print edition അക്ഷരവനികയിൽ ശിശുക്ഷേമസമിതിയിലെ 13 പൂമ്പാറ്റകളും

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി, ട്രഷറർ കെ ജയപാൽ എന്നിവർക്കൊപ്പം തൈക്കാട് ഗവ.മോഡൽ എൽപിഎസിലെത്തിയ കുട്ടികളെ പ്രഥമാധ്യാപിക ബിന്ദുവും മറ്റ് അധ്യാപകരും ചേർന്ന് സ്വീകരിക്കുന്നു
തിരുവനന്തപുരം: അമ്മത്തൊട്ടിലുകളിലൂടെ ശിശുക്ഷേമ സമിതിയുടെ തണലിലെത്തിയ 13 കുരുന്നുകൾ അറിവിന്റെ ചക്രവാളം തേടി അക്ഷരവനികയിലെത്തി. കരുതലിന്റെ കൈപിടിച്ച് ശിശുക്ഷേമസമിതിയിലെ പോറ്റമ്മമാർ ഒപ്പംനടന്നു.
നെഞ്ചോട് ചേർക്കുന്ന വലിയൊരു നാടിന്റെ ആശീർവാദത്തോടെ ഒന്നാം ക്ലാസിലേക്ക് ദേവിക, അനന്തു, വിശ്വ, അതുൽ കൃഷ്‌ണ, ശിവകുമാർ, പാർവതി, അശ്വിൻ, വിഷ്ണു, ഗ്ലോറി സൂരജ്, ദർശിക, അവനിക, അദൃശ്യ, ഹിത ഫാത്തിമ എന്നിവരാണ് അക്ഷരമുറ്റത്തേക്ക് ആദ്യ ചുവടുവച്ചത്.
സംസ്ഥന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപിയും ട്രഷറർ കെ ജയപാലും മറ്റ് ഭാരവാഹികളും കുട്ടികളുടെ രക്ഷിതാക്കളായി.
കലപില ശബ്‌ദങ്ങളുമായി തൈക്കാട് മോഡൽ സ്‌കൂളിലേക്ക് നീങ്ങിയ കുരുന്നുകളെ പാതവക്കത്ത് കാത്തുനിന്നവർ ആശംസകളോടെ യാത്രയാക്കി. ഹെഡ്മാസ്റ്റർ ബിന്ദുവും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് സ്‌കൂൾ കവാടത്തിൽ സ്വീകരിച്ചു. നാടിന്റെ നാനാഭാഗത്തുള്ള നല്ല മനസ്സുകൾ സമ്മാനിച്ച പുത്തൻ ബാഗും വസ്ത്രങ്ങളുമണിഞ്ഞാണ് കുട്ടികളെത്തിയത്.
സമിതിയിൽനിന്ന് എൽപി വിഭാഗത്തിൽ 31 കുട്ടികളാണ് തൈക്കാട് മോഡൽ സ്‌കൂളിൽ പഠിക്കുന്നത്. യുപി വിഭാഗത്തിൽ അഞ്ചും ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്പതും കുട്ടികൾ പട്ടം മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനംനേടി.











0 comments