Deshabhimani

print edition സംസ്കൃത സർവകലാശാല അധ്യാപകർക്ക് പ്രമോഷനില്ല, ഗവേഷകരുടെ
പിഎച്ച്ഡിയും വൈകി

Kalady Sree Sankaracharya University of Sanskrit
വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 1 min read

കൊച്ചി: ഭരണപരമായ അനാസ്ഥമൂലം കാലടി സംസ്കൃത സർവകലാശാലയുടെ പ്രവർത്തനം താളംതെറ്റുന്നു. അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെ വൈകുകയാണ്‌. 2026 ജനുവരി–ഫെബ്രുവരിയിൽ നടന്ന സ്ഥാനക്കയറ്റങ്ങൾ സിൻഡിക്കറ്റ് അംഗീകരിച്ചിട്ടും തുടർ ഉത്തരവുകൾ പുറപ്പെടുവിക്കാത്തതാണ്‌ തടസ്സം.


സിൻഡിക്കറ്റ് അംഗീകരിച്ച പട്ടിക ആറുമാസമായി വിസിയുടെ മുന്നിലുണ്ട്. വിസി ഒപ്പിട്ടാൽമാത്രം മതിയെങ്കിലും താൽക്കാലിക വൈസ് ചാൻസലർ സിസ തോമസ് അതിന്‌ തയ്യാറായിട്ടില്ല. അക്കാദമിക് കൗൺസിൽ കൃത്യമായ ഇടവേളകളിൽ യോഗം ചേരാത്തതും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു. ആറുമാസത്തിലൊരിക്കലാണ്‌ ചേരേണ്ടത്‌. എന്നാൽ, മാസങ്ങളായി യോഗം ചേർന്നിട്ടില്ല. അതിനാൽ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണമടക്കം വൈകുന്നു.


​സ്ഥലംമാറ്റങ്ങൾ അന്യായം


വിവിധ പഠനവകുപ്പുകളിലും പ്രാദേശികകേന്ദ്രങ്ങളിലും ആവശ്യത്തിന്‌ അധ്യാപകരില്ല. അതിനിടെയാണ് പ്രാദേശിക കേന്ദ്രങ്ങളിലെ അധ്യാപകരെ, അക്കാദമികവർഷം തുടങ്ങി സെമസ്റ്റർ അവസാനിക്കാനിരിക്കെ ചട്ടവിരുദ്ധമായി സ്ഥലം മാറ്റിയത്. പൊതുസ്ഥലംമാറ്റത്തിന് നേരത്തേ പുറത്തിറക്കിയ കരടിൽ, പന്മന ക്യാമ്പസിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നിർദേശിച്ചിരുന്ന ഡോ. എ എസ് പ്രതീഷിനെ ഇപ്പോൾ പയ്യന്നൂർ കേന്ദ്രത്തിലേക്ക് മാറ്റി. പയ്യന്നൂർ കേന്ദ്രത്തിലെ അതിഥി അധ്യാപിക മാറിയ ഒഴിവിലാണ് സ്ഥിരം അധ്യാപകനെ മാറ്റിനിയമിച്ചത്. തിരുവനന്തപുരം ക്യാമ്പസിലെ ഡോ. നിനിതയോട് ആഴ്ചയിൽ രണ്ടുദിവസം പന്മന കേന്ദ്രത്തിൽ പോയി പഠിപ്പിക്കാനും ഉത്തരവിട്ടു. സ്ഥലംമാറ്റം ആവശ്യപ്പെട്ട പലരെയും പരിഗണിച്ചുമില്ല.


​ഗവേഷകരും പ്രതിസന്ധിയിൽ


കാലാവധി കഴിഞ്ഞ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചിട്ടില്ല. അക്കാദമികയോഗ്യതയും മികവും പരിഗണിക്കാതെ പുനഃസംഘടനാനീക്കങ്ങൾ നടക്കുന്നതായാണ് സൂചന. ഭരണ അനാസ്ഥമൂലം ഗവേഷണ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്‌. ഗവേഷകരുടെ പ്രബന്ധങ്ങൾ അഡ്ജുഡിക്കേറ്റേഴ്സ് പാനലിന്റെ തീരുമാനത്തിനായി കെട്ടിക്കിടക്കുന്നു.


ഓപ്പൺ ഡിഫൻസ് പൂർത്തിയാക്കിയ ഗവേഷകർക്ക് പിഎച്ച്ഡി അവാർഡ് ചെയ്യുന്നതിൽ ആറുമാസം കാലതാമസമുണ്ടായി. വിദ്യാർഥിസമരത്തിനൊടുവിൽ 31 ഗവേഷകർക്ക് പിഎച്ച്ഡി നൽകാൻ തീരുമാനിച്ചിട്ടുണ്ട്‌. എന്നാൽ, പിഎച്ച്‍ഡി നൽകൽ വൈകിയതിനാൽ ഇവർക്ക്‌ കേന്ദ്രസർവകലാശാല തസ്തികയിലേക്ക് അപേക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home