കരിമ്പുഴ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും ഉള്‍പ്പെടും

നിലമ്പൂർ : കരിമ്പുഴ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 44.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇനി പരിസ്ഥിതിലോല മേഖല (ഇഎസ്‍സെഡ്). കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് വിവിധ ദിശകളിലായി പൂജ്യം മുതൽ 3.40 കിലോമീറ്റർ വരെയാണ് ഇഎസ് സെഡ് വ്യാപ്തി. കരുളായി ഫോറസ്റ്റ് റേഞ്ച്, കാളികാവ് ഫോറസ്റ്റ് റേഞ്ച്, വഴിക്കടവ് ഫോറസ്റ്റ് റേഞ്ച് എന്നിവിടങ്ങളിലെ വനപ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും.
ജനവാസ മേഖലകളും പരിധിയിൽ
തെക്കുപടിഞ്ഞാറൻ ഭാഗത്ത് 0.6 മുതൽ ഒരു കിലോമീറ്റർ വരെയാണ് ഇഎസ് ഇസെഡ് വ്യാപ്തി. ഈ ഭാഗത്ത് ജനവാസ മേഖലകളുണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർ സോണുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. എന്നാൽ ഏതൊക്കെ ജനവാസ പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് ഈ വിവരണത്തിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ ടി കെ കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇഎസ് സെഡിൽ വരുമോ എന്നതിൽ ആശങ്കയുണ്ട്. വിജ്ഞാപനത്തിന്റെ അനുബന്ധം നാലിൽ വഴിക്കടവ്, മൂത്തേടം, കരുളായി, അമരമ്പലം എന്നീ നാല് വില്ലേജുകള്‍ ഇഎസ് സെഡ് പരിധിയിൽ വരുന്നതായും വ്യക്തമാക്കുന്നു
മൂന്ന് വിഭാഗങ്ങളിലായി നിയന്ത്രണങ്ങൾ
നിരോധനം: വാണിജ്യ ഖനനം, കല്ല് ക്വാറി, ക്രഷർ യൂണിറ്റുകൾ, പുതിയ മലിനീകരണ വ്യവസായങ്ങൾ, നിലവിലുള്ള മലിനീകരണ വ്യവസായങ്ങളുടെ വിപുലീകരണം എന്നിവ നിരോധിച്ചിട്ടുണ്ട്. വലിയ ജലവൈദ്യുത പദ്ധതികൾ, അപകടകാരിയായ വസ്തുക്കളുടെ ഉപയോഗം, ശുദ്ധീകരിക്കാത്ത മലിനജലം ഒഴുക്കിവിടൽ, ഖരമാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വൻതോതിലുള്ള വാണിജ്യ കന്നുകാലി-കോഴി ഫാമുകൾ, പുതിയ സോമില്ലുകൾ, നിലവിലുള്ള സോമില്ലുകളുടെ വിപുലീകരണം, ഇഷ്ടികക്കളങ്ങൾ തുടങ്ങിയവയ്ക്കും വിലക്കുണ്ട്.
Related News
നിയന്ത്രണങ്ങളോടെ അനുവദിക്കുന്നത്: സംരക്ഷിത പ്രദേശത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ, അല്ലെങ്കിൽ ഇഎസ് സെഡ് അതിർത്തി അതിനേക്കാൾ അടുത്താണെങ്കിൽ അവിടെ വരെ പുതിയ വാണിജ്യ ഹോട്ടലുകൾ, റിസോർട്ടുകൾ, വാണിജ്യ നിർമാണങ്ങൾ എന്നിവ അനുവദിക്കില്ല. അതേസമയം പ്രാദേശിക താമസക്കാർക്ക് സ്വന്തം ഭൂമിയിൽ താമസാവശ്യത്തിനുള്ള നിർമാണം ബാധകമായ കെട്ടിടച്ചട്ടങ്ങൾക്കും അനുമതികൾക്കും വിധേയമായി നടത്താം. ചെറുകിട മലിനീകരണമില്ലാത്ത വ്യവസായങ്ങൾ, മരമുറിക്കൽ, വനവിഭവ ശേഖരണം, റോഡ് വികസനം, വൈദ്യുതി-കമ്മ്യൂണിക്കേഷൻ അടിസ്ഥാനസൗകര്യങ്ങൾ, കിണർ- ബോർവെൽ ഉപയോഗം, കൃഷി, ഹോർട്ടിക്കൾച്ചർ, ക്ഷീരവികസനം, മത്സ്യകൃഷി തുടങ്ങിയവ നിയന്ത്രണങ്ങൾക്കും ബന്ധപ്പെട്ട അനുമതികൾക്കും വിധേയമായിരിക്കും.
പ്രോത്സാഹനം: മഴവെള്ള സംഭരണം, ജൈവകൃഷി, ഹരിത സാങ്കേതികവിദ്യ, കുടിൽ വ്യവസായങ്ങൾ, സൗരോർജം, ബയോഗ്യാസ്, അഗ്രോഫോറസ്ട്രി, ഹോർട്ടിക്കൾച്ചർ, ഔഷധസസ്യ കൃഷി, പരിസ്ഥിതി സൗഹൃദ ഗതാഗതം, നൈപുണ്യ വികസനം, ആവാസ പുനഃസ്ഥാപനം, പരിസ്ഥിതി ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകും.
രണ്ട് വർഷത്തിനകം മാസ്റ്റർ പ്ലാൻ
സംസ്ഥാന സർക്കാർ രണ്ട് വർഷത്തിനകം സോണൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. പ്രാദേശിക ജനങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും കൂടിയാലോചിച്ചായിരിക്കണം പദ്ധതി തയ്യാറാക്കേണ്ടത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കി അംഗീകരിക്കുന്നതുവരെ പുതിയ നിർമാണങ്ങളും വികസന പ്രവർത്തനങ്ങളും മോണിറ്ററിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കും ശുപാർശയ്ക്കും വിധേയമായിരിക്കും. ഇഎസ് സെഡ് വ്യവസ്ഥകൾ നിരീക്ഷിക്കുന്നതിനായി മലപ്പുറം ജില്ലാ കളക്ടർ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിസ്ഥിതി-വന്യജീവി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ പ്രതിനിധി, പരിസ്ഥിതിശാസ്ത്ര വിദഗ്ധൻ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രതിനിധി, മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. നിലമ്പൂർ സൗത്ത് ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മെമ്പർ സെക്രട്ടറിയായിരിക്കും. വിജ്ഞാപനത്തിൽ പ്രദേശത്തെ എംഎൽഎയെ കമ്മിറ്റി അംഗമായി ഉൾപ്പെടുത്തിയിട്ടില്ല.









0 comments