Deshabhimani

print edition 55 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു ; മെഡിക്കൽ വിദ്യാഭ്യാസവും പ്രതിസന്ധിയിൽ

TVM Medical College
avatar
സ്വന്തം ലേഖിക

Published on Oct 03, 2026, 01:31 AM | 1 min read

തിരുവനന്തപുരം : മരുന്നുക്ഷാമത്തിനും ചികിത്സാപിഴവുകൾക്കും പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാഭ്യാസവും പ്രതിസന്ധിയിൽ. എംബിബിഎസ്‌, പിജി അസിസ്റ്റന്റ്‌ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ 55 ഒഴിവുകളിലാണ്‌ നിയമനം നടത്താത്തത്‌. ഡോക്ടർമാരുടെ ഒഴിവ്‌ മെഡിക്കൽ വിദ്യാഭ്യാസത്തെയും ചികിത്സയെയും ബാധിച്ചിട്ടുണ്ട്‌. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽമാത്രം 41 ഒഴിവുകളാണുള്ളത്‌. ത്വക്ക് രോഗ വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള എട്ട്‌ തസ്തികകളിൽ പകുതിയിലും ആളില്ല.


ഫോറൻസിക് മെഡിസിനിൽ നാല്‌, ഓർത്തോപീഡിക്സ്, ജനറൽ സർജറി, അനാട്ടമി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിൽ മൂന്നു വീതവും എമർജൻസി മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസസ്, മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി, യൂറോളജി, പാത്തോളജി, ഫാർമക്കോളജി, ഫിസിയോളജി എന്നീ വിഭാഗങ്ങളിൽ രണ്ടുവീതവും ഒഴിവുകളുണ്ട്‌. അനസ്ത്യേഷ്യ –രണ്ട്‌, പാത്തോളജി – രണ്ട്‌, ബയോ കെമിസ്ട്രി– ഒന്ന്‌, ഫോറൻസിക് മെഡിസിൻ– ഒന്ന്‌, മെഡിക്കൽ ഓങ്കോളജി– ഒന്ന്‌ തുടങ്ങിയ പ്രധാനവകുപ്പുകളിൽ അസോസിയറ്റ് പ്രൊഫസർമാരില്ല. പ്രൊഫസർ തസ്തികയിൽ എൻഡോക്രൈനോളജി അടക്കമുള്ള വിഭാഗങ്ങളിലായി നാല്‌ ഒഴിവുണ്ട്.


24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ജില്ലാ, ജനറൽ ആശുപത്രികളിൽ നടപ്പാക്കുമെന്ന്‌ സർക്കാർ കൊട്ടിഘോഷിക്കുന്നതിനിടയിലാണ്‌ കൂടുതൽ രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽപോലും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്‌. വിവരാവകാശംവഴി രാജു വാഴക്കാലയ്ക്ക്‌ ലഭിച്ച മറുപടിയിലാണ്‌ ഒഴിവുകളുടെ വിവരം പുറത്തുവന്നത്‌. പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്യുന്നതിന്‌ പകരം ‘നോൺ എവൈലബിലിറ്റി സർട്ടിഫിക്കറ്റ്' ഹാജരാക്കി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയോ അഭിമുഖം നടത്തിയോ കരാർ നിയമനം നടത്തനാണ്‌ അധികൃതരുടെ നീക്കം. എമർജൻസി മെഡിസിൻ, പീഡിയാട്രിക് കാർഡിയോളജി വിഭാഗങ്ങളിലെ മൂന്ന്‌ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലും രണ്ട്‌ സീനിയർ റെസിഡന്റ് തസ്തികകളിലും നടപടികൾ പുരോഗമിക്കുകയാണ്. രോഗികളുടെ എണ്ണത്തിന്‌ അനുസൃതമായി ഡോക്ടർമാരുടെയും അധ്യാപകരുടെയും തസ്തികകൾ അടിയന്തരമായി നികാത്തതിൽ പ്രതിസന്ധി രൂക്ഷമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home