ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായും ബന്ധം; തെളിവായി ചിത്രങ്ങൾ

കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൺ പോറ്റിക്കൊപ്പം
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കർണാടകയിലെ ബിജെപി നേതാക്കളുമായി അടുത്തബന്ധം. കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൺ പോറ്റിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങള് പുറത്തുവന്നു.
ബംഗളൂരുവിലെ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ 2020 ജനുവരിയിൽ നടന്ന സ്വർണ്ണവാതിൽ സമർപ്പണ ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയും ബിജെപി നേതാക്കളും ഒരുമിച്ച് പങ്കെടുത്തത്. നേരത്തെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചെയ്ത അന്നദാന സദ്യ
അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചെയ്ത അന്നദാന സദ്യ ഉദ്ഘാടനം ചെയ്യാൻ അടൂർ പ്രകാശ് ശബരിമലയിലെത്തിയതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അടൂർ പ്രകാശിന് പോറ്റിയും സഹായികളുമായുമുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ യാദൃശ്ചിക ബന്ധം മാത്രമാണ് പോറ്റിയുമായി ഉള്ളതെന്നായിരുന്നു അടൂർ പ്രകാശ് വിശദീകരിച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടൂർ പ്രകാശ് 2024 ജനുവരി 27ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗളൂരുവിലെ അയ്യപ്പഭക്തൻ എന്നാണ് അടൂർ പ്രകാശ് വിശേഷിപ്പിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും ബംഗളൂരുവിൽനിന്നുള്ള രാഘവേന്ദ്ര, രമേശ് എന്നിവരുംചേർന്ന് നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം അടൂര്‍ പ്രകാശ് നിര്‍വഹിക്കുന്നതായിരുന്നു ചിത്രങ്ങൾ.










0 comments