴയെ അക്ഷരാർഥത്തിൽ ഉത്സവാന്തരീക്ഷത്തിലെത്തിക്കുകയായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തി.


കഴിഞ്ഞ കാലത്തെ ആശങ്കകളും നൊമ്പരങ്ങളും മറന്ന് സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാർഥികൾ. കലവൂർ സ്കൂളിൽ രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. 9.30ന് വേദിയിൽ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് നടന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്‌.


അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള എല്ലാ പാഠ പുസ്തകങ്ങളും പ്രിന്റ് ചെയ്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്തു. മൂന്ന് കോടി പാഠപുസ്തകങ്ങളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. ഇത് ചരിത്രത്തിൽ ആദ്യമായാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


കുട്ടികളുടെ രചനകളും പാഠപുസ്തകത്തിൽ ഇടം പിടിച്ചു. സാമ്പത്തിക അച്ചടക്കം, ലഹരി ബോധവത്കരണം എന്നിവയും സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അധ്യാപക അനധ്യാപകരുടെ സ്ഥലംമാറ്റം സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പൂർത്തിയാക്കൻ കഴിഞ്ഞു. സ്കൂൾ ശുചീകരണം നടത്തിയത് പൊതുജന പങ്കാളിത്തത്തോടെയാണ്. ആ ഉദ്യമത്തിൽ പങ്കാളികളായ വിദ്യാർഥി യുവജന ക്ഷേമ പ്രവർത്തകർക്ക് മന്ത്രി അഭിവാദ്യം അറിയിച്ചു.


ഈ അധ്യയന വർഷം സർക്കാർ‌, എയ്ഡഡ് ഹൈസ്‌കൂൾ പ്രവർത്തന സമയം രാവിലെ 9.45മുതൽ വൈകിട്ട് 4.15വരെയാക്കി. ഈ വർഷം ഇറക്കിയ അക്കാദമിക്‌ കലണ്ടറിലാണ് ഹൈസ്‌കൂളിൽ പ്രവർത്തനസമയം അരമണിക്കൂർ കൂട്ടാൻ തീരുമാനിച്ചത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സമയമാറ്റം.


യുപി വിഭാഗത്തിൽ 200, ഹൈസ്‌കൂളിൽ 204, എൽപിയിൽ 198 അധ്യയന ദിനങ്ങൾ ഉറപ്പാക്കിയാണ് സ്‌കൂൾ അക്കാദമിക്‌ കലണ്ടർ പുറത്തിറക്കിയത്. എൽപിക്ക് ശനിയാഴ്‌ച പ്രവൃത്തിദിനമല്ല. യുപിയിൽ രണ്ട് ശനിയും ഹൈസ്‌കൂളിൽ ആറ്‌ ശനിയും പ്രവൃത്തിദിനം. പൊതുവിദ്യാഭ്യാസ ചട്ടപ്രകാരം എൽപി ക്ലാസുകളിൽ വർഷം 800 പഠന മണിക്കൂറും യുപി ക്ലാസുകളിൽ 1,000 പഠന മണിക്കൂറും ഹൈസ്‌കൂളിൽ 1,100 പഠനമണിക്കൂറുമാണ് വേണ്ടത്. പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനം പഠിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം നിയോ​ഗിച്ച അഞ്ചംഗ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യയന ദിനങ്ങൾ നിശ്ചയിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home