ഓവർടേക്കിനിടെ അപകടം; അടിമാലിയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം

ജോഷ്ബിൻ ജോയ്
ഇടുക്കി: അടിമാലി ഇരുമ്പുപാലം 12-ാം മൈലിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് 18-കാരൻ മരിച്ചു. മുത്തിക്കാട് പാറേക്കുടിയിൽ ജോഷ്ബിൻ ജോയ് ആണ് അപകടത്തിൽ മരിച്ചത്.
ഇരുമ്പുപാലം-അടിമാലി റൂട്ടിൽ സർവീസ് നടത്തുന്ന 'ഇന്ത്യൻ' എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അടിമാലിയിൽ നിന്ന് ഇരുമ്പുപാലത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ജോഷ്ബിൻ, മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന ബസിന് മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ ബസിന്റെ ചക്രം ജോഷ്ബിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ ജോഷ്ബിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments