ad
Deshabhimani

60 സേവനങ്ങൾക്കു കൂടി ആധാർ ഒടിപി വെരിഫിക്കേഷൻ നിർബന്ധം; ഇന്നുമുതൽ പ്രാബല്യത്തിൽ

mvd otp verification

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 21, 2026, 10:36 AM | 1 min read

തിരുവനന്തപുരം : 60 സേവനങ്ങൾക്കു കൂടി ആധാർ അധിഷ്ഠിത ഒടിപി പരിശോധന നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. തിങ്കൾ മുതൽ മാറ്റം പ്രാബല്യത്തിൽ വന്നു. വാഹനം സംബന്ധിച്ച സേവനങ്ങൾ ‘വാഹൻ’ പോർട്ടലിലൂടെയും ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ ‘സാരഥി’ പോർട്ടലിലൂടെയും ലഭ്യമാകും.


ഇടനിലക്കാർ അപേക്ഷകരെ ചൂഷണം ചെയ്യുന്നതും അപേക്ഷകൾ മനപ്പൂർവം വൈകിപ്പിച്ച് പണം ആവശ്യപ്പെടുന്നതും തടയുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് എംവിഡി പറയുന്നു. നിലവിൽ 21 സേവനങ്ങൾക്കാണ് നേരിട്ട് ഓഫീസിലെത്തേണ്ടതില്ലാത്തത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, മിക്ക സേവനങ്ങൾക്കും അപേക്ഷകർക്ക് ഓഫീസുകൾ സന്ദർശിക്കേണ്ടിവരില്ലെന്നും എംവിഡി പ്രസ്താവനയിൽ പറഞ്ഞു.


പുതിയ സേവനം നിലവിൽ വരുന്നതോടെ വാഹന പരിശോധന, തിരിച്ചറിയൽ, വ്യക്തിപരമായ ഹിയറിങ് എന്നിങ്ങനെ ചില ആവശ്യങ്ങൾക്കുമാത്രം ഓഫീസിൽ നേരിട്ടെത്തിയാൽ മതിയാകും. ഇത്തരം ആവശ്യങ്ങൾക്ക് ‘നമ്മുടെ കേരളം’ പോർട്ടൽ വഴി സ്ലോട്ട് ബുക്ക് ചെയ്യാം. വ്യക്തിപരമായ ഹിയറിങ്ങിൽ ‘വീ മീറ്റ്’ സൗകര്യം ഉപയോഗിച്ച് വീഡിയോ കോളിലൂടെയും പങ്കെടുക്കാം.


അപേക്ഷകൾ ആദ്യം ലഭിക്കുന്ന ക്രമത്തിൽ പരിഗണിക്കും. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് ഇനി ഓഫീസുകളിൽ നൽകേണ്ട. സാങ്കേതിക സഹായം ആവശ്യമുള്ളവർക്ക് അക്ഷയ, കോമൺ സർവീസ് സെന്റർ, ആർടി ഓഫീസുകൾ എന്നിവയെ സമീപിക്കാം. ആധാർ ഒടിപി പരിശോധന പരാജയപ്പെടുന്നവർക്ക് നേരിട്ട് ഓഫീസിൽ ഹാജരാകേണ്ടിവരും. ഡ്രൈവിങ്, കണ്ടക്ടർ ലൈസൻസ് പരീക്ഷാ സ്ലോട്ടുകൾ സാരഥി പോർട്ടലിലും ഫിറ്റ്നസ് പരിശോധനാ സ്ലോട്ടുകൾ വാഹൻ പോർട്ടലിലും ബുക്ക് ചെയ്യാം.


എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ വിവിധ സേവനങ്ങൾ നൽകുന്ന പരിവഹൻ സൈറ്റ് തകരാറിലായിട്ട് ഇതുവരെ പരിഹരിച്ചിട്ടില്ല. സൈറ്റിൽ നിന്ന് പെർമിഷൻ ലഭിക്കാത്തതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് അതിർത്തികളിൽ കുടുങ്ങിയത്. ഇതിനു പിന്നാലെ 60 സേവനങ്ങൾ കൂടി ഓൺലൈനിലാക്കിയതോടെ യാത്രക്കാർ ആശങ്കയിലാണ്. സൈറ്റിലെ പ്രശ്നങ്ങൾ കാരണം നിലവിലുള്ള സേവനങ്ങൾ പോലും കൃത്യമായി ലഭ്യമാകാത്ത അവസരത്തിലാണ് വീണ്ടും സേവനങ്ങൾ ഓൺലൈനാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home