ചേവായൂർ സംഘർഷത്തിന്റെ പേരിൽ കള്ളക്കേസ്; എം ഗിരീഷിന് ജാമ്യം

കോഴിക്കോട്: ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘർഷത്തിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ഗിരീഷിനും പാർടിയംഗം സി പി ജലീലിനും ജാമ്യം. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കള്ളപ്പരാതിയിലാണ് എം ഗിരീഷിനെ പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. രണ്ടരവർഷം മുന്പുണ്ടായ സംഭവത്തിൽ വസ്‌തുതയില്ലെന്ന് പൊലീസ് കണ്ടെത്തിയ കേസ് കുത്തിപ്പൊക്കി ഗിരീഷിനെയും എലത്തൂർ ബ്രാഞ്ചംഗം സി പി ജലീലിനെയും വധോദ്യമം ഉൾപ്പെടെ കൂട്ടിച്ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്യുകയായിരുന്നു.
എം കെ രാഘവൻ എംപിയെയും കോൺഗ്രസ് നേതാക്കളെയും ആക്രമിക്കുന്നത് ടെലിവിഷനിൽ കണ്ട് അതന്വേഷിക്കാനായി കൊടിയത്തൂരിൽ നിന്ന് കോഴിക്കോട്ടെത്തിയപ്പോൾ മർദനമേറ്റെന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വ്യാജപരാതി. എന്നാൽ സംഭവ ദിവസം എംപിക്ക് മർദനമേറ്റിട്ടില്ല. പരാതി വ്യാജമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിക്കാതിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ച് പാർടി പ്രവർത്തകരെ വേട്ടയാടുകയാണ്.
സെപ്തംബർ 16ന് കോഴിക്കോട് സിഐടിയു ജില്ലാ ഭാരവാഹി യോഗം കഴിഞ്ഞ് മടങ്ങവേയാണ്, മെഡിക്കൽ കോളേജ് അസി. കമീഷണർ പി പ്രമോദിന്റെ നേതൃത്വത്തിൽ എം ഗിരീഷിനെ അറസ്‌റ്റ് ചെയ്‌തത്.









0 comments