നെടുമ്പാശേരി വാഹനക്കുരുതി: പ്രതിക്ക് കവചമൊരുക്കാൻ കോൺഗ്രസ് നേതാക്കൾ


സ്വന്തം ലേഖകൻ
Published on Oct 14, 2026, 10:27 AM | 1 min read
ആലപ്പുഴ: നെടുമ്പാശേരിയിൽ മദ്യലഹരിയിൽ പത്തൊമ്പതുകാരൻ അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ഓടിയെത്തിയത് ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾ. ഉന്നതനേതാക്കളുടെ നിർദേശമനുസരിച്ച് ഡിസിസി അംഗവും സിനിമ പ്രൊഡക്ഷൻ കൺട്രോളറുമായ നേതാവ് നെടുമ്പാശേരി സ്റ്റേഷനിലെത്തി വിഷയത്തിൽ ഇടപെട്ടു. മുൻ ഡിസിസി പ്രസിഡന്റും ഒരു ലോകസഭാംഗവും ഇതിൽ ഇടപെട്ടതായും ആരോപണം ഉയർന്നു. ഇക്കാര്യത്തിനായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലും സമ്മർദംചെലുത്തിയതായി വിവരമുണ്ട്.
ഞായർ പുലർച്ചെ അപകടവിവരം പുറത്തുവന്നയുടനെ കേസിലെ പ്രതി സുഹൈൽ സജീവിന്റെ മാതാപിതാക്കൾ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെടുകയായിരുന്നു. ഇതുപ്രകാരമായിരുന്നു അതിവേഗ ഇടപെടൽ. തെരഞ്ഞെടുപ്പുകളിലടക്കം കോൺഗ്രസിന് വലിയ സാമ്പത്തികസഹായം നൽകിയിരുന്നുവെന്നും ഇതിന്റെ പ്രത്യുപകാരമാണ് ഇടപെടലെന്നുമാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. എഫ്ഐആറിൽ പ്രതിക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയതും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് പകരം ബോസ്റ്റൽ ഹോസ്റ്റലിലേക്ക് കൊണ്ടുപോയതും ഇൗ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ഇടപെടുന്നതായി സംശയിക്കുന്നതായി കൊല്ലപ്പെട്ട കുട്ടികളുടെ വീട്ടുകാർ ആരോപണം ഉന്നയിച്ചു.








0 comments