ad
Deshabhimani

ഓണവരവറിയിച്ച് അത്തം പിറന്നു; തൃപ്പൂണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര

അത്തച്ചമയം

അത്തച്ചമയ ഘോഷയാത്ര

വെബ് ഡെസ്ക്

Published on Aug 16, 2026, 08:26 AM | 1 min read

കൊച്ചി : ചിങ്ങമാസം നാളെ തുടങ്ങാനിരിക്കെ ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തന്നെ‌‌‌‌‌‌ അത്തം പിറന്നു. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും. തൃപ്പുണിത്തുറ ​ഗവ ബോയ്സ് ​എച്ച് എസ് സ്കൂളിൽ രാവിലെ അത്തച്ചമയ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. സിനിമാതാരം മനോജ് കെ ജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യും. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കലാകാരന്മാർ അത്തച്ചമയ ഘോഷയാത്രയിൽ അണിനിരക്കും.


പത്തു ദിവസത്തെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് അത്തം നാളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ഈ ചടങ്ങോടുകൂടിയാണ്. നിശ്ചലദൃശ്യങ്ങൾ, പഞ്ചവാദ്യം, ശിങ്കാരിമേളം, പുലിക്കളി, കഥകളി രൂപങ്ങൾ, മയൂരനൃത്തം തുടങ്ങി നിരവധി കേരളീയ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. അത്തപ്പതായ ഉയർത്തുന്നതോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമാവുക. പൂർണത്രയീശ ക്ഷേത്രത്തിന് മുന്നിലൂടെ വടക്കേക്കോട്ട വരെയാണ് ഘോഷയാത്ര.


അത്തച്ചമയ ഘോഷയാത്രയുടെ സു​ഗമമായ നടത്തിപ്പിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി അധികൃതർ പറഞ്ഞു. ഇന്ന് ഞായറാഴ്ച ആയതിനാൽ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. വിപുലമായ സുരക്ഷ സംവിധാനങ്ങളും ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അത്തച്ചമയ ഘോഷയാത്ര ആസ്വദിക്കുന്നതിനെത്തുന്നവർക്ക് കുടിവെള്ളം, പാർക്കിം​ഗ് സൗകര്യം, ശുചിമുറി, വൈദ്യസഹായം എന്നിവയും സജ്ജമാണ്.


തൃപ്പൂണിത്തുറ സംസ്‌കൃത കോളജ് ഗ്രൗണ്ട്, സംസ്‌കൃത സ്‌കൂള്‍ ഗ്രൗണ്ട്, ഗവ ഗേള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, എന്‍ എസ് എസ് കോളജ് ഗ്രൗണ്ട്, കരിങ്ങാച്ചിറ ചര്‍ച്ച് ഗ്രൗണ്ട്, ശ്രീവെങ്കിടേശ്വര സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാര്‍ക്കിം​ഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


പൂര്‍ണത്രയീശക്ഷേത്രത്തിന് സമീപം, വടക്കേക്കോട്ട മെട്രോ സ്റ്റേഷന്‍, എസ് എന്‍ ജം​ഗ്ഷൻ മെട്രോ സ്റ്റേഷന്‍ എന്നിവിടങ്ങളിലായി ശൗചാലയങ്ങൾ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ വിവിധയിടങ്ങളിലാണ് അഞ്ച് അടിയന്തര മെഡിക്കൽ ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home