print edition ആദിവാസികളുടെ 28 ഏക്കർ കോൺഗ്രസ് നേതാക്കൾ തട്ടി;പരാതിയിൽ കേസെടുക്കാതെ പൊലീസ്

പ്രതീകാത്മക ചിത്രം
പാലക്കാട്: അട്ടപ്പാടി പാടവയൽ വില്ലേജിലെ ദൊഡുകട്ടിയിൽ ആദിവാസികളുടെ 28 ഏക്കർ ഭൂമി വ്യാജരേഖ ചമച്ച് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്ത് വിറ്റു. അഗളി പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ഷിബു സിറിയക്, കോൺഗ്രസ് അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി എം ഹനീഫ, കോൺഗ്രസ് പ്രവർത്തകൻ ശിവകുമാർ എന്നിവർ ചേർന്ന് ഭൂമി സ്വന്തമാക്കി പലർക്കായി മറിച്ചുവിറ്റെന്ന് കാണിച്ച് പാലൂർ ഊരിലെ ബാലൻ പുതൂർ പൊലീസിന് പരാതി നൽകി.
കോൺഗ്രസ് എംപിയുടെ ഇടപെടലിനെ തുടർന്ന് പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുർ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു ബാലൻ.
ബാലന് തലമുറകളായി കൈമാറിക്കിട്ടിയ 10 ഏക്കറും തൊട്ടടുത്ത് മറ്റ് ഒമ്പത് ആദിവാസികളുടെ 18 ഏക്കർ സ്ഥലവുമാണ് കോൺഗ്രസുകാർ കൈവശപ്പെടുത്തിയത്.
പാടവയൽ വില്ലേജിൽ 317 സർവേ നമ്പറിൽ 2023 വരെ ആദിവാസികൾ കരം അടച്ചിരുന്നു. ബാലൻ അറിയാത്ത ചിലർ കഴിഞ്ഞയാഴ്‌ച ഭൂമിയിൽ വേലികെട്ടി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു. അവരെ ബന്ധപ്പെട്ടപ്പോഴാണ് തമിഴ്നാട്ടുകാരായ ചിലരിൽനിന്ന് ഭൂമി വാങ്ങിയെന്ന് അറിയുന്നത്.
പത്തേക്കറിന് 50 ലക്ഷം രൂപ വാഗ്‌ദാനംചെയ്‌ത് 2022ൽ ഹനീഫയും കൂട്ടരും സമീപിച്ചപ്പോൾ വിൽക്കാൻ ബാലൻ സമ്മതിച്ചിരുന്നു. എന്നാൽ, ആദിവാസി ഭൂമിയായതിനാൽ കലക്‌ടറുടെ അനുമതി ആവശ്യമാണെന്നും അത് ശരിയാക്കുന്ന മുറയ്‌ക്ക് മുഴുവൻ തുകയും നൽകാമെന്നും പറഞ്ഞ് പലപ്പോഴായി 24 ലക്ഷം രൂപ മാത്രം കൈമാറി. പ്രചാരണത്തിന് ചെലവിട്ട പണവും കണക്കിൽ ചേർത്തതായി ബാലൻ പറഞ്ഞു.
മറ്റ് ആദിവാസികൾക്കും ചെറിയ തുക മാത്രമാണ് നൽകിയത്. പലർക്കും പറഞ്ഞ വിലയുടെ പത്തിലൊന്നുപോലും കിട്ടിയിട്ടില്ല. കോൺഗ്രസ് അഗളി ബ്ലോക്ക് പ്രസിഡന്റിന്റെ സഹോദരന്റെ പേരിലാണ് അവകാശം ആദ്യം മാറ്റിയിട്ടുള്ളത്. ഒരു ഉടമ ശിവകുമാറും മറ്റൊരാൾ ഹനീഫയുടെ ജ്യേഷ്‌ഠനുമാണ്. 2023നുശേഷം ഇവരുടെ പേരിലാണ് നികുതി അടച്ചിരിക്കുന്നത്.








0 comments