അഭിമാന നേട്ടവുമായി കരകുളം; പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങൾക്കും എൻക്യുഎഎസ് അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമ പഞ്ചായത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻക്യുഎഎസ്) നേടി. ഒരു ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളും ഒരുമിച്ച് ദേശീയ നിലവാരത്തിലെത്തുന്നത് ഇതാദ്യമായാണ്. അടുത്തിടെ കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിന് എൻക്യുഎഎസ് പുനഃഅംഗീകാരം ലഭിച്ചിരുന്നു. ഈ കേന്ദ്രത്തിന് കീഴിലെ കാച്ചാണി, കരകുളം, കരകുളം മെയിൻ സെന്റർ, ചിറ്റാഴ, കല്ലയം, ഏണിക്കര എന്നീ എന്നീ ആറ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്തെ കൂടുതൽ ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം നടപടി സ്വീകരിച്ചിരുന്നു. എൻക്യുഎസ് മാനദണ്ഡ പ്രകാരം അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ജീവനക്കാർ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകി. പ്രതിമാസം കൃത്യമായ അസസ്‌മെന്റുകൾ നടത്തുകയും കണ്ടെത്തിയ പോരായ്മകൾ സമയബന്ധിതമായി പരിഹരിക്കുകയും ചെയ്തു.
കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ഒപി സമയം. അത്യാധുനിക ലാബ് സൗകര്യങ്ങളും ഫിസിയോതെറാപ്പി യൂണിറ്റും ഇവിടെ ലഭ്യമാണ്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ജീവിതശൈലി രോഗ നിർണയം, ബോധവൽക്കരണ പരിപാടികൾ എന്നിവ കൃത്യമായി നടപ്പിലാക്കുന്നു. വീടുകളിൽ നേരിട്ട് സന്ദർശനം നടത്തി മികച്ച പരിചരണവും മരുന്ന് വിതരണവും ഉറപ്പാക്കുന്ന സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
ദേശീയ നിലവാരത്തിലേക്ക് ഉയർന്ന കരകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേട്ടം ആരോഗ്യ രംഗത്ത് മറ്റുള്ളവയ്ക്കും മാതൃകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞഉ. അഭിമാന നേട്ടത്തിന് പിന്നിൽ കൂട്ടായി പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.










0 comments