Deshabhimani

രാജാവിനെ പരിചയപ്പെടാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 06, 2017, 10:37 AM | 0 min read

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ചു, ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു

ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.

ശാസ്ത്രീയമായി ചെസ്സിന്‍റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി.

ചെസ്സ് കളിയിലെ പരമപ്രധാനമായ പീസ് ആണ് രാജാവ് [കിംഗ് (K) ].

എതിരാളിയുടെ കിംഗ് നെ 'ചെക്ക് മേറ്റ് ' ആക്കുമ്പോഴാണ് ഒരാള്‍ വിജയിക്കുന്നത്. എതിര്‍ കിംഗ് നെ 'ചെക്ക് മേറ്റ്' ആകുവാന്‍ പലവിധ സമര തന്ത്രങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കണം. ചിലപ്പോള്‍ വിലപിടിപ്പുള്ള പീസുകള്‍ നല്‍കികൊണ്ട് (sacrifice) ഇതു നടപ്പാക്കുന്നു.
അതുപോലെ നമ്മുടെ കിംഗ് നെ, 'ചെക്ക് മേറ്റ്' ല്‍നിന്ന് രക്ഷപെടുത്താന്‍ വിലപിടിപ്പുള്ള പീസുകള്‍ നല്‍കേണ്ടി വരും. ഇത് കിംഗ് ന്‍റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് വെളിവാക്കുന്നു. 
 
ആരംഭ ഘട്ടത്തില്‍, ബോര്‍ഡിലെ താഴെ മധ്യ ഭാഗത്തുള്ള കളത്തിലാണ് കിംഗ് വയ്ക്കുന്നത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ വൈറ്റ് കിംഗ് 'e1'  എന്ന കറുത്ത കളത്തിലും, ബ്ലാക്ക് കിംഗ്  'e8' എന്ന വെള്ള കളത്തിലുമാണ് വയ്‌ക്കേണ്ടത്. ഇവിടെ നീല കളം ആണല്ലോ ഉള്ളത് എന്ന സംശയം വരാം. ഒന്ന് ലൈറ്റ് കളവും, ഒന്ന് ഡാര്‍ക്ക് കളവും ആയിരിക്കണം എന്നതാണ് അതിന്‍റെ അന്താരാഷ്ട്ര നിയമം. ഡാര്‍ക്ക് എന്നത് കറുപ്പ് തന്നെ വേണമെന്നില്ല. നീലയോ പച്ചയോ ബ്രൗണോ ഒക്കെ ആകാം. രേഖപ്പെടുത്തുന്നതിന്‍റെ സൗകര്യാര്‍ത്ഥം കറുപ്പെന്നു പറയുന്നു. 
 
അടുത്തതായി രാജാവിന്‍റെ മൂവ്മെന്‍റ്സ് എങ്ങനെയെന്ന് പഠിക്കാം. 
 

ഒരു കളത്തില്‍ നിന്ന്, തൊട്ടടുത്തുള്ള കളത്തിലേക്കാണ് കിംഗ് ന് മൂവ്മെന്‍റ് നടത്താന്‍ സാധിക്കുക. ഉദാഹരണമായി d4 കളത്തിലുള്ള കിംഗിന് c3, d3, e3, c4, e4, c5, d5, e5 ഇങ്ങനെ 8 കളത്തിലേക്ക് പോകുവാന്‍ സാധിക്കും. അതുപോലെ ചിത്രത്തില്‍ തന്നിരിക്കുന്ന f7 കളത്തിലുള്ള കിംഗിന് പോകാന്‍ പറ്റുന്ന കളങ്ങളുടെ പേര് ഒന്ന് ആലോചിച് നോക്കൂ...
 
