print edition എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപക നിയമനം മന്ത്രി ഓഫീസുകൾ തീരുമാനിക്കും

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Aug 02, 2026, 12:01 AM | 1 min read
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ നിയമനത്തിൽ ഇടപെട്ട് അഴിമതിക്കുള്ള നീക്കവുമായി മന്ത്രി ഓഫീസുകൾ. എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സെലക്‌ഷൻ കമ്മിറ്റിയിലേക്ക് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ അടക്കം നിയമിച്ച് ഉത്തരവ്. മൂന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും അഞ്ച് മന്ത്രിമാരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരുമാണ് ഇത്തരത്തിൽ ഇടംപിടിച്ചത്. മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെ എ തുളസി, പി സി വിഷ്‌ണുനാഥ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിമാരും പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, എക്‌സൈസ്, വനം, ഫിഷറീസ് മന്ത്രിമാരുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരെയുമാണ് ഉദ്യോഗാർഥികളെ അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്നതിനുള്ള പാനലിലെ സർക്കാർ പ്രതിനിധികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത്.
ആദ്യത്തെ ഉത്തരവ് പരിഷ്‌കരിച്ചാണ് മന്ത്രിമാരുടെ സ്റ്റാഫുകളെകൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവ് ഇറക്കിയത്. അതേസമയം നിയമനം വിവാദമായതോടെ എൻ ഷംസുദ്ദീന്റെ സ്റ്റാഫായ രണ്ടുപേർ പാനലിൽനിന്ന് ഒഴിവാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരള വിദ്യാഭ്യാസ ചട്ടംപ്രകാരം എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ തസ്‌തികകളിലെ നിയമനാധികാരി മാനേജരാണ്. സ്‌കൂൾ മാനേജർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി, പ്രിൻസിപ്പൽ, സർക്കാർ പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥ പാനലിൽനിന്ന് മാനേജർ തെരഞ്ഞെടുക്കുന്ന ആൾ എന്നിവരാണ് അഭിമുഖം നടത്തുക. ഡെപ്യൂട്ടി സെക്രട്ടറി, ഡെപ്യൂട്ടി കലക്‌ടർ റാങ്കിൽ കുറയാത്തവരാണ് സർക്കാർ പ്രതിനിധികളുടെ പാനലിൽ ഉണ്ടാകുക. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരും ഇതിനു തുല്യമായ റാങ്കിലുള്ളവരാണെന്ന് കാണിച്ചാണ് പാനലിൽ ഉൾപ്പെടുത്തിയത്.
എയ്‌ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ സുതാര്യമാക്കുന്നതിനാണ് അഭിമുഖത്തിന് സർക്കാർ പ്രതിനിധികളെകൂടി നിർബന്ധമാക്കിയത്. ഇതിൽ കയറിപ്പറ്റി അഴിമതിക്ക് വഴിയൊരുക്കാനാണ് നിലവിലെ നീക്കമെന്ന് ആക്ഷേപമുണ്ട്. മന്ത്രി ഓഫീസിലെ ജീവനക്കാർ ഇന്റർവ്യൂ ബോർഡിൽ വരുന്നതോടെ നിയമനങ്ങളിൽ വഴിവിട്ട നീക്കത്തിന് കളമൊരുങ്ങുമെന്ന് ആശങ്കയുണ്ട്. ഹയർ സെക്കൻഡറിയിൽ 120 അധികബാച്ചുകൾ അനുവദിച്ചതിൽ 90ഉം എയ്‌ഡഡ് മേഖലയ്ക്കായിരുന്നു. കച്ചവടമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം നിലനിൽക്കേയാണ് പുതിയ വിവാദം.









0 comments