എൽഡിഎഫിനെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവർക്കുള്ള മറുപടി: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ എൽഡിഎഫിനെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവർക്കുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ മുന്നേറ്റമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നല്ല രീതിയിലുള്ള തിരിച്ചുവരാണ് എൽഡിഎഫ് നടത്തിയത്. തിരുത്തി തിരിച്ചുവരുമെന്ന സിപിഐ എമ്മിന്റെ നിലപാട് ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവുകൂടിയാണ് ഈ വിജയം. സ്പോൺസേർഡ് സർക്കാരും സ്പോൺസേർഡ് മുഖ്യമന്ത്രിയും മന്ത്രിമാരുടെ സ്പോൺസേർഡ് യാത്രകളും പവർകട്ടും എല്ലാം ജനങ്ങളിൽ മടുപ്പുണ്ടാക്കിയെന്ന് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നുവെന്ന് എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ 12 ജില്ലകളിലായി 38 തദ്ദേശ സ്വയംഭരണ സീറ്റിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതിൽ 18 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. 2025 ലെ തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. ഇത്തവണ അത് 18 ആയി വർധിച്ചു. 22 സീറ്റുകളിൽ നിന്ന് യുഡിഎഫ് 19 ആയി കുറഞ്ഞു. സീറ്റിനു പുറമെ വോട്ടിന്റെ കണക്കിലും എൽഡിഎഫ് നേട്ടം കൈവരിച്ചു. യുഡിഎഫിന് നിരാശയും. വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയം നേടിയപ്പോൾ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. തോറ്റുപോയ ഇടങ്ങളിലും എൽഎഡിഎഫ് വോട്ട് കുത്തനെ കൂടി.
അതിന് തെളിവാണ് കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ. യുഡിഎഫ് എംഎൽഎ വിനു ജോബിന്റെ സിറ്റിങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. 748 വോട്ടിന് യുഡിഎഫ് ജയിച്ച സ്ഥലത്ത് 2140 ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. പാലക്കാട് പല്ലശന ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞ തവണ 7085 വോട്ടിന് എൽഡിഎഫ് ജയിച്ചു. ഇത്തവണ ജയിച്ചത് ആകട്ടെ 10658 വോട്ടിനും. തെരഞ്ഞെടുപ്പ് നടന്ന എല്ലായിടങ്ങളിലും വലിയ ഭൂരിപക്ഷമാണ് എൽഡിഎഫ് നേടിയത്.
കല്ലറ ജില്ലാ പഞ്ചായത്ത് എടുത്താൽ, കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത് 5683 വോട്ടിനാണ്. ഇത്തവണ അത് 3019 വോട്ടായി ചരുങ്ങി. യുഡിഎഫിന്റെ ഈ വിജയത്തിനു പിന്നിൽ ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണെന്ന് വ്യക്തമാണ്. 2025 ൽ ബിജെപിക്ക് 10081 വോട്ട് കിട്ടിയത്. ഇത്തവണ 5828 വോട്ടാണ് ബിജെപിക്ക് കിട്ടിയത്. 4155 വോട്ടുകൾ കുറഞ്ഞു. ഇവിടെയാണ് 3019 വോട്ടുകൾക്ക് യുഡിഎഫ് ജയിച്ചത്. ഇതിനു പിന്നിൽ ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണെന്ന് വ്യക്തമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.









0 comments