ad
Deshabhimani

സംസ്ഥാനത്ത്‌ പൂട്ടിയത്‌ 36 പോസ്റ്റ്‌ ഓഫീസുകൾ; അടുത്തഘട്ടം 86 എണ്ണം നിർത്തലാക്കും

india post
avatar
വി കെ രഘുപ്രസാദ്‌

Published on Jan 16, 2026, 03:13 AM | 1 min read

പാലക്കാട്‌ : തപാൽ വിതരണ മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ഇതുവരെ പൂട്ടിയത്‌ 36 പോസ്റ്റ്‌ ഓഫീസുകൾ. 86 എണ്ണം അടുത്തഘട്ടം പൂട്ടും. പോസ്റ്റൽ ഡിവിഷനുകൾക്കുകീഴിലെ സബ്‌, ബ്രാഞ്ച്‌ ഓഫീസുകളാണ്‌ പൂട്ടിയത്‌. ഒറ്റപ്പാലം – അഞ്ച്‌, പാലക്കാട് – മൂന്ന്‌, കൊല്ലം – ഒന്ന്‌, കണ്ണൂര്‍ – നാല്‌, തൃശൂര്‍ – രണ്ട്‌, മഞ്ചേരി – രണ്ട്‌, തിരൂര്‍ – രണ്ട്‌, കാസർകോട്‌ – മൂന്ന്‌, വടകര –രണ്ട്‌, എറണാകുളം –രണ്ട്‌, ഇരിങ്ങാലക്കുട–മൂന്ന്‌, തിരുവനന്തപുരം നോര്‍ത്ത് –രണ്ട്‌, തിരുവനന്തപുരം സൗത്ത് – രണ്ട്‌, ചങ്ങനാശേരി – മൂന്ന്‌ എന്നിങ്ങനെയാണ്‌ പൂട്ടിയ പോസ്റ്റ്‌ ഓഫീസുകളുടെ എണ്ണം. സംസ്ഥാനത്തെ 300 തപാൽ ഓഫീസുകൾ അടച്ചുപൂട്ടാൻ കഴിഞ്ഞവർഷം ആഗസ്‌തിൽ കേന്ദ്ര സർക്കാർ ഉത്തരവ്‌ ഇറക്കിയിരുന്നു.


പോസ്റ്റൽ ആക്ട്‌ ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുനഃഏകീകരണ നയത്തിന്റെ ഭാഗമായാണ്‌ അടച്ചുപൂട്ടൽ. തപാൽ ഓഫീസുകൾ ഇല്ലാത്തിടത്ത്‌ തുടങ്ങുകയും കൂടുതൽ പേർക്ക്‌ സേവനം ലഭ്യമാക്കുകയുമാണ്‌ ഇതിന്റെ ലക്ഷ്യമെന്നാണ്‌ കേന്ദ്ര വാദം. നഗരങ്ങളിൽ രണ്ട്‌ കിലോമീറ്റർ ദൂരപരിധിക്കകത്തും ഗ്രാമത്തിൽ അഞ്ച്‌ കിലോമീറ്റർ ദൂര പരിധിക്കകത്തും ഒന്നിൽക്കൂടുതൽ ഓഫീസുകൾ ഉണ്ടെങ്കിൽ അവ ഇല്ലാത്തിടങ്ങളിലേക്ക്‌ മാറ്റുമെന്നാണ്‌ കേന്ദ്രംപറയുന്നത്‌. എന്നാൽ, തപാൽ മേഖല സ്വകാര്യവൽക്കരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തം.


ഇവ അടച്ചുപൂട്ടിയാൽ രജിസ്‌ട്രേഡ്‌, സ്‌പീഡ്‌ പോസ്റ്റ്‌, പാഴ്‌സൽ ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ കുറഞ്ഞ ചെലവിൽ ബുക്ക്‌ ചെയ്യാനുള്ള ഉപഭോക്താക്കളുടെ സ‍ൗകര്യം ഇല്ലാതാകും. പോസ്റ്റൽ സേവിങ്സ്‌ അക്ക‍ൗണ്ടുകൾ തുടങ്ങിയ സേവനങ്ങളും അവതാളത്തിലാകും. ഇ‍ൗ സേവനങ്ങൾ ഉപഭോക്താവിന്‌ നേരത്തെ വീടിനുസ‍മീപത്ത്‌ ലഭ്യമായിരുന്നത്‌ ഇല്ലാതാകും. കിലോമീറ്ററുകൾക്കപ്പുറത്തുള്ള മറ്റ്‌ ഓഫീസുകളെ ആശ്രയിക്കേണ്ട അവസ്ഥ വരും. ഇത്‌ സാധാരണക്കാരെ തപാൽ മേഖലയിൽനിന്ന്‌ അകറ്റും. തപാൽ മേഖലയിലെ സ്വകാര്യവൽക്കരണത്തിന്‌ കളമൊരുക്കാൻ സംസ്ഥാനത്ത്‌ സ്വതന്ത്ര വിതരണ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home