Deshabhimani

print edition അരവണ വിവാദം അഴിമതിക്ക്‌ കളമൊരുക്കാൻ

travancore devaswam board
വെബ് ഡെസ്ക്

Published on Sep 23, 2026, 12:02 AM | 2 min read

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ലക്ഷ്യമിട്ട്‌ അരവണ വിവാദമുയർത്തിയതിനുപിന്നിൽ അഴിമതിക്ക്‌ കളമൊരുക്കൽ. ബോർഡിലെ കോൺഗ്രസ്‌ അനുകൂലസംഘടനയെ ഉപയോഗിച്ച്‌ ദേവസ്വം നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ‘കൈപ്പിടി’യിലാക്കാനാണ്‌ മന്ത്രിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചുള്ള വഴിവിട്ട നീക്കങ്ങൾ.


അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമാണം നിർത്തിവച്ചപ്പോഴുണ്ടായ നിയന്ത്രണത്തെ ആയുധമാക്കാൻ ആദ്യം കച്ചകെട്ടിയിറങ്ങിയത്‌ കോൺഗ്രസ്‌ അനുകൂല സംഘടനയായ തിരുവിതാംക‍ൂർ ദേവസ്വം എംപ്ലോയീസ്‌ ഫ്രണ്ടാണ്‌. ഇതിന്‌ തെരഞ്ഞെടുത്തത്‌ സമൂഹമാധ്യമങ്ങളെയാണെന്നതാണ്‌ ശ്രദ്ധേയം.


വിഷയം ‘കത്തിക്കുക’യെന്ന ഉദ്ദേശ്യത്തോടെയായിരുന്നു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ ശ്രീശങ്കറുടെയും സെക്രട്ടറി ജി പി പ്രവീണിന്റെയും ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റുകൾ. ‘ചരിത്രത്തിലാദ്യമായി ശബരിമലയിൽ അരവണ നിർമിക്കാത്ത മാസപൂജ’യെന്ന്‌ പ്രവീൺ പോസ്‌റ്റിട്ടപ്പോൾ, ‘ശബരിമല മണ്ഡലം– മകരവിളക്ക്‌ ഉത്സവ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ’എന്നായിരുന്നു ശ്രീശങ്കറുടെ പ്രതികരണം.


കഴിഞ്ഞതവണ കന്നിമാസ പൂജയോടനുബന്ധിച്ച്‌ 2.60 ലക്ഷം ടിൻ അരവണയാണ്‌ കരുതലൊരുക്കിയത്‌. തീർഥാടക ബാഹുല്യം കണക്കിലെടുത്ത്‌ ഇത്തവണ 70,000 കൂടി വർധിപ്പിച്ച്‌ 3.30 ലക്ഷമാക്കി. എന്നാൽ ഉൽപാദനം ഇടയ്‌ക്ക്‌ നിർത്തിവയ്‌ക്കേണ്ടി വന്നതും പ്രതീക്ഷിച്ചതിലുമപ്പുറം തീർഥാടകരെത്തിയതും മൂലം രണ്ടുദിവസം നിയന്ത്രണമേർപ്പെടുത്തിയതാണ്‌ വിവാദമാക്കിയത്‌. സാധാരണ ഇത്തരം നിയന്ത്രണങ്ങൾ മണ്ഡല– മകരവിളക്ക്‌ കാലത്തും ഏർപ്പെടുത്താറുണ്ട്‌. ഇതിനെയാണ്‌ രാഷ്ട്രീയ താൽപര്യം മുൻനിർത്തി വിവാദമാക്കിയത്‌.


​സമാന്തര ഭരണത്തിന്‌
തുടക്കംമുതൽ ശ്രമം

​ശബരിമല തിരുവാഭരണം കമീഷണറുടെ ഓഫീസിൽ സൂപ്രണ്ടായിരുന്ന ശ്രീശങ്കറെ തിരുവനന്തപുരത്ത്‌ കമീഷണറുടെ ഓഫീസിൽ അഡ്‌മിനിസ്‌ട്രേഷൻ അസിസ്‌റ്റന്റ്‌ കമീഷണറാക്കി സമാന്തര ഭരണത്തിന്‌ ശ്രമിച്ചത്‌ ദേവസ്വംമന്ത്രിയുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിയും ബോർഡ്‌ മുൻ സെക്രട്ടറിയുമായ ജി ബൈജുവാണ്‌. ദേവസ്വം ചട്ടങ്ങൾക്ക്‌ വിരുദ്ധമായ നടപടിയെ ജീവനക്കാർ ചോദ്യംചെയ്‌തതോടെ ആ നീക്കം ഉപേക്ഷിച്ചു.


​ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസറെ മാറ്റിയതിലും അഴിമതി

​ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസറായിരുന്ന മോഹനനെ ബോർഡ്‌ തീരുമാനത്തെ മറികടന്ന്‌ മന്ത്രിതലത്തിൽ ഇടപെട്ട്‌ തിരുവനന്തപുരത്തേക്ക്‌ സ്ഥലംമാറ്റിയതിന്‌ പിന്നിലും നിയമനക്കൊള്ളയും അഴിമതിയുമായിരുന്നു ലക്ഷ്യം. ഒരുവർഷം കൂടി സർവീസുള്ള മോഹനന്‌ ആറുമാസം നീട്ടികൊടുത്തിരുന്നു. ഇതാണ്‌ മന്ത്രിയുടെ ഓഫീസ്‌ ഇടപെട്ട്‌ റദ്ദാക്കിയത്‌.


അപ്പം, അരവണ തുടങ്ങിയവയ്‌ക്ക്‌ സ്‌പെഷ്യൽ ഓഫീസർമാർ ഉണ്ടെങ്കിലും ഇതിന്റെയെല്ലാം പൂർണ ചുമതല എക്‌സിക്യ‍ൂട്ടീവ്‌ ഓഫീസർക്കാണ്‌. മാത്രമല്ല, താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങളും മറ്റു ജീവനക്കാരുടെ ഡ്യ‍ൂട്ടിയും നിശ്‌ചയിക്കുന്നത്‌ ഇവർ വഴിയാണെന്നതാണ്‌ തസ്‌തികയെ കോൺഗ്രസ്‌ അനുകൂലസംഘടനയ്‌ക്ക്‌ ‘പ്രിയ’മാക്കുന്നത്‌.


​‘ഭ്രമിപ്പിക്കുന്നത്‌ ’
റാങ്ക്‌ പട്ടിക


​എൽഡിസി, കഴകം, തള്ളി, വാച്ചർ തുടങ്ങിയ ദേവസ്വം തസ്‌തികകളിലേക്കുള്ള റാങ്ക്‌ പട്ടികയെ കണ്ണുവച്ചുള്ള നീക്കങ്ങളാണ്‌ എംപ്ലോയീസ്‌ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കൊടുന്പിരികൊള്ളുന്നത്‌. എൽഡിസി നിയമനപട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന ഉദ്യോഗാർഥികളുടെ പരാതിയെ തുടർന്ന്‌ പട്ടിക ഹൈക്കോടതി റദ്ദാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home