print edition സ്‌നേഹ സൂര്യ മൂർത്തി

വര: ജയകുമാർ ആറ്റിങ്ങൽ
മധുപാൽ
Published on Sep 27, 2026, 12:00 AM | 3 min read
ഒരു മനുഷ്യൻ എത്രത്തോളം സത്യസന്ധനാകാമെന്ന് കണ്ടുപഠിക്കേണ്ട ഒരു ജീവിതമുണ്ട് സൂര്യ കൃഷ്ണമൂർത്തി എന്ന വ്യക്തിയിൽ. ഞാൻ അത് മനസ്സിലാക്കിയിട്ടുണ്ട്. തൊണ്ണൂറുകൾമുതൽ അദ്ദേഹത്തെ പരിചയമുണ്ട്. തിരുവനന്തപുരത്തെ സിനിമാജീവിതംമുതൽ സൂര്യ ഫെസ്റ്റിവലിൽ ചെല്ലുകയും അടുത്തുപെരുമാറുകയും ചെയ്‌തു. എന്റെ ചില കഥകളൊക്കെ അദ്ദേഹം വായിച്ചിട്ടുണ്ട് എന്നതുമാത്രമായിരുന്നു ഒരു ബന്ധം ഉണ്ടായിരുന്നത്. ഒരു കഥാപാത്രത്തിനോടും സാഹിത്യത്തോടും കലകളോടും കാണിക്കുന്ന അദ്ദേഹത്തിന്റെ ആത്മാർപ്പണം വളരെ വ്യക്തമായി ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പിന്നീട് സിനിമയിലേക്ക് ഞാൻ മാറിയതിനുശേഷം എല്ലാ ഘട്ടങ്ങളിലും അദ്ദേഹത്തിന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്.
ഏത് സമയത്തും സമീപിക്കാവുന്ന ഒരാൾ
എന്റെ ആദ്യചിത്രം തലപ്പാവ് സൂര്യ ഫെസ്റ്റിവലിൽ കാണിച്ചിരുന്നു. ഒഴിമുറി എന്ന ചലച്ചിത്രം സ്‌ക്രിപ്‌റ്റായപ്പോൾ ആദ്യം വായിക്കാൻ കൊടുത്തത് മൂർത്തി സാറിനായിരുന്നു. തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശത്തെ ഒരാൾ എന്ന രീതിയിൽ അദ്ദേഹത്തിന് കുറെക്കൂടി കാര്യങ്ങളറിയാം. ആ പ്രദേശത്തിന്റെ സ്വഭാവവും ജീവിതശൈലികളുമറിയാം. എനിക്ക് കൃത്യമായ കൺസൾട്ടേഷൻ ആവശ്യമായിരുന്നു. പലയാവർത്തി നാഗർകോവിലിൽ പോയി തിരിച്ചുപോരുമ്പോഴൊക്കെയും തിരുത്തുകൾ ഉണ്ടാകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുമായിരുന്നു. അഭിനേതാക്കളെപ്പോലും അദ്ദേഹം നിർദേശിച്ചിരുന്നു. മഞ്ജു ഭാർഗവിയെ ഈ സിനിമയിലേക്ക് ആലോചിച്ചിരുന്നു. അത്രയും ഒരു ഗാംഭീര്യമുള്ള ഒരാളായാൽ നല്ലത് എന്നു പറഞ്ഞത് മൂർത്തിസാറായിരുന്നു. അതിനുവേണ്ടി ശ്രമം നടത്തി. പക്ഷേ, സമയം ഒത്തുവരാത്തതുകൊണ്ട് മാറിപ്പോയി. ഞാൻ ഇങ്ങനെയാണ് ആലോചിക്കുന്നത് എന്നു പറഞ്ഞാൽ അതിന്റെ നൂറിരട്ടി കാര്യങ്ങൾ ഇങ്ങോട്ട് പറഞ്ഞുതരുന്ന ഒരു രീതിയാണ് ഞാൻ അദ്ദേഹത്തിൽ കണ്ടത്. ജീവിതകാഴ്ചപ്പാടുകളും സഞ്ചരിച്ച വഴികളും കഥകളും സാഹിത്യവും നാടകവും മറ്റ് എല്ലാ കലാരൂപങ്ങളുമായിട്ടുള്ള അടുപ്പവുമൊക്കെ ഒരു കർമത്തിലേക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹം ചിന്തിച്ചു.
