ad
Deshabhimani

കാലാൾപ്പട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 16, 2017, 11:40 AM | 0 min read

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു

ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.

ശാസ്ത്രീയമായി ചെസ്സിന്റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി.

 

ഇനി നമുക്ക് ചെസ്സിന്റെ ആത്മാവായ പോണിനെ പരിചയപ്പെടാം. ചെസ്സ് കളിയിലെ ഏറ്റവും ധീരന്മാരായ പീസായി പോണിനെ കണക്കാക്കാം. 'മുന്നോട്ട് മുന്നോട്ട്...' എന്ന മുദ്രാവാക്യത്തോടെ, വെട്ടുകയാണെങ്കിലും വെട്ടപ്പെടുകയാണെങ്കിലും, ഒരിക്കലും പിന്തിരിയാതെ, വച്ചകാല്‍ മുന്നോട്ട് തന്നെ എന്ന രീതിയില്‍ പോണ്‍ നീക്കങ്ങള്‍ നടത്തുന്നു.

ഒരാള്‍ക്കുള്ള പതിനാറ് ചെസ്സ് പീസുകളില്‍ പകുതിയും, അതായത് എട്ടെണ്ണം കാലാളുകളാണ്. ഈ കാലാള്‍പടയുടെ വിന്യാസമാണ് മാസ്റ്റര്‍ ലെവലില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്.

പിന്നോട്ടേക്ക് ഒരിക്കലും നീക്കം ഇല്ലാത്തതിനാല്‍ തന്നെ പോണ്‍ നീക്കം ഒരേ സമയം അഡ്വാന്‍റ്റേജും വീക്‌നെസ്സും ഉണ്ടാക്കുന്നു. വീക്‌നസ്സില്‍ എതിരാളി സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, നമ്മുടെ പീസുകള്‍ ഉപയോഗിച്ച്‌ അത് കവര്‍ ചെയ്യാന്‍ സാധിക്കണം. അതുപോലെ അഡ്വാന്‍റ്റേജ്, വിന്നിംഗ് അഡ്വാന്‍റ്റേജ് ആക്കി മാറ്റുവാനും പരിശ്രമിക്കണം.


ഏറ്റവും താഴെയുള്ള നിരയിലാണ് നാം പീസുകള്‍ നിരത്തുന്നത്. അതിന് തൊട്ടു മുകളിലാണ് കാലാള്‍പ്പട നിലയുറപ്പിക്കുന്നത്. ആരംഭ ഘട്ടത്തില്‍ വൈറ്റിന്‍റെ എട്ടു പോണുകള്‍ a2, b2, c2, d2, e2, f2, g2, h2  എന്നീ കളങ്ങളില്‍ വിന്യസിക്കുന്നു. ബ്ലാക്കിന്‍റെ എട്ടു പോണുകള്‍ a7, b7, c7, d7, e7, f7, g7, h7 എന്നീ കളങ്ങളിലും.

കിംഗിന് മുന്നിലുള്ള പോണിനെ 'കിംഗ് പോണ്‍' എന്നും, ക്വീന്‍ന് മുന്നിലുള്ള പോണിനെ 'ക്വീന്‍ പോണ്‍' എന്നും വിശേഷിപ്പിക്കാം. അതുപോലെ മറ്റു പോണുകളുടെ വിശേഷണങ്ങള്‍ ആലോചിച്ചു നോക്കുക. റൂകും നൈറ്റും ബിഷപ്പും രണ്ടു വീതം ഉള്ളതിനാല്‍ കിംഗ് സൈഡില്‍ ഉള്ളതിനെ കിംഗ് നൈറ്റ്, കിംഗ് റൂക്, കിംഗ് ബിഷപ്പ് എന്നും; ക്വീന്‍ സൈഡില്‍ ഉള്ളതിനെ ക്വീന്‍ നൈറ്റ്, ക്വീന്‍ ബിഷപ്പ്, ക്വീന്‍ റൂക് എന്നും അറിയപ്പെടുന്നു. അവയ്ക്ക് മുന്നിലുള്ള പോണുകള്‍ കിംഗ്/ക്വീന്‍ റൂക് പോണ്‍, കിംഗ്/ക്വീന്‍ നൈറ്റ് പോണ്‍, കിംഗ്/ക്വീന്‍ ബിഷപ്പ് പോണ്‍ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്നു.

