മത്സ്യത്തൊഴിലാളികൾക്ക് കൊടിയ അവഗണന; പെൻഷൻ മുടങ്ങിയത് പതിനായിരങ്ങളുടെ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിൽ അവഗണനയും, അലംഭാവവും തുടർന്ന് യുഡിഎഫ് സർക്കാർ. സർക്കാറിന്റെ അവഗണനയിൽ പെൻഷൻമുടങ്ങി മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. സംസ്ഥാനത്ത് 78,292 മത്സ്യത്തൊഴിലാളികളാണ് പെൻഷന് അർഹർ. ഇതിൽ 16,632 പേരുടെ പെൻഷനാണ് നിലവിൽ മുടങ്ങിയത്. മത്സ്യലഭ്യത കുറഞ്ഞ് തീരദേശം വറുതിയിൽ തുടരുമ്പോഴാണ് സർക്കാർ അവഗണന. എല്ലാമാസവും മത്സ്യത്തൊഴിലാളി വിധവാ പെൻഷൻ വാർധക്യ പെൻഷനൊപ്പം നൽകാറുണ്ടെങ്കിലും സെപ്‌തംബറിൽ അതും അനുവദിച്ചിട്ടില്ല.
എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് ഉറപ്പുവരുത്തിയിരുന്ന ക്ഷേമവും കരുതലും ഇല്ലാതാക്കാനുള്ള നടപടികളാണ് യുഡിഎഫ് സർക്കാർ തുടരുന്നത്. കൃത്യമായി ആധാർ വെരിഫിക്കേഷൻ നടത്താനാകാതെ തൊഴിലാളികളെ പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. മസ്റ്ററിങ് നടത്താൻ ഓഫീസുകളിൽ ഒന്നിലും വേണ്ടത്ര ജീവനക്കാരില്ല. കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെട്ട മേഖലാ ഫിഷറീസ് ഓഫീസിൽ ഏഴ് ജീവനക്കാരുള്ളതിൽ അഞ്ചുപേരുടെ ഒഴിവ് നികത്തിയിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെട്ട മേഖലയിൽ ഏഴ് ജീവനക്കാരിൽ ഒരാൾ മാത്രമാണ് നിലവിലുള്ളത്. മറ്റ് തീരദേശ ജില്ലകളിലും അവസ്ഥയ്‌ക്ക് മാറ്റമില്ല.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏത് വിധത്തിലും സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. സഹകരണ ബാങ്കുകൾ വഴി കൃത്യമായി വീടുകളിൽ എത്തിച്ചുകൊണ്ടിരുന്ന ക്ഷേമപെൻഷനാണ് ആദ്യം ഇല്ലാതാക്കിയത്. മസ്റ്ററിങ്ങിന്റെ പേരിൽ മറ്റ് പെൻഷനുകളും മുടക്കുകയാണ്.









0 comments