അപമാനിച്ചവരെ അറസ്റ്റ് ചെയ്യണം; പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകി

പേരാമ്പ്ര: യുഡിഎഫ് പ്രവർത്തകരുടെ ജാതീയ അവഹേളനത്തിനിരയായ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പേരാമ്പ്ര ഡിവൈഎസ്‌പിക്ക് പരാതി നൽകി. യുഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിൽ ചാണകവെള്ളം തളിക്കുന്ന വീഡിയോയും നവമാധ്യമങ്ങളിലൂടെ യുഡിഎഫ് പ്രചരിപ്പിച്ച വാർത്തകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. പട്ടികജാതി–പട്ടിക വർഗ ക്ഷേമ മന്ത്രി, പട്ടികജാതി ക്ഷേമ കമീഷൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
യുഡിഎഫിന് മേധാവിത്വമുള്ള ചങ്ങരോത്ത് പഞ്ചായത്ത് എൽഡിഎഫിന്റെ കൈയിൽ നിന്ന് തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് പഞ്ചായത്ത് ഓഫീസിൽ മുസ്ലീംലീഗുകാർ ചാണകവെള്ളം തളിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയ്ക്കാണ് യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ പി എം ഫൈസലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ ചൂലും ബക്കറ്റിൽ ചാണകവെള്ളവുമായി അഴിഞ്ഞാടിയത്.
ചങ്ങരോത്ത് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 2020ലെ തെരഞ്ഞെടുപ്പിൽ പട്ടികജാതിക്കാരനായ സിപിഐ എമ്മിലെ ഉണ്ണി വേങ്ങേരി പഞ്ചായത്ത് പ്രസിഡന്റാവുന്നത്. ആകെയുള്ള19 വാർഡിൽ 10 സീറ്റിൽ എൽഡിഎഫും ഒമ്പത് സീറ്റിൽ യുഡിഎഫുമാണ് അന്ന് ജയിച്ചത്. ദളിത് വിഭാഗത്തിലുള്ള വ്യക്തി പഞ്ചായത്ത് പ്രസിഡന്റായതിലുള്ള അമർഷം അഞ്ചുവർഷക്കാലവും യുഡിഎഫിന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചാണകവെള്ളം തളിക്കൽ.










0 comments