Deshabhimani

മരണം ഭയക്കാത്ത കാമറ; സ്റ്റിൽ ഡെത്ത്

d p dileep
avatar
അശ്വതി ജയശ്രീ

Published on Sep 06, 2026, 01:30 AM | 3 min read

പഴക്കംചെന്ന മൃതദേഹങ്ങളിൽനിന്ന്‌ വമിക്കുന്നത്‌ കാലക്രമേണ ദുർഗന്ധമല്ലാതായി. മരണവും ഒപ്പമുള്ള കണ്ണീരും 20 വർഷമായി ഇ‍ൗ ജീവിതത്തിന്റെ ഭാഗമാണ്‌. പതിനെട്ടാം വയസ്സിൽ അമ്മാവന്‌ പകരക്കാരനായി തുടങ്ങിയ ദിലീപിന്റെ ഫോട്ടോഗ്രഫി ജീവിതത്തിന്‌ 20 വർഷത്തെ പഴക്കമേയുള്ളൂ.


​പ്ലസ്‌ ടു പൊതുപരീക്ഷയിൽ കണക്കിൽ കാൽവഴുതി വീണ പതിനേഴുകാരൻ നേരെ പോയത്‌ പത്തനംതിട്ട നഗരത്തിലുള്ള അമ്മ വീട്ടിൽ അവധിയാഘോഷിക്കാനായിരുന്നു. ഫോട്ടോഗ്രാഫറായ സൂര്യ വിജയൻ എന്നറിയപ്പെടുന്ന അമ്മാവന്റെ കൂടെ കൂടി. പ്രതീക്ഷയോ ആഗ്രഹമോ ഇല്ലാതെ കാമറ കൈയിലെടുത്തു. 2005ൽ അപ്രതീക്ഷിതമായെത്തിയ ഫോൺവിളിയിൽ ആദ്യമായി പൊലീസ്‌ ഇൻക്വസ്റ്റിനായി മരണവീട്ടിലേക്ക്‌. അതൊരു തുടക്കം. ആരും മടിക്കുന്ന സാഹചര്യങ്ങളിലും മരിച്ചവരോടുള്ള ബഹുമാനംകാത്ത്‌ ദിലീപ്‌ കാമറ കണ്ണുകൾ തുറന്നു. രണ്ടായിരത്തോളം ഇൻക്വസ്റ്റുകളും രണ്ട്‌ പോസ്റ്റ്‌മോർട്ടവും കാമറയിൽ പതിപ്പിച്ച അനുഭവം. -ഫോട്ടോഗ്രഫിയുടെ പാഠങ്ങൾ അമ്മാവൻ പഠിപ്പിച്ചു. 1987ൽ വിജയൻ ആരംഭിച്ച സ‍ൂര്യ സ്റ്റുഡിയോ ആയിരുന്നു ദിലീപിന്റെ വിദ്യാലയം. 39 വർഷത്തെ പരിചയമാണ്‌ വിജയനുള്ളത്. ഇൻക്വസ്റ്റ്‌ ഫോട്ടോഗ്ര-ഫിയിൽ ആദ്യകാലങ്ങളിൽ വിജയനായിരുന്നു പ്രധാനി.​

