ad
Deshabhimani

ഡ്രൈവിങ് ടെസ്റ്റ് ജയിച്ചാൽ ലൈസൻസ് ഉടൻ കൈയിൽ; മാറ്റത്തിനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

MVD.jpg
വെബ് ഡെസ്ക്

Published on Jan 21, 2026, 11:30 AM | 1 min read

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുന്നവർക്ക് ലൈസൻസിനായി ഇനി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരില്ല. ടെസ്റ്റ് പാസായ ഉടൻ തന്നെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന സംവിധാനത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് മാറുന്നു.


നിലവിലെ പ്രിന്റഡ് ലൈസൻസ് കാർഡുകൾക്ക് പകരം ഓൺലൈൻ വഴി ഉടനടി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ ലൈസൻസ് സംവിധാനം സംസ്ഥാനത്ത് പ്രാബല്യത്തിൽ വരികയാണ്.


ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ലൈസൻസ് വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ പുതിയ നടപടി. സ്മാർട്ട് കാർഡുകളുടെ വിതരണത്തിലുണ്ടായ പ്രതിസന്ധിയും അച്ചടിയിലെ കാലതാമസവും പരിഗണിച്ചാണ് ഡിജിറ്റൽ രൂപത്തിലേക്ക് മാറാൻ സർക്കാർ തീരുമാനിച്ചത്.


ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചാലുടൻ എംവിഡി പോർട്ടലിൽ നിന്നോ ഡിജിലോക്കറിൽ നിന്നോ ലൈസൻസ് ഡൗൺലോഡ് ചെയ്യാം. ഡിജിറ്റൽ ലൈസൻസിൽ സുരക്ഷയ്ക്കായി ക്യൂആർ കോഡും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടാകും. പോലീസ് പരിശോധനാ വേളയിൽ ഇത് കാണിച്ചാൽ മതിയാകും.


ലൈസൻസ് അച്ചടിക്കുന്നതിനും തപാൽ വഴി അയക്കുന്നതിനുമുള്ള വലിയൊരു തുക ഇതിലൂടെ സർക്കാരിന് ലാഭിക്കാൻ സാധിക്കും. ഡിജിറ്റൽ ലൈസൻസ് നിർബന്ധമാക്കുമ്പോഴും ആർക്കെങ്കിലും ഫിസിക്കൽ കാർഡ് ആവശ്യമുണ്ടെങ്കിൽ നിശ്ചിത ഫീസ് അടച്ച് അത് സ്വന്തമാക്കാനുള്ള സൗകര്യവും ഉണ്ടാകുമെന്നാണ് സൂചന.


സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകൾ സർക്കാർ തലത്തിൽ തന്നെ ആരംഭിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ലൈസൻസ് വിതരണത്തിലും ഹൈടെക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.


ഡിജിറ്റൽ ലൈസൻസുകൾക്ക് നിയമസാധുത ഉണ്ടെന്നും ഇവ സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നത് പരിശോധനാ വേളയിൽ സ്വീകാര്യമാണെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home