Deshabhimani

പാമ്പുപിടിത്തക്കാരൻ മൂർഖന്റെ കടിയേറ്റ് മരിച്ചു

Snake Catcher Dies .jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 08:28 PM | 1 min read

ചിറയിൻകീഴ്: പാമ്പുപിടിത്തക്കാരനായ യുവാവ് മൂർഖന്റെ കടിയേറ്റ് മരിച്ചു. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ വലിയചിറ ആറ്റുവരമ്പിൽ തിട്ടവിട്ട വീട്ടിൽ സന്ദീപാണ്‌ (കണ്ണൻ, 33) മരിച്ചത്. കിഴുവിലം കൂന്തള്ളൂർ വലിയ ഏലായിൽ ശോഭനം വില്ലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സന്ദീപിന്‌, പിടികൂടി വീട്ടിൽ സൂക്ഷിച്ചിരുന്ന പാമ്പിൽനിന്നാണ് ബുധൻ രാത്രി 11.30ന്‌ കടിയേറ്റത്. ടിന്നിൽ സൂക്ഷിച്ചിരുന്ന പാമ്പിനെ പുറത്തെടുക്കവെ വലതുകൈയിൽ കടിക്കുകയായിരുന്നു. എന്നാൽ ഇയാൾ ചികിത്സ തേടിയില്ല. പുറത്തുപോയി തിരികെ വീട്ടിലെത്തിയശേഷം ഛർദിച്ച് കുഴഞ്ഞുവീണു. ഉടൻ താലൂക്കാശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും വ്യാഴം പുലർച്ചെ രണ്ടോടെ മരിച്ചു.


ഓട്ടോഡ്രൈവർകൂടിയായ സന്ദീപിന്‌ പാമ്പുപിടിത്തം ഹോബിയായിരുന്നു. പിടികൂടുന്ന പാമ്പുകളെ ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നത്‌ പതിവാണെന്നും ഇടയ്ക്ക് കടിയേൽക്കാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. പിടികൂടുന്നവയെ കോന്നി വനമേഖലയിൽ തുറന്നുവിടുകയാണ് ചെയ്തിരുന്നതെന്നും നാട്ടുകാർ പറയുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ട് പാമ്പുകളെ വനം വകുപ്പ് ജീവനക്കാരെത്തി കൊണ്ടുപോയി. ചിറയിൻകീഴ് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം വിട്ടുനൽകി. വിദേശത്തുള്ള അമ്മ അനിത എത്തിയശേഷം വെള്ളി പകൽ സംസ്‌കരിക്കും. ഭാര്യ: രഞ്‌ജിനി. അച്ഛൻ: സതീശൻ (സത്യൻ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home