പോണ്‍ നീക്കം


ഓരോ ചുവടു വീതമാണ് പോണുകള്‍ മുന്നോട്ട് നീങ്ങുക. എന്നാല്‍ തുടക്കത്തിലുള്ള കളത്തില്‍ നിന്ന് നീക്കം നടത്തുമ്പോള്‍ വേണമെങ്കില്‍ രണ്ട്‌ ചുവട് മുന്നോട്ട് വയ്ക്കാം. പ്രാരംഭ ഘട്ടത്തിലെ നീക്കങ്ങളുടെ ഉദ്ധ്യേശ്യ ലക്ഷ്യം മധ്യഭാഗത്തെ നിയന്ത്രണമായതിനാല്‍ അധികവും രണ്ടു ചുവടു മുന്നോട്ട് വയ്ക്കുന്നു.

പോണ്‍ ഉപയോഗിച്ച് എതിരാളിയുടെ പീസ് വെട്ടിയെടുക്കുമ്പോള്‍ ചെരിഞ്ഞിട്ടാണ് വെട്ടിയെടുക്കുക. തൊട്ടടുത്ത കളത്തിലുള്ള പീസിനെ മാത്രമേ വെട്ടിയെടുക്കാന്‍ സാധിക്കുകയുള്ളു.



ഒരു പ്രത്യേക സാഹചര്യത്തിലുള്ള പോണ്‍ വെട്ടാണ് ' എന്‍പാസ്സെന്റ് ' വെട്ട്. എതിരാളിയുടെ പോണ്‍ രണ്ട് ചുവട് മുന്നോട്ട് വയ്ക്കുമ്പോള്‍, തൊട്ടടുത്ത നീക്കത്തില്‍ നമുക്ക് വേണമെങ്കില്‍ ഈ നീക്കം നടത്താം. എന്നാല്‍ നമ്മുടെ പോണിന്‍റെ ആക്രമണ പരിധിയിലുള്ള കളം മറികടന്നാണ് എതിരാളി രണ്ട് ചുവട് വയ്ക്കുന്നതെങ്കില്‍ മാത്രം.



പോണിനെ മുന്നോട്ട് നീക്കി നീക്കി വിജയകരമായി എട്ടാമത്തെ നിരയില്‍ എത്തിക്കാനായാല്‍ നമുക്കതിനെ മന്ത്രിയായോ തേര് ആയോ ആനയായോ കുതിരയായോ ഇഷ്ടത്തിനനുസരിച്ച് അവരോധിക്കാം. നിലവില്‍ മന്ത്രി ഉണ്ടായാല്‍ പോലും, എട്ടു പോണുകളെയും എട്ടാം നിരയില്‍ എത്തിക്കുവാന്‍ സാധിച്ചാല്‍, വേണമെങ്കില്‍ പുതിയ എട്ടു മന്ത്രിമാരായി അവരോധിക്കാം.

ചെസ്സ് പ്രശ്നോത്തരി 7


വൈറ്റ് ആദ്യ നീക്കം നടത്തി വിജയിക്കുന്നു


കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍ നിന്ന് നറുക്കിട്ടെടുത്ത വിജയി

സുദേവ് വിജയരാഘവന്‍ ബാംഗ്ലൂര്‍
ആഞ്ജനേയ, കിഴക്കും ഭാഗം, പിണറായി

ചെസ്സ് പ്രശ്നോത്തരി 7 
ഉത്തരം

1) Ne2 Kh2
2) Nf1+ Kh1
3) Bf3# (0-1)

കണ്ടെത്തലുകള്‍ contact details സഹിതം ഈ മെയിലില്‍ അയക്കാം   [email protected]

(ലേഖകന്‍ ഇന്റര്‍നാഷണല്‍ ഫിഡെ, അമേരിക്കന്‍ റേറ്റഡ് ചെസ്സ് പ്ലെയറും കോച്ചുമാണ്.അമേരിക്കയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ വച്ചു നടന്ന മില്യനയര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ, ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ ടൂര്‍ണമെന്റുകളില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്.

ഓണ്‍ലൈന്‍ ചെസ്സ് ക്ലബ്   www.legendchess.wordpress.com നടത്തുന്നു.)



 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home