കസ്‌ലിംഗ് 

ഇനി നമുക്ക് കിംഗിന്‍റെ ഒരു പ്രത്യേകതരം നീക്കത്തെക്കുറിച്ചു മനസിലാക്കാം. അതാണ് കസ്‌ലിംഗ് അഥവാ കോട്ടകെട്ടല്‍. ഒരു കളിയില്‍ രണ്ടുപേര്‍ക്കും ഒരിക്കല്‍ മാത്രമേ ഈ സവിശേഷ നീക്കം നടത്തുവാന്‍ സാധിക്കുകയുള്ളൂ. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി, ഈ ഒരു നീക്കത്തില്‍ കിംഗിന് രണ്ട്‌ സ്റ്റെപ്പ് മൂവ് ചെയ്യുവാന്‍ സാധിക്കുന്നു. കിംഗും റൂക്കുമാണ്, ഈ ഒരു നീക്കത്തില്‍ ഭാഗഭാക്കാകുന്നത്. കിംഗിനെ സുരക്ഷിതമാക്കുക എന്നതും റൂക്കിനെ കളിയുടെ പ്രധാന ഭാഗത്തു വേഗം എത്തിക്കുക എന്നതുമാണ് ഈ നീക്കത്തിന്‍റെ മേന്മയും പ്രാധാന്യവും. 
 
കിംഗിനെ രണ്ടു സ്റ്റെപ് നീക്കുകയും, റൂക്കിനെയെടുത്ത് കിംഗിന്‍റെ മറുഭാഗത്തു വയ്ക്കുകയുമാണ് വേണ്ടത്. ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
1. നിലവില്‍ കിംഗ് ചെക്കില്‍ ആയിരിക്കരുത്. 
2. കിംഗോ, റൂക്കോ ഇതുവരെ മൂവ് ചെയ്തിട്ടുണ്ടായിരിക്കരുത്.
3. കിംഗ് പോകുന്നതോ എത്തിച്ചേരുന്നതോ ആയ കളവും ചെക്കില്‍ ആയിരിക്കരുത്.

കസ്‌ലിംഗ് രണ്ടു വിധത്തിൽ ഉണ്ട്. രാജാവിൻറെ ഭാഗത്തേക്ക് നടത്തുന്നതിനെ കിംഗ് സൈഡ് കാസ്‌ലിംഗ് അല്ലെങ്കിൽ ഷോർട് കാസ്‌ലിംഗ് എന്നും, രാജ്ഞിയുടെ ഭാഗത്തേക്ക് നടത്തുന്നതിനെ ക്വീൻ സൈഡ് കാസ്‌ലിംഗ് അല്ലെങ്കിൽ ലോങ്ങ് കാസ്‌ലിംഗ് എന്നും പറയുന്നു. കളിയിലെ നമ്മുടെ പ്ലാനിനനുസരിച്ചു കാസ്‌ലിംഗ് ചെയ്യാവുന്നതാണ്. ഇവിടെ വൈറ്റ് ഷോർട് കാസ്‌ലിംഗ് ഉം, ബ്ലാക്ക് ലോങ്ങ് കാസ്‌ലിംഗ് ഉം ആണ് നടത്തുന്നത്.
 
തന്നിരിക്കുന്ന ചിത്രത്തിലെ പൊസിഷന്‍ ഒരു ബോര്‍ഡില്‍ വച്ചിട്ട്, ഒന്ന് കാസ്‌ലിംഗ് ചെയ്തു നോക്കൂ. കാസ്‌ലിംഗിന് ശേഷമുള്ള പൊസിഷന്‍ താഴെ കൊടുക്കുന്നു, നോക്കി അതിന്‍റെ പ്രത്യേകത മനസിലാക്കുക. 