സമയത്തിന്റെ വില
ഞാൻ അദ്ദേഹത്തിൽനിന്ന് പഠിച്ച ഒരു പാഠമുണ്ട്. സമയത്തെക്കുറിച്ച് ഇത്രമേൽ തീക്ഷ്‌ണമായി ഉറപ്പുള്ള ഒരു വ്യക്തിയെ വേറെ എങ്ങും കണ്ടിട്ടില്ല. പത്ത് പൈസ നഷ്ടപ്പെട്ടാൽ ആരോടെങ്കിലും കടം വാങ്ങാം. പക്ഷേ, പത്ത് സെക്കൻഡ് നഷ്ടപ്പെട്ടാൽ അത് നഷ്ടപ്പെടൽതന്നെയാണ് എന്നു പഠിപ്പിച്ച വ്യക്തികൂടിയാണ് മൂർത്തി സാർ. അത്ര കൃത്യമായി കാര്യങ്ങൾ നടത്തുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. 49 വർഷത്തോളം സൂര്യ എന്ന പ്രസ്ഥാനത്തെ ലോകവ്യാപകമായി എത്തിച്ച വ്യക്തി വിട്ടകന്നു. പക്ഷേ, ആ വേർപാടുമൂലം ആ മനുഷ്യൻ ആളുകളുടെ മനസ്സിലുണ്ടാക്കിയ ഇടം ഒരു കാരണവശാലും ഇല്ലായ്മ ചെയ്യപ്പെടുകയില്ല.
അടിമുടി കലാകാരൻ
ജീവിച്ച ഓരോ നിമിഷവും അടയാളപ്പെടുത്തി പോകണമെന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. നമ്മൾ ജീവിച്ചു എന്നുള്ളതിന് തെളിവ് ജീവിച്ചിരിക്കുന്നവരുടെ മനസ്സിലാണ്. അത് മനുഷ്യമനസ്സിലും ഒപ്പം പ്രകൃതിയിലും അടയാളപ്പെടുത്തിത്തന്നെയാണ് മൂർത്തിസാർ വിടവാങ്ങിയത്. പക്ഷേ, അതൊരു വിടവാങ്ങലായി കാണുന്നില്ല. കാരണം ഒരു മഹാപ്രസ്ഥാനം ഈ പ്രപഞ്ചത്തിൽ സജീവമായിട്ട് നിലനിൽക്കും. കാരണം ആ മനുഷ്യൻ കലയോടും കലാകാരന്മാരോടും ആസ്വാദകരോടും ഒരേപോലെ അടുത്തുനിന്നുകൊണ്ട്; ഇതിലൊന്നും ഞാനില്ല ചെയ്യുന്നത് മുഴുവൻ കലാകാരന്മാർക്കും ആസ്വാദകർക്കും വേണ്ടിയാണ് എന്നമട്ടിലായിരുന്നു. ഞാൻ വെറും ഒരു മീഡിയേറ്റർ മാത്രമാണെന്നും അത് നടപ്പാക്കാനായി സൂര്യ എന്ന വലിയ പ്രസ്ഥാനം ഉണ്ടെന്നും ചിന്തിച്ചു. അതിന്റെ ഒപ്പം ദൂരെ മാറിനിന്ന്, എന്നാൽ അതിനുള്ളിൽ പെട്ടുകൊണ്ടുതന്നെ മുന്നോട്ടുപോകുന്ന ഒരു മനസ്സ്. ലോകത്ത് ഇതുപോലെ ഒരാൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമേൽ സത്യസന്ധമായും നീതിപൂർവമായും മനുഷ്യരെ ചേർത്തുനിർത്തിയ കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂർത്തി.
