print edition ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും


സ്വന്തം ലേഖകൻ
Published on Oct 10, 2026, 12:00 AM | 1 min read
തലശേരി : ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ 15ാം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച തലശേരിയിൽ തുടക്കമാകും. കോ–ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നഗറിൽ രാവിലെ 10ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനാകും. കാരായി രാജൻ എംഎൽഎ, മുൻ സ്പീക്കർ എ എൻ ഷംസീർ, നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, യൂണിയൻ അഖിലേന്ത്യ സെക്രട്ടറി പി വി സുരേന്ദ്രനാഥ് എന്നിവർ സംസാരിക്കും.
സംസ്ഥാന സെക്രട്ടറി എം സി മോഹനൻ റിപ്പോർട്ട് അവതരിപ്പിക്കും. 425 പ്രതിനിധികൾ പങ്കെടുക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാത്രി 7.30ന് സെന്റിനറി പാർക്ക് മുതൽ പഴയ ബസ്സ്റ്റാൻഡ് വരെ അഭിഭാഷകരുടെ മെഴുകുതിരി പ്രതിഷേധമുണ്ടാകും.
ഞായർ രാവിലെ 9.30ന് ഭരണഘടനാ പ്രതിജ്ഞയോടെയാണ് സമ്മേളനം പുനരാരംഭിക്കുക. 50 വർഷം പ്രാക്ടീസ് പൂർത്തീകരിച്ച അഭിഭാഷകരെ ആദരിക്കും. അഖിലേന്ത്യ വൈസ്പ്രസിഡന്റുമാരായ ആർ ചമ്കിരാജ്, എൻ ആർ ഇളങ്കോ, ഇ കെ നാരായണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പോടെ വൈകിട്ട് സമാപിക്കും. സമ്മേളനത്തോടനുബന്ധിച്ച് സെന്റിനറി പാർക്കിൽ നടക്കുന്ന ഭരണഘടനാ പ്രദർശനം ഞായറാഴ്ചയും തുടരും.









0 comments