print edition ഖാർഗെയ്ക്ക് യുഡിഎഫ് കൺവീനറുടെ പരാതി; സതീശനെ നിയന്ത്രിക്കണം

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് പരാതിനൽകി. മുന്നണിയിൽ ചർച്ച ചെയ്യാതെ തീരുമാനങ്ങളെടുക്കരുതെന്ന് സതീശനെ താക്കീത് ചെയ്യണമെന്ന് കൺവീനർ ഡൽഹിയിലെത്തി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
നാലുമാസം സർക്കാർ എടുത്ത പ്രധാന തീരുമാനങ്ങളൊന്നും മുന്നണി ചർച്ച ചെയ്‌തില്ല. മാധ്യമങ്ങളിലൂടെയാണ് എല്ലാമറിഞ്ഞത്. പാർടിയും സർക്കാരും മുന്നണിയുമായി ഏകോപനവുമില്ല. ഇതു ആശയക്കുഴപ്പങ്ങൾക്കും ഗുരുതര വീഴ്‌ചകൾക്കും കാരണമാകുന്നു. എം കെ മുനീറിനെ ഭരണപരിഷ്‌ക്കാര കമീഷൻ ചെയർമാനായും ജി ദേവരാജനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതും കൂടിയാലോചനയില്ലാതെയാണ്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി സാമാന്യ മര്യാദ പോലും കാണിച്ചില്ല –പരാതിയിൽ പറഞ്ഞു. പരാതിയുടെ പകർപ്പ് രാഹുൽ ഗാന്ധിക്ക് കൈമാറും. അതേസമയം, ഖാർഗെയുമായി കൂടിക്കാഴ്‌ച നടത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടൂർപ്രകാശിനെ തള്ളാനോ കൊള്ളാനോ തയ്യാറായില്ല. പരാതിയെക്കുറിച്ച് അടൂർ പ്രകാശുമായി ചർച്ച ചെയ്‌തില്ലെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് അഭിപ്രായമില്ല.
ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ നിലപാട് വ്യക്തമാക്കും. അടൂർ പ്രകാശിനെ പിന്തുണച്ച ജെബി മേത്തർ എംപിക്ക് എതിരായ സൈബർ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ആർക്കെതിരെയായാലും സൈബർ ആക്രമണം ശരിയല്ലെന്നായിരുന്നു പ്രതികരണം. അതിനിടെ, ജിഎസ്‌ടി യോഗത്തിനായി മുഖ്യമന്ത്രിയും ഡൽഹിയിലെത്തി.









0 comments