Deshabhimani

print edition മരുന്നുക്ഷാമത്തിൽ ‘വില കുറഞ്ഞ’ നാടകം

health department
വെബ് ഡെസ്ക്

Published on Oct 13, 2026, 01:31 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മരുന്നുക്ഷാമത്തിൽ സർക്കാരിനെ വെളുപ്പിക്കാൻ വ്യാജപ്രചാരണം. ഇടനിലക്കാരെ ഒഴിവാക്കിയതിനാൽ മരുന്നുവില കുത്തനെ കുറഞ്ഞെന്നാണ്‌ ചില മാധ്യമങ്ങളുടെ ‘കണ്ടുപിടിത്തം’. ഇടനിലക്കാരില്ലാതെ ദേശീയതലത്തിൽ ടെൻഡർ വിളിച്ച്‌ കമ്പനികളിൽനിന്ന്‌ നേരിട്ടാണ്‌ കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ ലിമിറ്റഡ്‌ (കെഎംഎസ്‌സിഎൽ) മരുന്നുവാങ്ങിയിരുന്നതെന്ന്‌ മറച്ചാണിത്‌.


ഇനിമുതൽ ഇൻസുലിൻ 73 രൂപയ്ക്ക്‌ വാങ്ങുമെന്നും 18.50 കോടിരൂപ ലാഭമുണ്ടാകുമെന്നുമാണ്‌ വാദം. കാരുണ്യ ഫാർമസികളിൽ കഴിഞ്ഞ വർഷങ്ങളിൽ ഇൻസുലിൻ സംഭരിച്ചിരുന്നത് 70രൂപ മുതലാണ്‌. യൂണിറ്റിനും പായ്‌ക്കിനും അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. ഓരോ കാലയളവിലും വില കുറഞ്ഞും കൂടിയുമിരിക്കും. എസൻഷ്യൽ ഡ്രഗ്സ് ഡിവിഷൻ ടെൻഡർ മുഖേന മരുന്ന് 85 രൂപ നിരക്കിലും സംഭരിച്ചിട്ടുണ്ട്‌. ഇതാണ്‌, കാലയളവും ഉൽപ്പന്നത്തിന്റെ കൃത്യമായ വിശദാംശവും പരിശോധിക്കാതെ 99.60 രൂപയ്ക്ക്‌ വാങ്ങിയെന്ന്‌ പ്രചരിപ്പിക്കുന്നത്‌.


വൃക്കരോഗികൾ, കീമോതെറാപ്പിക്ക്‌ വിധേയരാകുന്നവർ, എച്ച്‌ഐവി ബാധിതർ എന്നിവർക്കുള്ള എറിത്രോപോയിറ്റിൻ നേരത്തെതന്നെ 80–85 രൂപ നിരക്കിൽ സംഭരിക്കുന്നുണ്ട്. വിപണിയിൽ വില ഉയർന്നപ്പോൾ മാത്രമാണ്‌ 100 രൂപയ്ക്ക് മുകളിൽ വില നൽകി വാങ്ങിയത്‌. ഇതാണ്‌ വില 80ആയി കുറച്ചുവെന്ന രീതിയിൽ അവതരിപ്പിക്കുന്നത്‌.


കെഎംഎസ്‌സിഎൽ വഴി ദേശീയ ടെൻഡർ വിളിച്ചുള്ള മരുന്നുവിതരണം അട്ടിമറിച്ചാണ്‌ യുഡിഎഫ്‌ സർക്കാർ കമ്പനികളിൽനിന്ന്‌ നേരിട്ട്‌ വിലപേശി മരുന്നുവാങ്ങുന്നത്‌. നേരിട്ടുള്ള മരുന്ന്‌ സംഭരണമാണ്‌ മികച്ചതെന്ന്‌ വരുത്തിതീർത്ത്‌ വൻകിട കമ്പനികളെ സഹായിക്കുകയാണ്‌ ലക്ഷ്യം. നിലവിലുള്ള കരാറുകൾ റദ്ദാകുന്ന മുറയ്ക്ക്‌ ടെൻഡറില്ലാതെ ഇഷ്ടമുള്ള കമ്പനികളിൽ മരുന്നുവാങ്ങാനാണ്‌ തീരുമാനം. കമീഷൻ ലക്ഷ്യമിട്ടുള്ള മരുന്നുകൊള്ളയ്ക്ക്‌ സർക്കാരിന്‌ വഴി തെളിച്ചുകൊടുക്കുകയാണ്‌ മാധ്യമങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home