print edition ആന്റോ അഗസ്റ്റിന്റെ ജാമ്യഹർജി; സർക്കാരിന്റെ വിശദീകരണം തേടി

സ്വന്തം ലേഖിക
Published on Sep 19, 2026, 01:01 AM | 1 min read
കൊച്ചി : വീട്ടിൽനിന്ന് മദ്യംപിടിച്ച കേസിൽ റിമാൻഡിലുള്ള റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഹെെക്കോടതിയിൽ ജാമ്യഹർജി നൽകി. സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ഹർജി വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. മദ്യക്കുപ്പികൾ പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ കോടതി സർക്കാരിനോടും ഹർജിക്കാരനോടും നിർദേശിച്ചു.
ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി മജിസ്‌ട്രേട്ട് കോടതി വെള്ളിയാഴ്ച തള്ളിയതോടെയാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. വിദേശമദ്യവും വൈനും കണ്ടെത്തിയ മുട്ടിൽ സൗത്ത് വില്ലേജിലെ കെട്ടിടം തന്റേതല്ലെന്ന് ആന്റോ വാദിച്ചു. ബാങ്കുവായ്പ തിരിച്ചടയ്ക്കാത്തതിനാൽ ഈ വസ്തു ലേലംചെയ്തിരുന്നു. ലില്ലി ജോസ് എന്ന വ്യക്തിയാണ് ലേലത്തിൽ പിടിച്ചത്. നാലു വർഷംമുമ്പ് കൈമാറിയ കെട്ടിടത്തിൽ നടന്ന കാര്യങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും ആന്റോ ബോധിപ്പിച്ചു.
ഉടമസ്ഥാവകാശം തെളിയിക്കാൻ കെട്ടിടനികുതിയടച്ച രേഖയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. എന്നാൽ, ഇതിനേക്കാൾ നിയമസാധുത ലേല സർട്ടിഫിക്കറ്റിനാണെന്നും ഇതൊന്നും കണക്കിലെടുക്കാതെയാണ് മജിസ്ട്രേട്ട് കോടതി ഹർജി തള്ളിയതെന്നും പ്രതിഭാഗം അറിയിച്ചു. പിടിച്ചെടുത്ത മദ്യം വിൽപ്പനയ്‌ക്ക് സൂക്ഷിച്ചതാണെന്ന് തെളിയിക്കാൻ രേഖകളില്ല. അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശംവയ്ക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്.









0 comments