​

ഓർമയിൽ ആ പിഞ്ചുകുഞ്ഞ്‌

​

"ജില്ലാ പൊലീസ്‌ മേധാവിയുടെ ഓഫീസിനു മുന്നിൽ ഓട്ടോയിൽ ലോറിയിടിച്ച്‌ മരണമുണ്ട്‌. എത്രയും വേഗം സ്ഥലത്തെത്തണം' ഫോണിന്റെ മറുതലയ്ക്കൽ പൊലീസ്‌ ഉദ്യോഗസ്ഥൻ. കാമറ കൈയിലെടുത്ത്‌ ദിലീപ്‌ ഓടി. പനി ബാധിച്ച പിഞ്ചുകുഞ്ഞുമായി ചിറ്റാറിൽനിന്ന്‌ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക്‌ ഓട്ടോയിൽ വരികയായിരുന്ന കുടുംബമാണ്‌ അപകടത്തിൽപ്പെട്ടത്‌. 18 ദിവസംമാത്രം പ്രായമുള്ള കുഞ്ഞ്‌ തിരിച്ചറിയാനാകാത്തവിധം മുറിവുകളുമായി ജീവൻ നഷ്‌ടപ്പെട്ടുകിടക്കുന്ന കാഴ്ചയിൽ ദിലീപ്‌ നിശ്ശബ്ദനായി. "അവളുടെ കഴുത്തും തലയും വേർപെടാതെ കാത്തത്‌ മാംസത്തിന്റെ ഒരു നേർത്ത ശകലം മാത്രമായിരുന്നു'–അത്‌ പറയുമ്പോൾ അയാളുടെ രോമങ്ങൾ എഴുന്നേറ്റു. 2015ലാണ്‌ സംഭവം."പിന്നീട്‌ ആറുമാസം ഇൻക്വസ്റ്റ്‌ ഫോട്ടോകൾ എടുക്കാൻ പോയില്ല. പൊലീസോ വീട്ടുകാരോ വിളിച്ചാൽ പല കാരണങ്ങൾ പറഞ്ഞ്‌ ഒഴിവായി. ആ കുഞ്ഞുരൂപം മനസ്സിൽനിന്ന്‌ മാഞ്ഞിട്ടില്ല. ഓർത്തെടുക്കുമ്പോൾ വല്ലാത്ത വേദനയാണ്‌'.

​

ഒരു മാസം 10 ഇൻക്വസ്റ്റ്‌ വരെ

​

ചില മാസങ്ങളിൽ പത്ത്‌ ഇൻക്വസ്റ്റ്‌ വരെ പകർത്തേണ്ടിവന്നിട്ടുണ്ട്‌. വീട്ടുകാരോ പൊലീസോ ആയിരിക്കും വിളിക്കുക. ദുരൂഹ സാഹചര്യങ്ങളിലുള്ള മരണവും ആത്മഹത്യകളും മുങ്ങിമരണവുമാണ്‌ കൂടുതൽ. ചില ഘട്ടങ്ങളിൽ പൊലീസ്‌ ഉദ്യോഗസ്ഥൻ മാത്രമാകും അടുത്തുണ്ടാകുക. ജനിച്ച ദിവസം മരിച്ച കൈക്കുഞ്ഞുങ്ങളുടെ ചിത്രം പകർത്തിയ മറക്കാനാകാത്ത ചില അനുഭവങ്ങളുമുണ്ട്‌. 2010ന്‌ ശേഷം ചിത്രങ്ങൾക്കൊപ്പം വീഡിയോയും നിർബന്ധമാക്കിയതോടെ വീഡിയോ കാമറകൂടി സ്വന്തമാക്കി.

​

ഉറക്കം കെടുത്തിയ അനാഥ പ്രേതങ്ങൾ

​

റോഡരികിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചുകിടക്കുന്നവരുടെയും അനാഥാലയങ്ങളിൽ മരിക്കുന്നവരുടെയും ചിത്രങ്ങൾ പകർത്തുകയായിരുന്നു ആദ്യഘട്ടത്തിലെ വെല്ലുവിളി. ശീലമായതോടെ മരണത്തോടുള്ള ഭയം ഇല്ലാതായി. ഇത്തരം കേസുകളിൽ ഫോട്ടോയെടുത്താലും പണം ലഭിക്കില്ലെന്ന്‌ അറിഞ്ഞുതന്നെയാണ്‌ പോകാറ്‌. അവർക്കായി മറ്റാരും പോകില്ല.

