ad
Deshabhimani

നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: അനുഭവങ്ങൾ പങ്കിടാൻ പ്രമുഖരെത്തും

klibf
avatar
കൃഷ്ണപ്രിയ സി വി

Published on Jan 04, 2026, 02:57 PM | 4 min read

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഇനി അക്ഷരങ്ങള്‍ പൂക്കുന്ന കാലം. വിവിധ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖരാണ് ഇത്തവണത്തെ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം സമ്പന്നമാക്കുക. ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, എഴുത്തുകാരായ ടി പത്മനാഭന്‍, എന്‍ എസ് മാധവന്‍, മാധ്യമപ്രവര്‍ത്തകരായ പി സായ്നാഥ്, റാണാ അയൂബ്, സംഗീതജ്ഞന്‍ ഡോ. ടി എം കൃഷ്ണ, എഴുത്തുകാരി തസ്ലീമ നസ്റിൻ, സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. നടന്‍ ശ്രീനിവാസന്‍ സ്മൃതി പരിപാടി 'സന്മനസുള്ള ശ്രീനി' പുസ്തകോത്സവത്തിന്‍റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.


പുസ്തകോത്സവത്തിന്‍റെ (കെഎൽഐബിഎഫ് 2026) നാലാം പതിപ്പ് ജനുവരി 7 മുതൽ 13 വരെയാണ് നടക്കുക. ഏഴിന് രാവിലെ 11ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിർവഹിക്കും. നിയമസഭാ പുരസ്കാരം മുഖ്യമന്ത്രി എൻ എസ് മാധവന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.


ചിന്ത പബ്ലിക്കേഷൻസിന്റെ വിവിധ പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ എ എൻ ഷംസീറിന് നൽകി പ്രകാശനം ചെയ്യും. ‍‍ഡോ. കെ ടി ജലീലിന്റെ 'അമേരിക്ക ടു അമേരിക്ക', വി എസ് രാജേഷിന്റെ ടി പത്മനാഭനെക്കുറിച്ചുള്ള 'പവിത്രം പദ്മനാഭം' എന്നിവയാണ് പുസ്തകങ്ങൾ. ടി പത്മനാഭന്റെ സാന്നിധ്യത്തിലാണ് പ്രകാശനം നടക്കുക.


ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ 12.30ന് കെഎൽഐബിഎഫ് ടോക്കിൽ ഡോ. ടി എം കൃഷ്ണ സംസാരിക്കും. മൂന്നിന് നടക്കുന്ന മീറ്റ് ദി ആതറിൽ കെ ആർ മീര പങ്കെടുക്കും. വേദി രണ്ടിൽ കെഎൽഐബിഎഫ് ഡയലോ​ഗ്സിൽ ദി ഹാർട്ട് ലാമ്പ് – ബുക്കർ ആൻഡ് ബിയോണ്ട് വിഷയത്തിൽ പ്രശസ്ത എഴുത്തുകാരി ബാനു മുഷ്താഖും 3.30ന് അശോകൻ ചരുവിലും തന്റെ എഴുത്ത് അനുഭവങ്ങൾ വായനക്കാരുമായി പങ്കിടും. 4.45 ന് ആരംഭിക്കുന്ന കവിയരങ്ങിൽ ഏഴാച്ചേരി രാമചന്ദ്രൻ, ഒ വി ഉഷ, കുരീപ്പുഴ ശ്രീകുമാർ, വിനോദ് വൈശാഖി എന്നിവർ പങ്കെടുക്കും.


സാംബിയ, കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ എം പി ഡോ. ക്രിസ്റ്റഫർ കെ കലില കെഎൽഐബിഎഫ് ടോക്കിൽ പങ്കെടുക്കും. വേദി രണ്ടിൽ ആറ് മണിക്കാണ് പരിപാടി. സ്റ്റുഡൻസ് കോർണറിൽ മൂന്ന് മണിക്ക് 'സമുദ്രങ്ങൾ താണ്ടിയ പെൺതാരകങ്ങൾ' എന്ന വിഷയത്തിൽ ലെഫ്നന്റ് കമാൻഡർ ദിൽന കെ, ലെഫ്നന്റ് കമാൻഡർ രൂപ എ എന്നിവർ തങ്ങളുടെ സഞ്ചാര അനുഭവങ്ങള്‍ കാഴ്ചക്കാരിലേക്ക് എത്തിക്കും.


ജനുവരി എട്ടിന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ 10.30 ന് കായികരം​ഗത്ത് കേരളത്തിന്റെ സാധ്യതകൾ എന്ന വിഷയത്തിൽ പ്രമുഖ കായിക താരങ്ങൾ സംവദിക്കും. അഞ്ജു ബോബി ജോർജ്, ഐ എം വിജയൻ, ‍ഡോ. കിഷോർ ​ഗോപിനാഥ് എന്നിവർ തങ്ങളുടെ കായിക ജീവിതം പറയുന്നത് കായിക പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കും. 12.15 ന് മീറ്റ് ദി ആതറിൽ 'ഞാൻ കണ്ടതും ഞാൻ പറഞ്ഞതും' വിഷയത്തെ മുൻനിർത്തി എൻ എസ് മാധവൻ സംസാരിക്കും. വേദി രണ്ടിൽ സണ്ണി കപിക്കാട്, ജി ആർ ഇന്ദു​ഗോപൻ, പി വി ഷാജികുമാർ, ലാജോ ജോസ് എന്നിവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനെത്തും.


​ഗവ. സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ വെച്ചു നടക്കുന്ന മാതൃക നിയമസഭ ആരോ​ഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ, നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും. സ്റ്റുഡൻസ് കോർണറിൽ ഉച്ചയ്ക്ക് രണ്ടിന് വല്ലാത്തൊരു കഥ ഫെയിം ബാബു രാമചന്ദ്രൻ കഥ തത്സമയ ചർച്ചയുമായെത്തും."അധികാരം,ഉത്തരവാദിത്തം,കാരുണ്യം:പൊതുജീവിതത്തിലെ ധാർമ്മികത എന്ന വിഷയത്തെ മുൻനിർത്തി അർജുൻ പാണ്ഡ്യൻ സംസാരിക്കും.


ജനുവരി ഒമ്പതിന് 10.30ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ രാഷ്ടീയത്തിലെ ചിരി പറയാൻ മന്ത്രി വി ശിവൻകുട്ടി, എം എൽഎമാരായ പികെ ബഷീർ, കെ മുരളീധരൻ, പന്ന്യൻ രവീന്ദ്രൻ, സി പി ജോൺശ്രീ എന്നിവരെത്തും. തുടർന്ന് 11.30ന് പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്റിൻ വായനക്കാരുമായി സംവദിക്കും. അന്നേ ദിവസം വിവിധ വേദികളിൽ ഡിജിപി റവാഡ ചന്ദ്രശേഖരൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, പി സായ്നാഥ്, എസ് ഹരീഷ്, സംവിധായകൻ ലാൽജോസ്, കെ ശ്രീകുമാർ, ശ്രീജ ശ്യാം, സ്റ്റാൻലി ജോണി, കെ എ ഷാജി, പി വി ചിന്നതമ്പി, ജോഷിൽ എം, സുനിൽ മുതുകാട്, ഡോ. അരുൺ സക്കറിയ, ആർ രാജശ്രീ, ഡോ. എൻ നൗഫൽ, വി ഷിനിലാൽ, സി എസ് ചന്ദ്രിക എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. വൈകിട്ട് നാലിന് പ്രശസ്ത മാധ്യമ പ്രവർത്തക റാണാ അയൂബ് പങ്കെടുക്കും.


ജനുവരി പത്തിന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ 11.30ന് കെ എം മാണിയുടെ ബജറ്റ് പ്രസം​ഗങ്ങൾ പുസ്തക പ്രകാശനം സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി- കഥ, കഥാപാത്രം, കഥാകൃത്ത് എന്ന വിഷയത്തിൽ സംസാരിക്കും. മൂന്ന് മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിത​ഗാഥ പറയാനെത്തും. ചൂളാനന്ദ സമരനായകെ, പുഷ്പകുറുപ്പ്, എം സ്വരാജ്, മുരുകൻ കാട്ടാക്കട, വിനിൽ പോൾ, എസ് എസ് സന്തോഷ്കുമാർ, അംബികാസുതൻ മാങ്ങാട്, കെ വി മോഹൻകുമാർ, ഉല്ലേഖ് എന്‍ പി, എബ്രഹാം മാത്യു, ഷെഫ് സുരേഷ്പിള്ള, പഴയിടം മോഹൻ നമ്പൂതിരി, ലക്ഷ്മി നായർ, സുനില്‍ പ്രഭാകര്‍, അഖില്‍ പി ധര്‍മ്മജന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പി ജിംഷാര്‍, മുഹമ്മദ് അബ്ദുല്‍ നാഫി എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിക്കും.


ജനുവരി പതിനൊന്നിന് ആകര്‍ പട്ടേൽ, സുധീർ ദേവദാസ്, എ എന്‍ ഷംസീര്‍, എന്‍ ഇ സുധീര്‍, സിപിഐ സ‌ംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എസ് ആനന്ദൻ, ഷീല ടോമി, തനൂജ ഭട്ടതിരി, കെ പി രാമനുണ്ണി, സന്ധ്യമേരി, ടി ഡി രാമകൃഷ്ണൻ, ലിപിൻ രാജ്, മധുസൂദനൻ നായർ, മധുപാൽ, വയലാർ ശരത് ചന്ദ്ര വർമ്മ, സുമേഷ് കൃഷ്ണന്‍, ഡോ. സജിത് ഏവൂരേത്ത്, പ്രിയ കെ നായര്‍, നിയാസ് കരീം, രാജീവ് ശിവശങ്കര്‍ എന്നിവരെത്തും.


പന്ത്രണ്ടിന് കെസി വേണു​ഗോപാൽ, സണ്ണിക്കുട്ടി എബ്രഹാം, സുഭാഷ് ചന്ദ്രൻ, അബിൻ ജോസഫ്, ബാബു എബ്രഹാം, എം ജി രാജമാണിക്യം, തിരക്കഥാകൃത്ത് ബാഹുൽ രമേശ്, സന്തോഷ് ഏച്ചിക്കാനം, വയലാർ അവാർഡ് ജേതാവ് ഇ സന്തോഷ്കുമാർ, റിയ ഇഷ, വേണു രാജാമണി, എ എം ഷിനാസ്, മാധ്യമ പ്രവര്‍ത്തക അനുപമ വെങ്കിടേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിക്കും.


പതിമൂന്നിന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ശ്രീനിവാസനെക്കുറിച്ചുള്ള സ്മ‍ൃതി പരിപാടി സന്മനസുള്ള ശ്രീനിയിൽ ചലച്ചിത്ര ലോകത്ത് നിന്ന് എം മുകേഷ് എംഎൽഎ, പ്രിയദർശൻ, കമൽ, മണിയൻപിള്ള രാജു, മോഹനൻ എം, ആനി, മേനക എന്നിവർ തങ്ങളുടെ ഓർമ്മകൾ പങ്കുവെക്കും. സുനില്‍ പി ഇളയിടം, അമീന ഗുരീബ് ഫക്കീം, അബ്ബാസ് പനയ്ക്കല്‍ എന്നിവരും സംവദിക്കാനെത്തും.


250ലധികം സ്റ്റോളുകളിലായി 150ലധികം ദേശീയ അന്തർ-ദേശീയ പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുക. എല്ലാ ദിവസങ്ങളിലും നടക്കുന്ന മലബാറിലെ തെയ്യങ്ങളുടെ അവതരണം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം സമ്മാനിക്കും. സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥ പറയും പാട്ടുകൾ, കഥയരങ്ങ്, ഏകപാത്രനാടകം, ഭാവിയുടെ വാഗ്ദാനം, സിനിമയും ജീവിതവും തുടങ്ങിയ പല സെഗ്മെന്റുകളിലായി എഴുപതിലധികം പരിപാടികൾ സംഘടിപ്പിക്കുന്നു. 350 ഓളം പുസ്തകപ്രകാശനങ്ങളും അറുപതിലധികം പുസ്തകചർച്ചകളും ഉണ്ടായിരിക്കും.


കുട്ടികൾക്കായി ‘സ്റ്റുഡന്റ്സ് കോർണർ’ എന്ന ഒരു പ്രത്യേക വേദി സജ്ജീകരിക്കുന്നുണ്ട് എന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. വിദ്യാർഥികൾക്ക് അവർ രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള ഒരു വേദി കൂടിയാണിത്. മാജിക് ഷോ, പപ്പറ്റ് ഷോ, തത്സമയ ക്വിസ് മത്സരങ്ങൾ, ഗെയിമുകൾ തുടങ്ങിയ പരിപാടികൾ കൂടി കുട്ടികൾക്കായി ഒരുക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home