Deshabhimani

print edition തീക്ഷ്ണരേഖകളിലെ തീമുന

Theeshnam
avatar
ബിന്ദു വി എസ്

Published on Oct 18, 2026, 01:30 AM | 5 min read

1516-ൽ തോമസ് മൂറിന്റെ കൃതി "ഉട്ടോപ്യ’ സർവവും തികഞ്ഞ സാങ്കൽപ്പിക ലോകത്തെ അവതരിപ്പിച്ചു. പിന്നീട് സാഹിത്യത്തിലും വർത്തമാനങ്ങളിലും ഉട്ടോപ്യ പരിചിതപ്രയോഗമായി മാറി. 1868-ൽ ബ്രിട്ടീഷ് പാർലമെന്റിൽ ഭരണകൂടത്തിന്റെ അധികാര ദുർവിനിയോഗത്തെ "ഡിസ്റ്റോപ്പിയ’ എന്ന വാക്കുകൊണ്ടാണ് ജോൺ സ്റ്റുവർട്ട് മിൽ എതിരിട്ടത്.


2026-ൽ മനുഷ്യരാശിയുടെ മുഷിഞ്ഞ ജീവിതങ്ങളും ഭരണകൂടഭീകരതയും മതങ്ങളുടെ പേരിൽ സൃഷ്ടിക്കപ്പെടുന്ന വർഗീയതയും ജാതിവിവേചനങ്ങളും സ്ത്രീവിരുദ്ധതയും എത്രമാത്രം അപകടം നിറഞ്ഞ ലോകത്തെയും സമൂഹത്തെയും നിർമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടാൻ തിരുവനന്തപുരത്ത് ചിത്രകൃത്തും ശിൽപ്പിയും ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകനുമായ നേമം പുഷ്‌പരാജ്‌ ഒരുക്കിയ പ്രദർശനം ‘ഡിസ്റ്റോപ്പിയ’ എന്ന പേരിലാണ് സംഘടിപ്പിച്ചത്.


​​1979 ഒക്ടോബർ 27ന്‌ നേമത്ത് നഗരവീഥിയുടെ അരികിൽ വലിച്ചുകെട്ടിയ തുണിയിൽ പുതിയ ദൃശ്യാനുഭവങ്ങളായി ചില ചിത്രങ്ങളും അടിക്കുറിപ്പുകളും നിരന്നു. ആധുനിക ചിത്രകലയെ ജനകീയ ചിത്രഭാഷയാക്കി പ്രദർശിപ്പിച്ച് വഴിയോരത്തുകൂടി കടന്നുപോയ സാധാരണക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ഫൈൻ ആർട്സ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥി നേമം പുഷ്പരാജായിരുന്നു. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ നേതൃത്വത്തിലായിരുന്നു ആ കലാപ്രദർശനം.


പിന്നീട് പുരോഗമന കലാസാഹിത്യസംഘം ഇന്നും പ്രധാന പ്രതിഷേധ പ്രതിരോധ മാർഗമായി തുടരുന്ന തെരുവോര ചിത്രപ്രദർശനത്തിന്റെ തുടക്കമായിരുന്നു അത്. അന്നത്തെ ചിത്രങ്ങളോടൊപ്പം നൽകിയിരുന്ന അടിക്കുറിപ്പുകൾ പോരാട്ടവീര്യത്തെ പ്രോജ്വലിപ്പിച്ചു. "മൈലാഞ്ചിയരയ്ക്കുന്നോ രാമരാജ്യം, മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു, വേരറ്റുവീണു നശിക്കട്ടെ ഫാസിസം’ എന്നിങ്ങനെ ചങ്ങമ്പുഴയുടെ വരികളും സുകുമാർ അഴീക്കോട്, ചെറുകാട് തുടങ്ങിയവരുടെ വാക്കുകളും ആ ചിത്രങ്ങൾക്ക് അടിക്കുറിപ്പുകളായി. ഫാസിസത്തിന്റെ പതിയിരുന്നുള്ള ആക്രമണത്തെ സാധാരണക്കാർക്ക് വ്യാഖ്യാനഭീതിയില്ലാതെ മനസ്സിലാക്കാൻ കഴിയുന്ന രീതി ഈ ചിത്രകൃത്ത് ശൈലിയാക്കി. പ്രദർശനം നടന്ന സ്ഥലത്തെല്ലാം സാധാരണക്കാർ കൗതുകത്തോടെ കൂട്ടംകൂടി.