​

ഡിവിഡി മുതൽ പെൻഡ്രൈവ്‌ വരെ

​

ഒരു കാലഘട്ടംമുതൽ എടുത്ത മുഴുവൻ ചിത്രങ്ങളും സൂക്ഷിച്ചുവയ്ക്കുന്ന രീതിയുമുണ്ട്‌. അഞ്ഞൂറിലധികം ഡിവിഡികളിൽ ഇവ ശേഖരിച്ചിട്ടുണ്ട്‌. കാലം മാറിയപ്പോൾ പെൻഡ്രൈവിലേക്ക്‌ മാറി. ഓരോ വർഷത്തെയും പ്രത്യേകം സൂക്ഷിക്കുന്നു. "ചില കേസുകളിൽ വർഷങ്ങൾക്കുശേഷം ഫോട്ടോ തേടി പൊലീസ്‌ എത്തിയിട്ടുണ്ട്‌. സൂക്ഷിച്ച ചിത്രങ്ങൾ നഷ്‌ടപ്പെട്ടതും നഷ്‌ടപ്പെടുത്തിയതുമായ സംഭവങ്ങളുണ്ട്‌. അത്‌ മറികടക്കാനാണ്‌ സ്വന്തം ചെലവിൽ സൂക്ഷിക്കുന്നത്‌. പൊലീസ്‌ ചോദിച്ചാൽ ചിത്രങ്ങൾ കൃത്യമായി കൈമാറാനാകും'–പത്തനംതിട്ട നഗരത്തിലെ തന്റെ എഡിക്സ്‌ എന്ന സ്റ്റുഡിയോയിലെ പെൻഡ്രൈവുകൾ ചൂണ്ടിക്കാട്ടി ദിലീപ്‌ പറയുന്നു.

​

അമിതകൂലി ഇ‍ൗടാക്കുന്ന രീതിയോട്‌ താൽപ്പര്യമില്ല ദിലീപിന്‌. ഇതൊരു ജോലിമാത്രം. പലപ്പോഴും ക‍ൂലി എണ്ണിനോക്കാറില്ല. ഒരാഴ്ചയിലധികം പഴക്കമുള്ള മൃതശരീരം ഇടുങ്ങിയ ലോഡ്‌ജ്‌ മുറിയിൽ കണ്ടെത്തിയപ്പോൾ പൊലീസ്‌ ആദ്യം വിളിച്ചത്‌ ദിലീപിനെയായിരുന്നു. മരിച്ചയാളുടെ മുഖം കാമറയിൽ പതിയണമെങ്കിൽ ശരീരത്തിനോട്‌ ചേർന്നുനിൽക്കേണ്ട അവസ്ഥ. മറ്റൊന്നും ആലോചിക്കാതെ ചിത്രങ്ങൾ പകർത്തി. ഇങ്ങനെ ചെയ്ത ജോലിക്ക്‌ കൂലി ചോദിക്കാൻ ആളില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്‌. ഏറ്റവുമധികം ബുദ്ധിമുട്ടി ഫോട്ടോയെടുത്ത ഒരു കേസിൽമാത്രം നാലായിരം രൂപ വാങ്ങേണ്ടിവന്നു. ചില വീടുകളുടെ അവസ്ഥ കണ്ടാൽ പണം വാങ്ങാനാകില്ല. നിർബന്ധിച്ച്‌ നൽകുന്നവരോട്‌ സ്നേഹത്തോടെ വലിയ തുക നിരസിക്കുമെങ്കിലും ഇതൊരു ചാരിറ്റിയല്ലായെന്ന്‌ വ്യക്തമാക്കാൻ ഒരുതുക വാങ്ങും.

