print edition റബറിനെ അറിയാൻ നിർമിതബുദ്ധി വരുന്നു

കോട്ടയം: റബർ മേഖലയിൽ എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നടപടികളുമായി റബർ ബോർഡ്. ബോർഡിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോമിന്(ക്രിസ്‌പ്) എഐ ഘടകം രൂപീകരിക്കും. ഇതുവഴി പ്രദേശികമായി യോജിച്ച റബറിനങ്ങളെക്കുറിച്ചുള്ള പൂർണവിവരങ്ങൾ അറിയാനാകും. മണ്ണിന്റെ സ്വഭാവം, മഴയുടെ അളവ്, റബറിനങ്ങളുടെ പരീക്ഷണഫലങ്ങൾ, രോഗവ്യാപനം തുടങ്ങിയ വിവരങ്ങൾ അടിസ്ഥാനമാക്കി ഏറ്റവും യോജിച്ച ഇനം തെരഞ്ഞെടുക്കാൻ ഈ സംവിധാനം സഹായിക്കും.
കൃഷിചെയ്യുന്ന സ്ഥലത്തിന് യോജിച്ചതല്ലാത്ത ഇനം തെരഞ്ഞെടുക്കുന്നത് ഒഴിവാക്കാം. ഇത് ഉൽപാദനക്ഷമത വർധിപ്പിക്കാൻ ഉപകരിക്കും. റബർ തൈകളിലെ രോഗങ്ങൾ, പോഷകക്കുറവ് എന്നിവ ചിത്രങ്ങളുടെ വിശകലനത്തിലൂടെ നേരത്തേതന്നെ കണ്ടെത്താനും കഴിയും. മൊബൈൽ ആപ്പ്, വാട്സ് ആപ്, വെബ് പ്ലാറ്റ്ഫോം എന്നിവയിലൂടെ പ്രവർത്തിക്കുന്ന എഐ ചാറ്റ്ബോട്ട് ഉപദേശ സംവിധാനങ്ങൾ വഴി നടീൽ, വളപ്രയോഗം, രോഗകീടനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് വ്യക്തിഗത നിർദേശങ്ങൾ ലഭിക്കും. ഡ്രോൺ ഉപയോഗിച്ചുള്ള സർവേയിലൂടെ രോഗങ്ങളുടെ വ്യാപ്‌തി നിർണയിക്കുക വഴി ആവശ്യാനുസരണം മാത്രം കുമിൾനാശിനികൾ ഉപയോഗിക്കുന്നതും പ്രാവർത്തികമാക്കാം.
പരമ്പരാഗത കൃഷിരീതികളിൽനിന്ന് മാറി മാത്രമേ നിലവിലെ കാർഷിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്ന കാഴ്‌ചപ്പാടിലാണ് എഐ സംവിധാനം ഒരുക്കുന്നത്. പ്രദേശികമായ പ്രത്യേകതകളും കാലാവസ്ഥയും അടിസ്ഥാനമാക്കി നടീൽവസ്‌തുക്കളുടെ ആവശ്യകത മുൻകൂട്ടി പ്രവചിക്കാൻ എഐ ഉപയോഗിക്കാം. കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം, നടീലുമായി ബന്ധപ്പെട്ട മുൻപ്രവണതകൾ എന്നിവ വിശകലനം ചെയ്ത് റബർ നഴ്‌സറികളിൽ തൈകൾ ഉൽപാദിപ്പിക്കുന്നത് ക്രമീകരിക്കാനാകും. ഇതുവഴി തൈകൾ അമിതമായി ഉൽപാദിപ്പിക്കുന്നത് ഒഴിവാക്കാം.










0 comments