Deshabhimani

print edition ആറ്റിങ്ങൽ പറയുന്നു... ഓ... യെസ് !

attingal

ആറ്റിങ്ങലിലെ എൽഡിഎഫ്‌ സ്ഥാനാർഥി 
ഒ എസ് അംബികയ്ക്ക് വഞ്ചിയൂര്‍ മേഖലയില്‍ 
നൽകിയ സ്വീകരണം

avatar
അനോബ്‌ ആനന്ദ്‌

Published on Mar 31, 2026, 12:39 AM | 1 min read

കിളിമാനൂര്‍ : ആറ്റിങ്ങലില്‍ വികസനപ്പെരുമഴ പെയ്തില്ലേ...? ‘ഓ.. യെസ്’, റോഡുകള്‍ അടിപൊളിയായില്ലേ...? ഓ.. യെസ്. കുപ്പിക്കഴുത്തുപോലുള്ള പാലങ്ങള്‍ പഴങ്കഥയായില്ലേ? ഓ.. യെസ്.. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടർമാർക്കിപ്പോൾ ഒന്നിനും ‘നോ’ പറയേണ്ട കാര്യമില്ല. അവരോടൊപ്പം സ്വന്തം ഒ എസ്‌ ഉണ്ട്‌.


കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസനംകൊണ്ടുവന്ന ഒ എസ്‌ അംബിക ജനങ്ങളുടെ പ്രിയപ്പെട്ട ‘ഒ എസ്‌’ ആണ്‌. 10 വര്‍ഷത്തിനിടെ എൽഡിഎഫ്‌ സർക്കാർ 1200 കോടിയുടെ വികസനമാണ്‌ ആറ്റിങ്ങലിൽ നടപ്പാക്കിയത്‌. അതില്‍ 700 കോടിയോളം ഒ എസ് അംബികയുടെ നേതൃത്വത്തിലായിരുന്നു. 168 കോടിരൂപ ചെലവില്‍ പുളിമാത്ത്, നഗരൂര്‍, കരവാരം പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണമെത്തിക്കുന്ന ബൃഹത് പദ്ധതി 99 ശതമാനവും പൂര്‍ത്തിയായി.


ഇത്രയൊക്കെ ചെയ്‌തുതരുന്ന എൽഡിഎഫ്‌ സർക്കാർ തുടരണമെന്നും ഒ എസ്‌ അംബിക ജയിക്കണമെന്നുംതന്നെയാണ്‌ നാട്ടുകാരുടെ താൽപ്പര്യം. കരവാരം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു നാലാംദിവസത്തെ പര്യടനം. മുല്ലശേരിയില്‍ മുരളീധരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പുതുശേരിമുക്കിലെ സ്വീകരണകേന്ദ്രത്തിലെത്തിയ ഓട്ടോ ‍ഡ്രൈവർ സുബൈറും ഭാര്യ നസീമയുമുണ്ടായിരുന്നു. 49കാരിയായ നസീമയ്ക്ക് വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ട്‌. രണ്ടുതവണവീതം 1000 രൂപ അക്കൗണ്ടിലെത്തി.


വീട്ടമ്മമാരെ ചേര്‍ത്തുപിടിച്ച സർക്കാരിനോടുള്ള നന്ദിയറിയിക്കാൻ ഒ എസിന് ഒരു മാല അണിയിക്കണം– അതിനാണ് നസീമ കാത്തുനിന്നത്. സുബൈറിനുമുണ്ട് ഓട്ടോ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍. വട്ടക്കൈതയിൽ സ്വീകരിക്കാൻ കാത്തുനിന്ന ഹംസയ്ക്ക്‌ പറയാനുള്ളതും വാര്‍ധക്യകാല പെന്‍ഷന്‍ മുടങ്ങാതെ നൽകുന്ന സർക്കാരിനെക്കുറിച്ചുതന്നെ. ചുവന്ന ബൊഗൈന്‍വില്ല പൂക്കള്‍ചേര്‍ത്ത ബൊക്കെയുമായി കുട്ടികളുൾപ്പെടെ പ്രിയ സ്ഥാനാർഥിയെ കാത്തുനിൽപ്പുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home