വാദം ലഹരിമുക്ത കേരളം, മന്ത്രിമാരുടെ ഉറ്റവര്‍ മയക്കുമരുന്ന് കേസ് പ്രതികള്‍

തിരുവനന്തപുരം : ഓപ്പറേഷൻ തൂഫാനിലൂടെ കേരളത്തെ ലഹരിമുക്തമാക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ സന്തതസഹചാരികൾ ലഹരിക്കേസിലെ പ്രതികൾ. ജനങ്ങൾക്കിടയിൽ ലഹരിവിരുദ്ധ ക്യാമ്പെയിൻ നടത്തുമ്പോഴും ഉറ്റ സുഹൃത്തുക്കളായ ലഹരിക്കേസ് പ്രതികളെ കൂടെ കൊണ്ട് നടക്കുകയാണ് മന്ത്രിമാരടക്കമുള്ള യുഡിഎഫ് ജനപ്രതിനിധികൾ. ഒടുവില്‍ കായികമന്ത്രി ഒ ജെ ജനീഷിനൊപ്പമാണ് മയക്കുമരുന്ന് കേസിലെ പ്രതിയുടെ സാന്നിധ്യമുണ്ടായത്.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓഡിനേറ്ററുടെ മയക്കുമരുന്ന് കച്ചവടം വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും തന്ത്രപരമായി ഒതുക്കിത്തീർത്തു. ഒന്നാം ഘട്ടത്തിൽ ആഞ്ഞടിച്ചുവന്ന തൂഫാൻ അതോടെ നിശ്ചലമായി. ഒടുവിൽ വി ഡി സതീശന്റെ വിശ്വസ്തനെ കേസിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷം രണ്ടാം ഘട്ടമെന്ന പ്രഹസനവുമായി വീണ്ടും വരികയായിരുന്നു. എംഡിഎംഎ കേസിലെ പ്രതിക്കൊപ്പമുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടും തുടക്കത്തിൽ മുഖ്യമന്ത്രി അത് നിഷേധിക്കുകയായിരുന്നു.
മയക്കുമരുന്ന് കേസുകളിലെ പ്രതികളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മറ്റ് മന്ത്രിമാരും പിന്നിലല്ല എന്ന് തെളിയിക്കുന്നതാണ് കായികമന്ത്രി ഒ ജെ ജനീഷിന്റെ സൗഹൃദവലയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആറ് വർഷങ്ങൾക്ക് മുൻപ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ കോൺഗ്രസ് നേതാവി ബിനോയ് ഷാനൂരാണ് ഇപ്പോൾ മന്ത്രിയുടെ സന്തതസഹചാരി. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലും ബിനോയ് ഷാനൂർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വിദ്യാർഥികൾക്ക് നിരോധിത പുകയില വിൽക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ബിനോയ് പിടിയിലാകുന്നത്. ഇരുപത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് അന്ന് പ്രതിയിൽ നിന്ന് കണ്ടെത്തിയത്. 25 ഓളം ചാക്കുകളിലായി വിവിധയിനത്തിൽപ്പെട്ട പുകയില ഉത്പ്പന്നങ്ങൾ പിക്കപ്പ് വാനിൽ മൂടി വെച്ച നിലയിൽ കണ്ടെത്തിയതാണ് ബിനോയിയുടെയും കൂട്ടാളിയുടെയും പേരിലുള്ള കേസ്. തുടർന്ന് ഇവർ ഒളിവിൽ പോവുകയും തെരച്ചിലിൽ പിടികൂടുകയുമായിരുന്നു.
വിദ്യാർഥികൾക്ക് പുകയില ഉത്പ്പന്നങ്ങൾ വിൽപ്പന ചെയ്ത പ്രതി ഇന്ന് മന്ത്രിയുടെ ഉറ്റ ചങ്ങാതിയാണ്. കൊടും ക്രിമിനലുകളെ കേസുകളിൽ നിന്നും രക്ഷപ്പെടുത്തി സഹായികളാക്കുന്നവരാണ് കേരളത്തിലെ ജനങ്ങളെ ലഹരിമുക്ത പദ്ധതികൾ ആവിഷ്കരിച്ച് കബളിപ്പിക്കുന്നത്.








0 comments