കൈനകരി വട്ടക്കായലിൽ സാഹസിക വിനോദങ്ങളുടെ പുതുയുഗം

ആലപ്പുഴ : കുട്ടനാടിന്റെ ഹൃദയത്തുടിപ്പായ കൈനകരി വട്ടക്കായലിൽ സാഹസിക വിനോദങ്ങളുടെ പുതുയുഗത്തിന് തുടക്കമായി. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ വട്ടക്കായൽ സാഹസിക ടൂറിസം പദ്ധതിയുടെ ഉദ്ഘാടനദിവസം നടന്ന പ്രദർശന പറക്കൽ കാണികളിൽ കൗതുകവും ആവേശവും നിറച്ചു. ജലാശയത്തിന് മുകളിലൂടെ ആകാശത്തേക്ക് ഉയർന്നുപൊങ്ങിയ പാരാസെയിൽ വട്ടക്കായലിന് പുത്തൻ ദൃശ്യഭംഗിയായി. അതിവേഗത്തിൽ പായുന്ന ജെറ്റ് സ്കീയും സ്പീഡ് ബോട്ടുകളും ഗ്രാമവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന കാഴ്ചയായിരുന്നു.
അന്താരാഷ്ട്ര നിലവാരത്തിലാണ് ഇവിടെ ജലസാഹസിക വിനോദങ്ങൾ ഒരുക്കുന്നത്. അതിവേഗ യാത്രകൾക്കായി ജെറ്റ് സ്കി, സ്പീഡ് ബോട്ട്, വാട്ടർ സ്കൂട്ടർ എന്നിവയും സാഹസികത ഇഷ്ടപ്പെടുന്നവർക്കായി പാരാസെയിലിങ്, ബനാന ബോട്ട് എന്നിവയും ലഭ്യമാണ്. ഇതിനുപുറമെ കനോയിങ്, കയാക്കിങ്, പെഡൽ ബോട്ട് തുടങ്ങിയ പരമ്പരാഗത വിനോദങ്ങളും കാത്തിരിക്കുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി ടി പി സി ) ചേർന്ന് സ്വകാര്യ സംരംഭകരായ ആംഫിട്രൈറ്റ് സബ്‌സീ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് വട്ടക്കായൽ ടെർമിനലിൽ സാഹസിക ടൂറിസം പദ്ധതി യാഥാർഥ്യമാക്കിയത്.
ആലപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്ക് ജലസാഹസിക വിനോദങ്ങൾ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജെറ്റ് സ്കീ, കനോയിങ്, കയാക്കിങ്, സ്പീഡ് ബോട്ട്, ബനാന ബോട്ട്, പാരാസെയിലിംഗ്, വാട്ടർ സ്കൂട്ടർ, പെഡൽ ബോട്ട് തുടങ്ങിയ ആധുനിക ജലസാഹസിക വിനോദോപാധികളും വിനോദസഞ്ചാരികൾക്കായി ലഘുഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കുട്ടനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനും പദ്ധതി വലിയ പങ്കുവഹിക്കുമെന്നാണ് കരുതുന്നത്.









0 comments