print edition യൂണിയൻ മാറിക്കോ, ഇല്ലെങ്കിൽ പറപ്പിക്കും; സെക്രട്ടറിയറ്റ് ജീവനക്കാർക്ക് ഭീഷണി


വി എസ് വിഷ്‌ണുപ്രസാദ്
Published on Sep 10, 2026, 01:30 AM | 1 min read
തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ ജീവനക്കാരെ തങ്ങളുടെ സംഘടനയിൽ ചേരാൻ ഭീഷണിപ്പെടുത്തി ഭരണ അനുകൂല സംഘടനകൾ. ‘സംഘടനമാറിക്കോ, അല്ലെങ്കിൽ സ്ഥലംമാറ്റും’എന്നാണ് ഭീഷണി. സ്ഥലംമാറ്റാതിരിക്കാനും മാറ്റിയവരെ തിരിച്ചുകൊണ്ടുവരാനും പണപ്പിരിവ് നടക്കുന്നതായി ജീവനക്കാർ ആരോപിക്കുന്നുണ്ട്.
6 സംഘടനകളാണ് സെക്രട്ടറിയറ്റിൽ കോൺഗ്രസിനുള്ളത്. അഡ്‌മിനിസ്‌ട്രേഷൻ, ലോ, ഫിനാൻസ്, ജിഎഡി, ടൈപ്പിസ്‌റ്റ്, സിഎ എന്നിവയ്‌ക്ക് വെവ്വേറെ സംഘടനകളുണ്ട്. വനിതകൾ, ജൂനിയറായ ജീവനക്കാർ, മറ്റ് സംഘടനകളിൽ സജീവമായി പ്രവർത്തിക്കാത്തവർ, ഒരു സംഘടനകളിലും അംഗമല്ലാത്തവർ, തസ്‌തിക മാറിവരുന്നവർ തുടങ്ങിയവരൊക്കെയാണ് ഭീഷണി നേരിടുന്നത്. സെക്രട്ടറിയറ്റ് കേഡർ തസ്‌തികയിലുള്ളവരെ സെക്ഷൻ മാറ്റിയും മറ്റ് വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷനിലയച്ചുമാണ് പകപോക്കൽ.
100 ദിവസത്തിനിടെ ആയിരത്തിലധികം ജീവനക്കാരെയാണ് രാഷ്‌ട്രീയ ലക്ഷ്യത്തോടെ സ്ഥലംമാറ്റിയത്. ഡൽഹിയിലും മുംബൈയിലും ബംഗളൂരുവിലുമുള്ള കേരളസർക്കാരിന്റെ സ്ഥാപനങ്ങളിലേക്കും ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ അയച്ചിട്ടുണ്ട്. സ്ഥലംമാറ്റം ലഭിച്ചവർക്കും ഡെപ്യൂട്ടേഷനിലുള്ളവർക്കും തിരിച്ച് സെക്രട്ടറിയറ്റിലേക്കുവരുന്നതിനും ‘സ്‌പെഷ്യൽ സ്‌കീം’ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒന്നുകിൽ നേതാക്കൾക്ക് കൈക്കൂലി നൽകണം, അല്ലെങ്കിൽ എത്രവർഷം സെക്രട്ടറിയറ്റിനുപുറത്ത് ജോലി ചെയ്‌തോ അത്രയുംനാളത്തെ പ്രവർത്തന ഫണ്ട് ഭരണാനുകൂല സംഘടനകൾക്ക് നൽകണം എന്നതാണ് സ്‌കീം. ഡെപ്യൂട്ടേഷനിലുൾപ്പെടെ ജോലി ചെയ്‌ത പലരും തിരിച്ചുവന്നത് ഇൗ ‘പ്രത്യേക പദ്ധതി’യിലൂടെയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഭരണാനുകൂലികൾ അല്ലാത്ത ജീവനക്കാരെയും ഉദ്യോഗസ്ഥരെയും മാനദണ്ഡങ്ങൾപോലും പാലിക്കാതെ മാറ്റുകയാണ്. സ്ഥലംമാറ്റി, 100 ദിവസമായിട്ടും പുതിയ തസ്‌തിക അനുവദിക്കാതെ മാറ്റിനിർത്തിയവരും ഡെപ്യൂട്ടേഷൻ ഇല്ലാത്ത വകുപ്പുകളിലേക്ക് നിയമനം നടത്തി ദ്രോഹിക്കപ്പെട്ടവരുമുണ്ട്. സെക്രട്ടറിയറ്റ് ജീവനക്കാരുടെ ശക്തമായ സംഘടനയായ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റും പൊതുഭരണവകുപ്പിലെ അസിസ്‌റ്റന്റ് സെക്ഷൻ ഓഫീസറുമായ നിഷ ജാസ്‌മിനെ ഒരുമാസത്തിനിടെ 3 വകുപ്പിലേക്ക് മാറ്റിയാണ് ദ്രോഹിച്ചത്. സംഘടനയിലെ മറ്റുനേതാക്കളെയും തലങ്ങുംവിലങ്ങും സ്ഥലംമാറ്റി രസിക്കുകയാണ് സർക്കാർ.









0 comments