മയക്കുമരുന്ന് നൽകി പതിനാറുകാരിക്ക് പീഡനം
print edition എംഎസ്‌എഫ് നേതാവിനെയും കൂട്ടാളികളെയും കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട്: മയക്കുമരുന്ന് നൽകി പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ എംഎസ്‌എഫ് നേതാവടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എംഎസ്‌എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ട്രഷറർ കൂടിയായ റയീസ്, കാസർകോട് സ്വദേശി മുഹമ്മദ് സമീം, കോഴിക്കോട് കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സാലിഹ്, പുതുപ്പാടി സ്വദേശി ഷബീറലി എന്നിവരാണ് പ്രതികൾ. ഇവരുടെ സ്വർണക്കടത്ത്, മയക്കുമരുന്ന് ബന്ധങ്ങളും അന്വേഷിച്ചുവരുകയാണ്.
വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ വച്ച് പരിചയപ്പെട്ട റയീസും സമീമും ചേർന്നാണ് ഷബീറലിയുടെ ഫ്ലാറ്റിൽ എത്തിച്ചത്. പ്രതിഫലമായി പണം കൈപ്പറ്റുകയും ചെയ്തുവെന്ന് ഇവർ പൊലീസിന് നൽകിയ മൊഴിയിലുണ്ട്.
കാസർകോട്, കോഴിക്കോട് സ്വദേശികളായ പ്രതികൾ തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമായ മറുപടി നൽകിയിട്ടില്ല. ബീച്ചിൽ കണ്ടുമുട്ടിയുള്ള പരിചയമെന്നാണ് റയീസും സമീമും നൽകിയ മൊഴി. ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. സ്വർണം പൊട്ടിക്കൽ, മയക്കുമരുന്ന് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. അറസ്റ്റിലായ ഷബീറലിക്കും മുസ്ലിംലീഗ് ബന്ധമുണ്ട്. പിതാവ് നേരത്തെ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറിയായിരുന്നു.










0 comments