നെടുമ്പാശേരി വാഹനാപകടം: സുഹൈലിനെ റിമാൻഡ് ചെയ്തത് ബോസ്റ്റൽ സ്കൂളിൽ

കൊച്ചി: മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ ഇടിച്ച് മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19) എന്നിവർ റിമാൻഡ് ചെയ്തത് കാക്കനാട് ബോസ്‌റ്റൽ സ്കൂളിലേക്ക്. 18 നും 21 നും ഇടയിൽ പ്രായമുള്ള കൗമാര കുറ്റവാളികളെയാണ് ബോസ്റ്റൽ സ്കൂളുകളിൽ പാർപ്പിക്കുന്നത്. സാധാരണ ജയിൽ അന്തരീക്ഷത്തിൽ നിന്നും കഠിനമായ ശിക്ഷകളിൽ നിന്നും ഒഴിവാക്കി, നല്ല രീതിയിൽ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ബോസ്റ്റിൽ സ്കൂളിന്റെ ലക്ഷ്യം. എന്നാൽ പണക്കൊഴുപ്പിൽ പ്രതിക്ക് പൊലീസ് സുരക്ഷ ഒരുക്കുകയാണെന്ന വ്യാപക വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. സുഹൈലിനെ രക്ഷപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിക്കുന്നതായും ആശങ്കയുണ്ടെന്നും അപകടത്തിൽ മരിച്ച ദേവികയുടെ കുടുംബം പറഞ്ഞിരുന്നു.
പ്രതി സുഹൈൽ സജീവ് വാഹനം ഓടിച്ചത് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശനി ഉച്ചമുതൽ മദ്യപാനം തുടങ്ങി. അപകടത്തിന് മുമ്പായി മൂന്ന് ബാറുകളിൽ കയറി മദ്യം കഴിച്ചു. മദ്യലഹരിയിൽ വാഹനമോടിച്ചത് 120 കിലോമീറ്റർ വേഗതയിയിലായിരുന്നുവെന്നും തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിലും കൂടുതൽ വേഗതയിലായിരിക്കുമെന്നാണ് നിഗമനം.
അതേസമയം സംഭവത്തിൽ രണ്ട് പേർ കൂടി അറസ്‌റ്റിലായി. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ(19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. മിനികൂപ്പറിൽ ഇരുവർക്കുമൊപ്പം ജോയലും അമീറുമുണ്ടായിരുന്നെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു. രണ്ട് പേരെയും കസ്‌റ്റഡിയിലെടുത്തുള്ള പ്രാഥമിക ചോദ്യം ചെയ്യലിനെ തുടർന്നാണ് അറസ്‌റ്റ് ചെയ്‌തത്.
നെടുമ്പാശേരി വിഐപി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായർ പുലർച്ചെ 1.45ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയനാട് കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (കുക്കു–21), പാലക്കാട് കരിമ്പ ചെന്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ് കുമാറിന്റെ മകൾ ഗോപിക (22), കർണാടകത്തിലെ സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സ്വദേശി സുഹൈൽ സജീവിനെയും നിനവിനെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇഹ ഡിസൈൻസ് എന്ന പേരിൽ വസ്ത്രവ്യാപാര സ്ഥപാനവും ഓൺലൈൻ വസ്‌ത്രവ്യാപാരവും നടത്തുന്ന സജീവ് ജമാലിന്റെയും നൂഹ സജീവിന്റെയും മകനാണ് സുഹൈൽ. നരഹത്യക്കാണ് ഇയാൾക്ക് എതിരെ കേസെടുത്തിരിക്കുന്നത്.







0 comments