​

​ഒപ്പമുണ്ട്‌ കോടതികയറ്റം

​

കൊലപാതകങ്ങളുടെയും അപകടങ്ങളുടെയും ഇൻക്വസ്റ്റിന്‌ പോയാൽ വൈകിയാണെങ്കിലും വീട്ടുപടിക്കൽ സമൻസ്‌ ഉറപ്പാണ്‌. കേസുമായി ബന്ധപ്പെട്ട്‌ കോടതിയിൽ ഹാജരാകണമെന്നാകും അതിന്റെ ഉള്ളടക്കം. വിവിധ കോടതിമുറികളിൽ മണിക്കൂറുകൾ ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്‌ ദിലീപിന്‌. പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യശരങ്ങളിൽ പതറാതെ സത്യം പറയും. ഓരോ തവണ ഇൻക്വസ്റ്റ്‌ സംഘത്തിനൊപ്പം പോകുമ്പോഴും കോടതിസമൻസ്‌ കൂടി പ്രതീക്ഷിക്കാറുണ്ട്‌. ഇൻക്വസ്റ്റുകൾക്ക്‌ വിളിക്കുന്ന സ്വകാര്യ ഫോട്ടോഗ്രാഫർമാർക്കുള്ള വേതനം സംബന്ധിച്ച്‌ പ്രത്യേക ഉത്തരവുകളോ നിയന്ത്രണമോ ഇല്ല. വീട്ടുകാർ പറയുന്ന തുക നൽകുന്നതാണ്‌ പതിവ്‌. എന്നാൽ ഇതിനെ ചൂഷണംചെയ്യുന്ന നിരവധിപേരുണ്ടെന്ന്‌ ദിലീപ്‌ പറയുന്നു. നിർദാക്ഷിണ്യം 6000മുതൽ 8000 രൂപവരെ വാങ്ങുന്നവരുണ്ട്‌. പ്രിയപ്പെട്ടവരെ നഷ്‌ടമായ വീട്ടുകാരോട്‌ പണം എണ്ണിവാങ്ങുന്നത്‌ അനീതിയാണ്‌. ഇതിന്‌ നിയന്ത്രണം വേണം.

​

​2026ൽ 32 കേസ്‌

​

​2026 ജൂൺവരെയുള്ള ആറ്‌ മാസത്തിൽമാത്രം 32 കേസുകളുടെ ഭാഗമായി. മനസ്സാക്ഷിയുടെ പേരിലാണ്‌ പലപ്പോഴും കാമറയും തോളിലിട്ട്‌ പൊലീസ്‌ പറയുന്നിടങ്ങളിലേക്ക്‌ കയറിച്ചെല്ലുന്നത്‌. പൊലീസുകാരുമായി ചേർന്നുള്ള ജോലിയായതിനാൽ അനുഭവങ്ങൾക്ക്‌ കുറവില്ല. അതിൽ നല്ലതും ചീത്തയും പെടും. മരിച്ചയാളോട്‌ എല്ലാ ബഹുമാനവും കാണിക്കുന്ന, വീട്ടുകാരെ കരുണയോടെ ആശ്വസിപ്പിക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥരെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്‌. എന്നാൽ, പരുഷമായി പെരുമാറുന്ന ആളുകളുമുണ്ട്‌. പക്ഷേ, ഫോട്ടോഗ്രാഫറെന്ന നിലയിൽ തന്നെ നയിക്കുന്നത്‌ മനുഷ്യത്വമാണെന്ന്‌ ദിലീപ്‌ പറയുന്നു.

​

മടുക്കാത്ത ജോലി

​

ഇൻക്വസ്റ്റ്‌ ഫോട്ടോഗ്രഫി ഉപേക്ഷിച്ച്‌ സ്റ്റുഡിയോയിൽ ഒതുങ്ങിക്കൂടുമോ എന്ന ചോദ്യത്തിന്‌ ഒരിക്കലുമില്ലെന്നാണ്‌ ദിലീപിന്റെ മറുപടി. "വരുമാനമോ ലാഭമോ ഞാൻ നോക്കിയിട്ടില്ല. ആര്‌ വിളിച്ചാലും പോകും'– ദിലീപ്‌ പറയുന്നു. പ്ലസ്‌ ടു സപ്ലിമെന്ററി പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിനിടെ തുടങ്ങിയ ഫോട്ടോഗ്രഫി ഇന്ന്‌ ജീവനും ജീവിതവുമായി മാറിയത്‌ അഭിമാനത്തോടെ പങ്കിടുകയാണ്‌ ഇ‍ൗ യുവാവ്‌. ഭാര്യ രേവതിയും കാമറയുമായി കൂടെയുണ്ട്‌. ഇതുവരെ രണ്ട്‌ ഇൻക്വസ്റ്റ്‌ രേവതി കാമറയിലാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home