print edition അധിക്ഷേപിച്ചിട്ടും സതീശനെ ന്യായീകരിച്ച് മാധ്യമങ്ങൾ

മിൽജിത് രവീന്ദ്രൻ
Published on Sep 27, 2026, 12:13 AM | 1 min read
തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ വി ഡി സതീശൻ അവഹേളിച്ചാൽ വാർത്തയേ അല്ലെന്ന് ഒരുവിഭാഗം മാധ്യമങ്ങൾ. മുഖ്യമന്ത്രി ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് ‘മാറിനിൽക്ക്’ എന്ന് ആക്രോശിക്കുകയും അക്കാര്യം പൊലീസിനോട് കൽപ്പിക്കുകയും ചെയ്തിട്ടും മനോരമ അടക്കമുള്ള പത്രങ്ങൾക്ക് അത് വാർത്തയായില്ല.
‘മാധ്യമ പ്രവർത്തകർ വി ഡി സതീശനെ വളഞ്ഞു’ എന്നാണ്, സംഭവം ചിത്രത്തിലും ക്യാപ്ഷനിലും ഒതുക്കിയ മനോരമയുടെ കണ്ടെത്തൽ. കുറ്റം മാധ്യമപ്രവർത്തകരുടേതായി. മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ ‘ഞാൻ നിങ്ങളെ കാണുന്നില്ല’ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചുവത്രേ. മാറിനിൽക്കാൻ ആക്രോശിച്ചതും പൊലീസിനോട് കൽപ്പിച്ചതും പത്രം അറിഞ്ഞിട്ടില്ല. സമാനമാണ് മറ്റു വലതുപക്ഷ പത്രങ്ങളുടെയും ചാനലുകളുടെയും സ്ഥിതി. ഒട്ടുമിക്ക ചാനലുകളും അന്നേരം വാർത്ത നൽകിയെങ്കിലും പിന്നീട് പിൻവാങ്ങി. അന്തിചർച്ച ഉണ്ടായില്ല.
മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളെയും തെരഞ്ഞുപിടിച്ച് അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവങ്ങൾ മുമ്പും വി ഡി സതീശന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വാർത്താസമ്മേളനത്തിൽനിന്ന് ‘ഇറക്കിവിടും’ എന്നാണ് ദേശാഭിമാനി ലേഖകനോട് അലറിയത്. ദേശാഭിമാനി, കൈരളി ലേഖകരെ സ്ഥാപനങ്ങളുടെ പേരെടുത്തുപറഞ്ഞ് അധിക്ഷേപിച്ച ഒട്ടേറെ സംഭവങ്ങളുണ്ടായി. മുഖ്യമന്ത്രിയായ ശേഷവും അത് തുടർന്നു.
ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഇഷ്ടമില്ലാത്ത ചോദ്യംചോദിച്ച മാധ്യമപ്രവർത്തകരെ അടച്ച് അധിക്ഷേപിക്കുന്ന നിലയിലേക്ക് മാറി. വിമാനയാത്ര സ്പോൺസർ ചെയ്തത് ആരെന്ന ചോദ്യമാണ് പ്രകോപിപ്പിച്ചത്. ആംഗ്യത്തിലൂടെയടക്കം മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചാണ് മറുപടി പറയാതെ പത്രസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയത്. അതിന്റെ തുടർച്ചയാണ് വെള്ളിയാഴ്ച ഇടുക്കിയിലും കണ്ടത്.









0 comments