ad
Deshabhimani

തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറും; 137 കോടി രൂപയുടെ ബഹുനില മന്ദിരം ഉയരുന്നു

Trivandrum General Hospital.jPG

തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ രൂപരേഖ

വെബ് ഡെസ്ക്

Published on Mar 08, 2026, 02:07 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കിഫ്ബിയിലൂടെ 137 കോടി ഉപയോഗിച്ച് ബഹുനില മന്ദിരം ഉയരുന്നു. മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനവും ശിലാസ്ഥാപനവും മാര്‍ച്ച് ഒമ്പതിന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍ കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.


തിരുവനന്തപുരം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറ്റുന്ന പദ്ധതിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള നാല് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ റിസപ്ഷന്‍ ഏരിയ, ട്രോമാ കെയര്‍ വിഭാഗം, ജനറല്‍ ഒപി, എആര്‍വി ക്ലിനിക്, ഫാര്‍മസി എന്നിവയും, രണ്ടാം നിലയില്‍ വിവിധ വിഭാഗങ്ങളിലെ ഇന്റെന്‍സിവ് കെയര്‍ വാര്‍ഡുകള്‍, സെമിനാര്‍ റൂം, ഇ- ഹെല്‍ത്ത്, ഭൂമിക ക്ലിനിക് എന്നിവയും, മൂന്നാം നിലയില്‍ വിശാലമായ ലബോറട്ടറി സൗകര്യം, ബ്ലഡ് ബാങ്ക്, സ്‌പെഷ്യലിറ്റി, സൂപ്പര്‍ സ്‌പെഷ്യലിറ്റി ഒപികള്‍ എന്നിവയും നാലാം നിലയില്‍ കീമോതെറാപ്പി വാര്‍ഡ്, ഓപ്പറേഷന്‍ തിയേറ്റര്‍, ഡെന്റല്‍ ഒപി എന്നിവയും സജ്ജീകരിക്കും.


എസി പ്ലാന്റ്, മെഡിക്കല്‍ ഗ്യാസ് യൂണിറ്റ്, ലോണ്ട്രി എന്നിവ ഉള്‍പ്പെടെയുള്ള സര്‍വീസ് ബ്ലോക്കും സജ്ജീകരിക്കും. രോഗികളുടേയും, പൊതുജനങ്ങളുടേയും സൗകര്യത്തിനായി 10 ലിഫ്റ്റുകളും കെട്ടിട സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടം പൂര്‍ത്തിയാകുന്നതോടെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ജനറല്‍ ആശുപത്രിക്ക് ഏറെ സഹായകരമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home