തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥി; പേര് 'റിഥം'

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ് എത്തി. ചൊവ്വാഴ്ച പുലർച്ചെ 3.10-നാണ് പുതുവർഷത്തിലെ അഞ്ചാമത്തെ അതിഥിയായി പത്തുദിവസം പ്രായമുള്ള കുരുന്ന് എത്തിയത്. കുഞ്ഞിന് 'റിഥം' എന്നാണ് സമിതി പേരിട്ടിരിക്കുന്നത്.
പുലർച്ചെ സമിതിയിലെ സുരക്ഷാ ക്യാബിനിലും നഴ്‌സിംഗ് സ്റ്റേഷനിലും അലാറം മുഴങ്ങിയതോടെയാണ് കുഞ്ഞ് എത്തിയ വിവരം ജീവനക്കാർ അറിഞ്ഞത്. മോണിറ്ററിൽ തെളിഞ്ഞ ദൃശ്യത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് അശ്വതിയും സുരക്ഷാ ജീവനക്കാരായ പ്രസാദും വിനോദും ചേർന്ന് കുഞ്ഞിനെ ഏറ്റെടുത്തു.
പ്രാഥമിക പരിശോധനകൾക്ക് ശേഷം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2.4 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. 2025-ൽ സംസ്ഥാനത്തെ അമ്മത്തൊട്ടിൽ വഴി 45 കുട്ടികളും
ഈ വർഷം അഞ്ചു കുട്ടികളുമാണ് തിരുവനന്തപുരം അമ്മ കരുതലിൽ ലഭിച്ചത്. പുതുവർഷത്തിൽ കോഴിക്കോട് 4 ആലപ്പുഴ 2, കൊല്ലം 1, എന്നിങ്ങനെയാണ് കുട്ടികളുടെ വരവ്.
ഈ വർഷം മാത്രം സ്വദേശത്തും വിദേശത്തുമായി 33 കുട്ടികളുടെ ദത്തെടുക്കൽ നടപടികൾ സമിതി പൂർത്തിയാക്കിയിട്ടുണ്ട്. റിഥത്തിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കുഞ്ഞിന്മേൽ ആർക്കെങ്കിലും അവകാശവാദമുണ്ടെങ്കിൽ സമിതി അധികൃതരുമായി ഉടൻ ബന്ധപ്പെടണം.










0 comments