ad
Deshabhimani

അൻസിബ ഹസനെ അപമാനിച്ചെന്ന പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

ansiba lakshmipriya
വെബ് ഡെസ്ക്

Published on Sep 25, 2026, 06:02 PM | 1 min read

കൊച്ചി: നടി അൻസിബ ഹസനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് പാലാരിവട്ടം പൊലീസിന് കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കോടതി നിർദേശത്തിൽ സന്തോഷമെന്ന് അൻസിബ പ്രതികരിച്ചു.


ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതും ലൈംഗികച്ചുവയുള്ളതും വ്യക്തിഹത്യ നടത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ പരാതി നൽകിയത്. അഭിമുഖത്തിന്റെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ തന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും ഗുരുതരമായ ക്ഷതമുണ്ടായെന്നും അൻസിബ പരാതിയിൽ വ്യക്തമാക്കിയിരുന്നു.


ജൂൺ 26നാണ് അൻസിബ ആദ്യം പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പ്രാഥമിക പരിശോധനയിൽ ക്രിമിനൽ കേസെടുക്കാവുന്ന കുറ്റം കണ്ടെത്താനായില്ലെന്നും മാനനഷ്ടവുമായി ബന്ധപ്പെട്ട സ്വകാര്യ അന്യായമായി കോടതിയെ സമീപിക്കാമെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. തുടർന്ന് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.


ആദ്യഘട്ടത്തിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യം നിരസിച്ചിരുന്നു. പരാതി സ്വകാര്യ അന്യായമായി തുടരാനും അൻസിബയുടെ മൊഴി രേഖപ്പെടുത്താനുമായിരുന്നു തീരുമാനം. ഇതിനെതിരെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.


സെപ്തംബർ ഏഴിന് ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയുടെ ആ ഉത്തരവ് റദ്ദാക്കി. പൊലീസിന്റെ റിപ്പോർട്ടിനെ മാത്രം ആശ്രയിക്കാതെ പരാതിയും തെളിവുകളും സ്വതന്ത്രമായി പരിശോധിക്കണമെന്നും, കേസെടുക്കാവുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുണ്ടെങ്കിൽ പൊലീസ് അന്വേഷണം ആവശ്യമാണോ എന്ന് തീരുമാനിക്കണമെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിർദേശിച്ചു.


പുനഃപരിശോധനയ്ക്കു പിന്നാലെയാണ് ഇപ്പോൾ ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ പാലാരിവട്ടം പൊലീസിന് മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home