print edition എംജി സർവകലാശാല; അക്കാദമിക, ഭരണ പ്രതിസന്ധി പരിഹരിക്കണം: എകെപിസിടിഎ

കോട്ടയം: എംജി സർവകലാശാലയിലെ അക്കാദമിക–ഭരണ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എ നിശാന്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർവകലാശാലയിലെ ഗൗരവമായ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ വിസിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചില്ല. അക്കാദമിക് കൗൺസിലും സെനറ്റും യോഗം ചേർന്നിട്ട് നാല് മാസമായി. നാല് വർഷ ബിരുദ പ്രോഗ്രാം നടത്തിപ്പിൽ പ്രശ്‌നങ്ങൾ തുടരുകയാണ്.
സമയബന്ധിതമായി നടത്താൻ ക്രമീകരണങ്ങൾ പൂർത്തിയായിട്ടില്ല. നാല് വർഷബരുദം അഞ്ചാം സെമസ്‌റ്റർ ചോദ്യബാങ്കിന്റെ ഒരുക്കങ്ങൾ വൈകിയാണ് തുടങ്ങിയത്. ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കാതെ അധ്യാപകരെ ഭീഷിണപ്പെടുത്തുകയാണ് ചില സിൻഡിക്കറ്റ് അംഗങ്ങൾ. പരീക്ഷ പടിവാതിൽക്കൽ നിൽക്കുന്പോൾ പരീക്ഷാ കൺട്രോളറെ മാറ്റി. സിൻഡിക്കറ്റ് യോഗങ്ങളിൽ അജൻഡയ്‌ക്ക് പുറത്തുള്ള കാര്യങ്ങളാണ് ഏറെയും പരിഗണിക്കുന്നത്. സിൻഡിക്കറ്റ് അംഗങ്ങളുടെ സിറ്റിങ് ഫീസ് മൂന്നിരട്ടിയായാണ് കൂട്ടിയത്.
നാല് വർഷ ബിരുദ മേൽനോട്ട സമിതികൾ ചേരുന്നില്ല. മുൻ സിൻഡിക്കറ്റ് തീരുമാനപ്രകാരം ഗ്രേസ് മാർക്ക് പോർട്ടൽ സജ്ജമാണെങ്കിലും വിദ്യാർഥികൾക്കായി ലഭ്യമാക്കിയിട്ടില്ല. ഗവേഷണ പോർട്ടലിലെ പ്രശ്‌നങ്ങളും പരിഹരിക്കണം. അക്കാദമിക വിഷയങ്ങളിൽ ശ്രദ്ധിക്കുന്നതിന് പകരം മുൻസിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് നിലവിലെ സിൻഡിക്കറ്റ് അംഗങ്ങൾ. സർവകലാശാലയെ ബാധിക്കുന്ന അടിയന്തര വിഷയങ്ങളിൽ നടപടിയെടുക്കാൻ വൈസ് ചാൻസിലർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി പ്രൊഫ. ജേക്കബ് എബ്രഹാം, മുൻ സിൻഡിക്കറ്റംഗം പി ഹരികൃഷ്‌ണൻ, പ്രവർത്തക സമിതി അംഗം ഡോ. എ എസ് സുമേഷ്, ജില്ലാ സെക്രട്ടറി ഡോ. വിൽസൺ സി തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments