ad
Deshabhimani

നടുക്കം മാറാതെ കൊമ്പൊടിഞ്ഞാൽ ഗ്രാമം: വീട് കത്തി 4 പേർ മരിച്ചത് ഷോർട്ട് സർക്യൂട്ടിൽ

house fire
വെബ് ഡെസ്ക്

Published on May 12, 2025, 01:07 AM | 1 min read

രാജാക്കാട് : കൊന്നത്തടി നോർത്ത് കൊമ്പൊടിഞ്ഞാൽ കഴിഞ്ഞദിവസം വീട് കത്തി നാലുപേർ മരിച്ച സംഭവം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. ഇലക്ട്രിക് ഇൻസ്പെക്ടർ പരിശോധിച്ചാലേ ശരിയായ വിവരം ലഭിക്കൂ. തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭയുടെയും ഇളയകുട്ടി അഭിനന്ദിന്റെയും പോസ്റ്റ്മോർട്ടം ഞായറാഴ്ച ഇടുക്കി മെഡിക്കൽ കോളേജിൽ നടന്നു.

ശുഭയുടെ അമ്മ പൊന്നമ്മയുടെയും മൂത്തകുട്ടി അഭിനവിന്റെയും പോസ്റ്റ്മോർട്ടം തിങ്കളാഴ്ച നടക്കും. തുടർന്ന്‌ വീട്ടുവളപ്പിൽ നാലുപേരുടെയും മൃതദേഹം സംസ്കരിക്കും.

വെള്ളി രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. 100 മീറ്റർ ചുറ്റളവിൽ ഒറ്റപ്പെട്ടുള്ള വീടായിരുന്നു ശുഭയുടേത്. മഴക്കാലത്ത് വീടിന്‌ ചോർച്ചയുള്ളതുകൊണ്ട് ഓടിനു മുകളിൽ ടാർപ്പ വലിച്ചുകെട്ടിയിരുന്നു. പൊടിശല്യംമൂലം മേൽക്കൂരയുടെ അടിഭാഗത്ത് പച്ച നെറ്റ് വലിച്ചുകെട്ടിയിരുന്നു. കുട്ടികൾക്ക് പൊടി അലർജി ആയതിനാൽ ചാണകം മെഴുകിയ തറയിൽ പ്ലാസ്റ്റിക്ക് വിരിച്ചിരുന്നു. ഇവ തീപിടിത്തത്തിന് ആഘാതം കൂട്ടി. അടുക്കളയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറിന് കേടുപാട് സംഭവിച്ചിട്ടില്ല.

സംഭവം നടന്നതിന്‌ പിറ്റേന്ന്‌ പ്രദേശത്തെ റോഡ് ടാറിങ് നടക്കുന്നതിനാൽ ഇവരുടെ വീട്ടുമുറ്റത്തുള്ള നടപ്പുവഴിയിലൂടെ വൈകിട്ട് 6.45 ന്‌ വന്ന പ്രദേശവാസിയായ സാബുവും ഭാര്യയും മക്കളും ആണ് വീട് അഗ്നിക്കിരയായത്‌ കാണുന്നത്. തുടർന്ന് നാട്ടുകാരെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് ഇളയകുട്ടിയുടെ മൃതദേഹം കണ്ടത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home