ad
Deshabhimani

ആഹാർ 2026: ശ്രദ്ധേയമായി കേരള പവലിയൻ

AAHAR2026

ആഹാർ 2026 മേളയിലെ കേരള പവലിയൻ

വെബ് ഡെസ്ക്

Published on Mar 13, 2026, 07:00 PM | 1 min read

ന്യൂഡൽഹി : ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി മേളയായ 'ആഹാർ 2026'ൽ ഉൽപ്പന്ന വൈവിധ്യം കൊണ്ടും സംഘടനാ മികവ് കൊണ്ടും കേരളം ശ്രദ്ധാകേന്ദ്രമാകുന്നു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം കോംപ്ലക്സിൽ നടക്കുന്ന മേളയുടെ നാൽപ്പതാം പതിപ്പിലാണ് കേരളത്തിൽ നിന്നുള്ള സംരംഭകർ പങ്കെടുക്കുന്നത്.


മാർച്ച് 10 മുതൽ 14 വരെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നിർവഹിച്ചു. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ സംഘടിപ്പിച്ച മേളയിൽ ദേശീയ - അന്തർദേശീയ തലത്തിൽ നിന്ന് 1700ലധികം വ്യാപാരികളാണ് പങ്കെടുക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ബ്രസീൽ, സ്വീഡൻ, സൗത്ത് കൊറിയ, റഷ്യ തുടങ്ങിയ 23 രാജ്യങ്ങളിൽ നിന്നുള്ള 140ലധികം വിദേശ സംരംഭകരും മേളയുടെ ഭാഗമാണ്.


കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനാണ് കേരള പവലിയൻ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്ത് നിന്നുള്ള 18 ഭക്ഷ്യ സംസ്കരണ യൂണിറ്റുകളാണ് പവലിയനിൽ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ദിവസവും ശരാശരി 50,000ത്തിലധികം ബിസിനസ്സ് സന്ദർശകരെത്തുന്ന മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി കേരള പവലിയൻ മാറിക്കഴിഞ്ഞു. ‌‌


കേരളത്തിലെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികച്ച അവസരമാണ് മേളയൊരുക്കുന്നത്. ഇതിലൂടെ ഭക്ഷ്യ സംസ്കരണത്തിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന കേരളത്തിലെ ചെറുകിട സംരംഭങ്ങൾക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കുന്നതിനും ഓർഡറുകൾ ഉറപ്പാക്കുന്നതിനും പുതിയ സൗഹൃ​ദങ്ങൾ സ്ഥാപിക്കുന്നതിനും മേളയിലൂടെ സാധിക്കും. ഒരു ലക്ഷം സ്ക്വയർ മീറ്റർ ചുറ്റളവിൽ വിപുലമായാണ് മേള ഒരുക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home