എൽഡിഎഫ് നൽകുന്ന ഉറപ്പുകൾ എഐ ബോട്ടിനോട് ചോദിച്ചറിയാം; ചാറ്റ് ബോട്ടുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: നവകേരളം ലക്ഷ്യമിട്ടുള്ള തുടർപ്രവർത്തനങ്ങൾക്ക് ഉൗന്നൽനൽകുന്ന എൽഡിഎഫ് പ്രകടനപത്രിക പരിചയപ്പെടുത്തുന്ന എൽഎൽഎം അധിഷ്ഠിത ചാറ്റ്ബോട്ടുമായി ഡിവൈഎഫ്ഐ. എൽഡിഎഫ് 3.0 പ്രോ (ldf 3.0 pro) എന്ന പേരിൽ ഡിവൈഎഫ്ഐ പ്രൊഫഷണൽ സബ്കമ്മറ്റിയിലെ ഐ ടി പ്രൊഫഷണൽസ് ചേർന്നാണ് ചാറ്റ്ബോട്ട് ഇറക്കിയിരിക്കുന്നത്.
ഇടതുപക്ഷം പ്രകടനപത്രികയിലൂടെ നൽകുന്ന വാഗ്ദാനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ചെറു കുറിപ്പുകളായ ഉത്തരങ്ങൾ ചാറ്റ്ബോട്ട് നൽകും. 197 പേജുള്ള പ്രകടപത്രിക വായിച്ചു മനസിലാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തങ്ങൾക്ക് താല്പര്യമുള്ള മേഖല സംബന്ധിച്ച ഉറപ്പുകൾ മനസിലാക്കാൻ ചാറ്റ്ബോട്ട് സഹായകരമാണെന്ന് പ്രൊഫഷണൽ സബ്കമ്മറ്റി കൺവീനർ അറിയിച്ചു.
തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്ന യുവജന വോട്ടർമാരിലേക്ക് മാനിഫെസ്റ്റോയിലെ ഉറപ്പുകൾ എത്തിക്കുക എന്നതാണ് ഇത്തരമൊരു ചാറ്റ് ബോട്ട് വഴി ലക്ഷ്യം വയ്ക്കുന്നത്. മാനിഫെസ്റ്റോയുടെ വെബ്‌സൈറ്റും എ ഐ വീഡിയോകളും നേരത്തെ ഇടതുപക്ഷം ഇറക്കിയിരുന്നു. ചാറ്റ് ബോട്ടുമായി സംസാരിക്കാൻ www.ldf3.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
2016ൽ 600, 2021ൽ 900 നിർദേശങ്ങൾ അടങ്ങുന്ന പ്രകടനപത്രികയാണ് പുറത്തിറക്കിയത്. ഇവയെല്ലാം നടപ്പാക്കി എല്ലാവർഷവും പ്രോഗ്രസ് റിപ്പോർട്ടും സമർപ്പിച്ചാണ് കഴിഞ്ഞ പത്തുവർഷവും മുന്നോട്ടുപോയത്. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയിലേക്ക് മാറ്റുന്ന പ്രവർത്തനം അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. സാമ്പത്തിക വളർച്ചയുടെ നേട്ടം എല്ലാവർക്കും ലഭ്യമാക്കും. ഇക്കാര്യം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച് പ്രകടനപത്രിക മുൻനിർത്തിയുള്ള എൽഡിഎഫ് പ്രചാരണം ജനങ്ങൾ ഏറ്റെടുക്കുന്നുവെന്നതാണ് യോഗങ്ങളിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ തെളിയിക്കുന്നത്.










0 comments