യോഗിയിൽ നിന്ന് ബുൾഡോസറിൻ്റെ സ്റ്റിയറിംഗ് സിദ്ധരാമയ്യയും കോൺഗ്രസും ഏറ്റെടുത്തിരിക്കുന്നു: എം ശിവപ്രസാദ്

തിരുവനന്തപുരം: ബാബറി പള്ളി സംഘപരിവാരം പൊളിച്ചപ്പോൾ നിശബ്ദമായിരുന്ന കോൺഗ്രസ് ഇന്ന് കർണ്ണാടകയിൽ 3000 വീട് പൊളിച്ചിരിക്കുന്നുവെന്നും യോഗിയിൽ നിന്ന് ബുൾഡോസറിൻ്റെ സ്റ്റിയറിംഗ് സിദ്ധരാമയ്യയും കോൺഗ്രസും ഏറ്റെടുത്തിരിക്കുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.
രാജ്യത്തെമ്പാടും മോദിക്കും യുപിയിൽ യോഗിക്കും മഹാരാഷ്ട്രയിൽ ഫട്ട്നാവിസിനും ഇപ്പോൾ കർണ്ണാടകയിൽ സിദ്ധരാമയ്യക്കും ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ കൈ വിറക്കാതെ ബുൾഡോസർ പായിക്കാൻ സാധിക്കുന്നത് ആശയപരമായി ഇവരെല്ലാം ഒരേ തൂവൽ പക്ഷികളായതുകൊണ്ടാണ് എന്ന് മനസ്സിലാക്കാൻ നമ്മുക്ക് സാധിക്കണമെന്നും ശിവപ്രസാദ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരണകൂടങ്ങൾ നടപ്പിലാക്കുന്ന 'ബുൾഡോസർ രാജ് ദക്ഷിണേന്ത്യയിലേക്കും ഇറക്കുമതി ചെയ്തിരിക്കുകയാണ് കോൺഗ്രസ് സർക്കാർ. ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടിൽ (വസീം ലേഔട്ട്, ഫക്കീർ കോളനി) ഇന്നലെ പുലർച്ചെ നാല് മണിക്ക് നടന്ന അപ്രതീക്ഷിത ബുൾഡോസർ രാജ് നടപടിയിൽ മുന്നൂറിലധികം വീടുകളാണ് തകർക്കപ്പെട്ടത്. മൂവായിരത്തോളം പാവപ്പെട്ട ജനങ്ങളാണ് കൊടും തണുപ്പിൽ തെരുവിലാക്കപ്പെട്ടത്.
കുടിയൊഴിപ്പിക്കലിന് മുൻപ് 15 ദിവസത്തെ നോട്ടീസ് നൽകണമെന്ന, സുപ്രീം കോടതിയുടെ നവംബർ 2024ലെ ചരിത്രപരമായ വിധി നിലനിൽക്കെയാണ് ബിഎസ്ഡബ്ല്യുഎംഎൽ (BSWML) ഉദ്യോഗസ്ഥർ പൊലീസ് സന്നാഹത്തോടെ ഇവിടേക്ക് ഇരച്ചുകയറിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം 150-ഓളം പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ വേട്ട. 30 വർഷത്തിലധികമായി ഇവിടെ താമസിക്കുന്നവർക്ക് തങ്ങളുടെ വസ്ത്രങ്ങളോ കുട്ടികളുടെ പഠനരേഖകളോ എടുക്കാൻ പോലും സമയം നൽകിയില്ല. ദരിദ്രരായ ഈ മനുഷ്യരുടെ ഉപജീവനമാർഗമായ കച്ചവട വണ്ടികൾ പോലും അധികൃതർ തകർത്തെറിഞ്ഞു.
പോസ്റ്റിന്റെ പൂർണ രൂപം:
ന്യൂനപക്ഷങ്ങളെ, നമ്മുടെ അവസാന ബസാണ് കോൺഗ്രസ് എന്ന് പ്രസംഗിക്കുന്നവർ, അവരെ നയിക്കുന്നത് കോൺഗ്രസിൻ്റെ ബുൾഡോസറിന് കീഴിലേക്കെന്ന് തിരിച്ചറിയുക. കർണാടകയിലെ യഹലങ്കയിൽ ചീറി പായുന്ന ആ ബുൾഡോസർ ഓടിക്കുന്നത് കോൺഗ്രസ് ഗവണ്മെൻ്റാണ്. ബുൾഡോസർ പാഞ്ഞുകയറുന്നത് പാവപ്പെട്ട ന്യൂനപക്ഷങ്ങൾ വർഷങ്ങളായി താമസിക്കുന്ന പ്രദേശം ഇടിച്ചു നിരത്തി, മനുഷ്യരെ ആട്ടി പായിക്കാനാണ്.
രാജ്യത്തെമ്പാടും മോഡിക്കും, യു.പിയിൽ യോഗിക്കും, മഹാരാഷ്ട്രയിൽ ഫട്ട്നാവിസിനും, ഇപ്പോൾ കർണ്ണാടകയിൽ സിദ്ധരാമയ്യക്കും ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ കൈ വിറക്കാതെ ബുൾഡോസർ പായിക്കാൻ സാധിക്കുന്നത് ആശയപരമായി ഇവരെല്ലാം ഒരേ തൂവൽ പക്ഷികളായതുകൊണ്ടാണ് എന്ന് മനസ്സിലാക്കാൻ നമ്മുക്ക് സാധിക്കണം.
ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട അധികാരത്തിന് വേണ്ടി ഉപയോഗിക്കുന്ന കോൺഗ്രസിന് ഒരിക്കലും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ സാധിക്കില്ല. എസ്ഐആർ പിണറായി വിജയൻ്റെ പദ്ധതിയാണ് എന്ന് പ്രചരിപ്പിക്കുന്ന ലീഗുകാർ ഒരു പക്ഷെ ഇപ്പൊഴും കേരളത്തിൽ കോൺഗ്രസ് നൽകുന്ന എല്ലും കഷണത്തിന് വേണ്ടി മിണ്ടാതിരിക്കും. എന്നാൽ ഒരുപാട് നാൾ കേരളത്തിലും കോൺഗ്രസ് ലീഗിനു ഇത് വിളമ്പില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്!
ബാബറി പള്ളി സംഘപരിവാരം പൊളിച്ചപ്പോൾ നിശബ്ദമായിരുന്ന കോൺഗ്രസ് ഇന്ന് കർണ്ണാടകയിൽ 3000 വീട് പൊളിച്ചിരിക്കുന്നു. യോഗിയിൽ നിന്ന് ബുൾഡോസറിൻ്റെ സ്റ്റിയറിംഗ് സിദ്ധരാമയ്യയും കോൺഗ്രസും ഏറ്റെടുത്തിരിക്കുന്നു.










0 comments