ആ വിയോഗം അക്ഷരാർഥത്തിൽ നമ്മുടെ കേരളത്തിനും ഇന്ത്യക്കും കലാകാരന്മാർക്കും കലാ ആസ്വാദകർക്കും ഒരു നഷ്ടംതന്നെയാണ്. ആ നഷ്ടം നികത്താനായി സൂര്യ ഉണ്ടാകുമെന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം അദ്ദേഹം കൊളുത്തിവച്ച വിളക്ക് ഒരു തിരിവെട്ടമാണ്. ആ വെട്ടം സൂര്യനെപ്പോലെ അത്യുജ്വലമായി പ്രജ്വലിക്കുമെന്നുതന്നെ കരുതാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
സൂര്യ കൃഷ്ണമൂർത്തി എന്ന ബ്രാൻഡ് നെയിം
ഒരുകാലത്ത് സൂര്യയിലെ കാഴ്ചക്കാരനായി പോയിരുന്ന ഞാൻ എന്റെ ആദ്യത്തെ സിനിമ തലപ്പാവ് ചെയ്തുകഴിഞ്ഞപ്പോൾ അത് സൂര്യ ഫെസ്റ്റിവലിൽ കാണിച്ചു. ഒഴിമുറിയും അവിടെ കാണിച്ചു. ഒഴിമുറി ഒരിക്കൽ ഉദ്‌ഘാടന സിനിമയായി ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ അതുകാണാൻ അത്രമേൽ ആൾക്കാർ ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിലേക്ക് എനിക്ക് കയറാൻപോലും പറ്റാത്ത അത്രമാത്രം അവസ്ഥ. അപ്പോഴൊക്കെ അദ്ദേഹം എന്നോട് പറഞ്ഞ ഒരു വാചകം ഇതായിരുന്നു. ‘‘ഒരു കലാകാരനെ ആളുകൾ എത്രമേൽ സ്നേഹിക്കുന്നു എത്ര ആദരിക്കുന്നു എന്നത് പ്രധാനമാണ്. ആ അംഗീകാരം ആളുകളുടെ കൈയിൽനിന്ന് കിട്ടുക എന്നു പറയുന്നത് ഒരു മഹത്തായ വലിയ കാര്യംതന്നെയാണ്. അങ്ങനെ കിട്ടാൻ ഭാഗ്യമുണ്ടാകുന്നവരാകുമ്പോൾ മാത്രമാണ് ആ കലാകാരൻ അംഗീകരിക്കപ്പെടുന്നത്. ചിലപ്പോൾ ഒരു വർക്ക് മാത്രം ആയിരിക്കും അദ്ദേഹം ചെയ്‌തത്. അല്ലെങ്കിൽ ഒരു ചിത്രമോ കഥയോ ആയിരിക്കും ഏറ്റവും ഗംഭീരമായത്. ആയ്‌ക്കോട്ടെ അത് മാത്രമേ അദ്ദേഹത്തിന് ചെയ്യാൻ പറ്റിയിട്ടുണ്ടാവുള്ളൂ. പക്ഷേ അതിനെ അംഗീകരിക്കപ്പെടുന്ന തരത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെങ്കിൽ അതായിരിക്കും ഏറ്റവും വലിയ കാര്യം’’.
ഞാൻ കഥകൾ എഴുതിയിരുന്ന സമയത്ത് എന്നോട് പറഞ്ഞു, മധു കഥ എഴുതുന്നുണ്ടെങ്കിൽ സൂര്യയുടെ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കണം. അങ്ങനെ കഥ വായിച്ചു. അങ്ങനെ ഒരുപാട് ഇടം പലപ്പോഴും എനിക്ക് തന്നിട്ടുണ്ട്. ആളുകളെ തിരിച്ചറിയുന്ന ഒരു മനസ്സ് അദ്ദേഹത്തിന് ഉള്ളതുകൊണ്ടുതന്നെയാണത്.
തീർച്ചയായും സൂര്യ കൃഷ്ണമൂർത്തി എന്ന ഒരു ബ്രാൻഡ് നെയിമിലുള്ള ഒരു വിശ്വാസമുണ്ട്. അത് ഒരു കാരണവശാലും നശിക്കുകയില്ല. ആ വിശ്വാസത്തെ ഇല്ലാതാക്കുന്ന ഒരു പ്രവൃത്തിയും സൂര്യ കൃഷ്ണമൂർത്തി എന്ന വ്യക്തിയിൽനിന്ന് ഉണ്ടായിട്ടുമില്ല. അതുതന്നെയാണ് ഒരു മനുഷ്യനുള്ള ഏറ്റവും വലിയ സ്മാരകം എന്ന് ഞാൻ വിശ്വസിക്കുന്നു.









0 comments