print edition മൂന്നുവർഷത്തെ കാത്തിരിപ്പ് വിഫലം; നെഞ്ചുപൊട്ടി ദമ്പതികൾ: താലൂക്ക് ആശുപത്രിയിലെ ചികിത്സപ്പിഴവിൽ പ്രതിഷേധം

പുനലൂർ: മൂന്നുവർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണിയെ നഷ്ടമായതിന്റെ തീരാവേദനയിലാണ് അനൂപും ഭാര്യ ശ്രുതിയും. പുനലൂർ താലൂക്ക് ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്ന് ഇവർ പറയുന്നു. പ്രസവത്തിനായി ഡോക്ടർ കൈക്കൂലി വാങ്ങിയെന്നും അമ്മയുടെയോ കുഞ്ഞിന്റെയോ അപകടാവസ്ഥ യഥാസമയം അറിയിച്ചില്ലെന്നുമുള്ള ഗുരുതര ആരോപണവും അനൂപ് ഉന്നയിച്ചു.
ഗർഭിണിയായതുമുതൽ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ശ്രുതി ചികിത്സ തേടിയത്. ആശുപത്രിയിൽ തിങ്കളാഴ്ച അഡ്മിറ്റാകാൻ എത്തിയപ്പോൾ ഡോക്ടർക്ക് 500 രൂപ നൽകിയതായി അനൂപ് പറഞ്ഞു. തുക പോരെന്ന മട്ടിലായിരുന്നു ഡോക്ടറുടെ പെരുമാറ്റം. തുടർന്ന് 2000 രൂപ കൂടി നൽകി. പണം വാങ്ങിയ ഡോക്ടർ പ്രസവത്തിന് തടസ്സങ്ങളൊന്നുമില്ലെന്നും സുഖപ്രസവമായിരിക്കുമെന്നുമാണ് ഉറപ്പുനൽകിയത്.
ചൊവ്വ രാത്രി ശ്രുതിയെ പ്രസവമുറിയിൽ പ്രവേശിപ്പിച്ചതിനുശേഷം ആരോഗ്യസ്ഥിതിയെപ്പറ്റി കൃത്യമായ വിവരങ്ങളൊന്നും പറഞ്ഞില്ല. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻതന്നെ അപകടത്തിലാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും പുലർച്ചെ നാലോടെ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സർക്കാർ ആശുപത്രികളിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചില്ല. അപകടസാധ്യതയുള്ള കാര്യം മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുമായിരുന്നു– അനൂപ് പറഞ്ഞു. "കുഞ്ഞ് മരിച്ചു’ എന്നു മാത്രം അറിയിച്ച ആശുപത്രി അധികൃതർ കുഞ്ഞിന്റെ മൃതദേഹംപോലും ബന്ധുക്കളെ കാണിക്കാൻ തയ്യാറായില്ല. മരണം ആശുപത്രി അധികൃതരിൽനിന്ന് വ്യക്തമായ വിശദീകരണം ലഭിക്കാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്നും അനൂപ് പറഞ്ഞു.









0 comments