നടിയുടെ പരാതി; സനൽകുമാർ ശശിധരനെ കൊച്ചിയിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തി

സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈയിൽ നിന്ന് എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ
കൊച്ചി : നടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന്റെ അറസ്‌റ്റ് എളമക്കര പൊലീസ് രേഖപ്പെടുത്തി. എളമക്കര പൊലീസ് തിങ്കൾ രാത്രി 9.40നാണ് ഇയാളെ മുംബൈയിൽനിന്ന് കൊച്ചിയിലെത്തിച്ചത്. നടിയുടെ പരാതിയില്‍ സനലിനെതിരെ എളമക്കര പൊലീസ് കേസെടുക്കുകയും ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.
പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങി ജാമ്യമില്ലാ വകുപ്പുകളിലാണ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്. സിറ്റി പൊലീസ് കമീഷണർക്ക് നടി മെയിൽ ചെയ്‌ത പരാതി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു.
കേസെടുക്കുമ്പോൾ സനൽ അമേരിക്കയിലായിരുന്നതിനാൽ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിലെടുക്കാൻ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. മുംബൈ വിമാനത്താവളത്തിൽ ഞായറാഴ്‌ച വന്നിറങ്ങിയ സനലിനെ തടഞ്ഞുവച്ചു. തുടർന്ന് കൊച്ചി സിറ്റി പൊലീസ് എത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
നടിയെ പരാമർശിച്ചും ടാഗ് ചെയ്തും സനൽകുമാർ ഒട്ടേറെ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയുടേതെന്ന പേരിൽ ഫോൺ സംഭാഷണങ്ങളും പുറത്തുവിട്ടു. സമാനസംഭവത്തിൽ നടിയുടെ പരാതിയിൽ 2022ലും ഇയാളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.









0 comments