 
ചെസ്സ് കളി വിജയിക്കുന്നതെങ്ങനെ?
ഒരു ചെസ്സ് കളി എങ്ങനെ വിജയിക്കാമെന്നത് ഈ ചിത്രം വ്യക്തമാക്കുന്നു. 
എതിരാളിയുടെ കിംഗിനെ, നമ്മുടെ കരുക്കള്‍ കൊണ്ട് ആക്രമിക്കുമ്പോള്‍ (അടുത്ത നീക്കത്തില്‍ വെട്ടിയെടുക്കും, എന്ന അവസ്ഥ) ആ കിംഗ് ചെക്കിലാണ് എന്ന് പറയും. 
കിംഗ് ചെക്കിലായിരിക്കുമ്പോള്‍ അടുത്ത നീക്കം നിര്‍ബന്ധമായും, ആ ചെക്ക് ഒഴിവാക്കുക എന്നതായിരിക്കണം. ചെക്ക് പലവിധത്തില്‍ നമുക്ക് ഒഴിവാക്കാം. 
1. കിംഗിനെ ചെക്കുള്ള കളത്തില്‍ നിന്ന്, തൊട്ടടുത്ത ചെക്കില്ലാത്ത കളത്തിലേക്ക് മാറ്റുക. 
2. മറയ്ക്കുവാന്‍ സാധിക്കുന്ന ചെക്ക് ആണെങ്കില്‍, ഏതെങ്കിലും പീസ് ഉപയോഗിച്ചു മറയ്ക്കുക. (കുതിര കൊണ്ടുള്ള ചെക്ക് മറയ്ക്കാന്‍ സാധിക്കുന്നതല്ല.)
3. ചെക്ക് തന്ന പീസിനെ വെട്ടിയെടുക്കുക. 
 
തന്നിരിക്കുന്നത് ക്വീനും ബിഷപ്പും ഉപയോഗിച്ചു, കിംഗിനെ ചെക്ക് മേറ്റ് ആക്കുന്നതാണ്. ബ്ലാക്ക് കിംഗിനെ ഇപ്പോള്‍ വൈറ്റ് ക്വീന്‍ അക്രമിച്ചിരിക്കുകയാണ്. കിംഗിന് d7, d8, f8 എന്നീ കളങ്ങളില്‍ പോകുവാന്‍ സാധിക്കില്ല, കാരണം അവിടെ ബ്ലാക്കിന്റെ തന്നെ മറ്റു പീസുകള്‍ ഉണ്ട്. e7 കളവും, വൈറ്റ് ക്വീനിന്‍റെ ആക്രമണ പരിധിയിലാണ്. ഇനിയുള്ള ഏക മാര്‍ഗം, കിംഗിനെ കൊണ്ട് ക്വീനിനെ വെട്ടിയെടുക്കുക എന്നതാണ്. എന്നാല്‍ ഇവിടെ ക്വീന്‍, ബിഷപ്പിന്‍റെ സപ്പോര്‍ട്ടില്‍ ആയതിനാല്‍ അത് സാധിക്കില്ല. അതുകൊണ്ട് തന്നെ ബ്ലാക്ക് കിംഗിന് അടിയറവ് (ചെക്ക് മേറ്റ്) പറയേണ്ടി വരുന്നു. 
 
ഇന്നു നമ്മള്‍ രാജാവിനെ പരിചയപ്പെടുകയും സവിശേഷതകള്‍ മനസിലാക്കുകയും ചെയ്തു. അടുത്ത ലക്കത്തില്‍ നമുക്ക് രാജ്ഞിയെ പരിചയപ്പെടാം..
 
കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ഒരുപാടു പേര്‍ ശരിയുത്തരം അയച്ചിരുന്നു.
 
പ്രശ്നോത്തരി 2

ബ്ലാക്ക് നീക്കം തുടങ്ങി വിജയിക്കുന്നു.
 

തന്നിരിക്കുന്ന പ്രശ്നോത്തരിയില്‍ ബ്ലാക്ക് ആദ്യ നീക്കം നടത്തി വിജയിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തുക.
 

കണ്ടെത്തലുകള്‍ contact details സഹിതം ഈ മെയിലില്‍ അയക്കാം  [email protected]

(ലേഖകന്‍ ഇന്റര്‍നാഷണല്‍ ഫിഡെ, അമേരിക്കന്‍ റേറ്റഡ് ചെസ്സ് പ്ലെയറും കോച്ചുമാണ്.അമേരിക്കയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ വച്ചു നടന്ന മില്യനയര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ, ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ ടൂര്‍ണമെന്റുകളില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്.

ഓണ്‍ലൈന്‍ ചെസ്സ് ക്ലബ്  www.legendchess.wordpress.comനടത്തുന്നു.)

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home