അന്ന് കലാസാഹിത്യസംഘം യൂണിറ്റ് സെക്രട്ടറിയായിരുന്ന സുഹൃത്ത് റഹിമിനെ നേമം പുഷ്പരാജ് ഓർക്കുന്നു. ഡ്രോയിങ്‌ ഷീറ്റുകളിൽ വരച്ചെടുത്ത ചിത്രങ്ങളുമായി തിരുവനന്തപുരംമുതൽ കൽപ്പറ്റവരെ റഹിമും ഒപ്പംസഞ്ചരിച്ച് തെരുവോര ചിത്രപ്രദർശനം നടത്തി. നിറങ്ങളുടെ മാന്ത്രികസംയോജനവും നിഴലുകളുടെ ഉപയോഗവും നിറഞ്ഞ ആ ചിത്രങ്ങൾ അധിനിവേശത്തിനെതിരെ, ദേശീയതയും മതവും അപകടകരമാംവിധം ഉപയോഗിക്കുന്നതിനെതിരെ, ഭയം ആയുധമാക്കി ജനതയുടെ സർഗാത്മകസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെതിരെ ധീരമായി വായിക്കപ്പെടുന്നു.

​

ഇന്ത്യയുടെ ജനകീയചരിത്രത്തെത്തന്നെ റദ്ദുചെയ്ത അടിയന്തരാവസ്ഥയുടെ ഭീകരനാളുകളിൽക്കൂടി നേമം പുഷ്പരാജും കടന്നുപോയിട്ടുണ്ട്. യുവാക്കളുടെ ഊർജം ചോർത്തിക്കളഞ്ഞ, പ്രതിഭാധനരെ തടങ്കലിൽ പാർപ്പിച്ച, പ്രതിപക്ഷരാഷ്ട്രീയത്തെ കൊന്നുകുഴിച്ചുമൂടിയ നാളുകൾ. ചിത്രകലയിലെ എക്സ്പ്രഷനിസവും സർറിയലിസവും അദ്ദേഹത്തിന്റെ മാർഗമായിരുന്നുവെങ്കിൽക്കൂടി നഗ്നമായ ജീവിതയാഥാർഥ്യങ്ങളെ കൂട്ടിയോജിപ്പിക്കുകയും ചെയ്തു.


ഓരോ വരയും ബഹുലമായ സാംസ്കാരികപാഠമായി മാറുന്ന സവിശേഷാനുഭവമായിരുന്നു ഡിസ്റ്റോപ്പിയ, ചരിത്രംപോലെ അത് ഏതും ഖനനം ചെയ്യുന്നു. വിദ്യാർഥിരാഷ്ട്രീയത്തിന്റെ നാൾവഴികളിൽ ഫൈൻ ആർട്സ് കോളേജിന്റെ ചരിത്രം പരിശോധിച്ചാൽ ആദ്യമായി കോളേജ് യൂണിയൻ രൂപീകരിക്കാൻ നേതൃത്വം നൽകിയ, ആദ്യത്തെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായ നേമം പുഷ്പരാജിനെ കാണാം. അടിയന്തരാവസ്ഥ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ ഏതൊരാൾക്കും വായിച്ചെടുക്കാൻ, കലഹിക്കാൻ സ്വാതന്ത്ര്യപ്പെടുന്ന ചിത്രങ്ങൾതന്നെയാണ് അദ്ദേഹത്തിന്റേത്. കലാസംവിധായകൻ, ആർട്ട് എഡിറ്റർ, കവി, കഥാകാരൻ എന്നീ നിലകളിലും തന്റെ ഇടതുപക്ഷ മാനവികതയുടെ രാഷ്ട്രീയം അദ്ദേഹം വിഷയമാക്കി.

​

നിറങ്ങളിലെ സൂക്ഷ്മദർശനം

​

എങ്ങുനിന്നോ പരന്നൊഴുകി വന്നുനിറയുന്ന പച്ചയും തൊട്ടാൽ കൈപൊള്ളുമെന്നു കരുതുന്ന തീത്തുള്ളികളുമൊക്കെ സൃഷ്ടിക്കുന്ന പ്രതലസൂക്ഷ്മത ചിത്രകൃത്തിന് പ്രകൃതിയും പ്രണയവും ആസുരതയും തുറന്നിട്ട വാതിലുകളാണ്. പക്ഷിക്കൂടും മുട്ടകളും സ്വാഭാവികരീതിയിൽ നിന്നടർത്തിമാറ്റപ്പെട്ട് കൃത്രിമച്ചൂടിനാൽ വിറകൊള്ളുന്നതായി നാമറിയുന്നത് "തള്ളപ്പക്ഷിയുടെ മരണം’ എന്ന ചിത്രത്തിനരികിൽ നിൽക്കുമ്പോഴാണ്.


യുദ്ധത്തിന്റെ നടുവിൽപ്പെട്ടുഴലുന്ന, ശവക്കല്ലറകളാൽ നിറയുന്ന മനുഷ്യരും ഇടങ്ങളുമായി നാം മാറുമ്പോൾ "യുദ്ധം’ എന്ന ചിത്രം സാമ്രാജ്യത്വത്തിന്റെ ചെയ്തികളെ വെല്ലുവിളിക്കുന്നു. പൂക്കളെ വഹിച്ച്‌ മുന്നോട്ടോടുന്ന തീവണ്ടി കത്തിക്കാളുന്ന തീയിലേക്കാണ് പാഞ്ഞടുക്കുന്നത്. ചിത്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന കസേര ഒറ്റപ്പെട്ട നന്മയെ പ്രതിനിധാനംചെയ്യുന്നു.


ആരാണ് ഈ കെടുതിയെ അരുതെന്ന് പറയുക?അദൃശ്യമായി സാമ്രാജ്യത്വം ഇരിപ്പുറപ്പിച്ച കസേരകൾ നിരവധിയുണ്ടെന്നിരിക്കെ നിശ്ശബ്ദവും മൂകവുമായ ചിത്രത്തിലെ കസേരയ്ക്ക് കാത്തിരിപ്പിന്റെ ക്ഷമയുണ്ട്. കൂട്ടത്തോടെ അഗ്നിയിലാകുന്ന കരിവണ്ടുകൾ പ്രതീക്ഷകൾക്ക് കരിഞ്ഞ മണം നൽകുന്നു. ഈ ചിത്രത്തിന്റെ ബിംബസംവിധാനം (Imagery) വിഷയത്തെ ഏറ്റവും പ്രസക്തിയുള്ളതാക്കുന്നു.

​

കൂടുതൽ ഡിസ്റ്റോപ്പിയൻ ചിത്രങ്ങൾ

​

തകർന്ന ലോകത്തിന്റെ ദൃശ്യതിരിച്ചറിവായി ചിത്രകൃത്ത് രൂപപ്പെടുത്തുന്ന കാഴ്ചകളും അതിന്റെ സങ്കീർണമല്ലാത്ത രാഷ്ട്രീയവായനയും എടുത്തുപറയേണ്ടതുണ്ട്. "ശിരോലിഖിതം’ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കോളനിവാഴ്ച വിശദീകരിക്കുകയാണ് ചിത്രം. മുഖമില്ലാത്ത, ഹാങ്ങറിൽ തൂക്കിയിട്ടിരിക്കുന്ന ആധുനിക ഫാഷൻ വസ്ത്രത്തിലെ ഉരുക്കുമുഷ്ടിയുള്ള മനുഷ്യൻ അധികാരദണ്ഡുമേന്തി ദേശീയപതാകയെ ചവിട്ടിമെതിച്ചുപോവുകയാണ്. അയാൾക്കുപിന്നിൽ ഹിമശൈലങ്ങൾ. അയാളുടെ ഒരു കാലിലും കൈയിലും രക്തസഞ്ചാരമുണ്ട്.


പരിചിതമല്ലാത്ത പച്ച അയാളിൽ പടരുന്നുമുണ്ട്. ഇരുണ്ടു തുടങ്ങുന്ന കാലത്തിന്റെ ധാർഷ്ട്യവും വെളിച്ചപ്പെടാൻ കാത്തുനിൽക്കുന്ന അനേകം മനുഷ്യരുടെ ഹിമമുറഞ്ഞ ദൈന്യവും ചിത്രം എഴുതിവച്ചിട്ടുണ്ട്. ആദിശങ്കരനെ വരച്ചിരിക്കുന്ന ചിത്രത്തെക്കുറിച്ച് ചിത്രകൃത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്. ഈ ചിത്രത്തെ രണ്ടു തലത്തിൽ വായിക്കാം. ബൗദ്ധപാരമ്പര്യത്തെ ഉന്മൂലനം ചെയ്ത ആദിശങ്കരനെ കാണാം. മറ്റൊന്ന് ഓണവുമായി ബന്ധിപ്പിച്ചുള്ളതാണ്.


നമ്മുടെ പ്രതിരൂപമായ മഹാബലിയെ പ്രച്ഛന്ന വേഷധാരിയായ വാമനൻ കത്തിയാഴ്ത്തി പാതാളത്തിലേക്കു താഴ്ത്തുന്നു. ആ മുറിവിലെ ചോരവീണു ചുവന്നതാണ് പൂക്കളമായത്. ഇന്നും നാം രക്തസാക്ഷിയുടെ പൂക്കളം ഓർമിക്കുന്നു. ജീവിതമൂല്യങ്ങളുടെ പ്രായോഗികതയെ സ്വന്തം ജീവിതത്തിൽ പകർത്തിയ മഹാത്മാഗാന്ധി ചില ചിത്രങ്ങളിൽ ആവർത്തിക്കുന്നുണ്ട്. ഹിംസയ്ക്കെതിരെ ഗാന്ധിജി നടത്തിയ സമരമാണ് ഏറ്റവും പ്രധാനപ്പെട്ട സ്വാതന്ത്ര്യസമരസന്ദേശം.


രാഷ്ട്രപിതാവിന്റെ ചിത്രം ലേഖനം ചെയ്ത ഫ്ലക്സിൽ സംഘപരിവാർ തുരുതുരെ വെടിയുയർത്തി പ്രതീകാത്മകഹിംസ നടത്തിയതും കുറച്ചുകാലംമുന്പ്‌ ഇന്ത്യ കണ്ടു. ആ ഏകാന്തവയോധികനെ സ്വന്തം നിഴൽമാത്രം പിന്തുടരുന്നത് ഈ ചിത്രം രേഖപ്പെടുത്തുന്നു. അനുയായികളില്ലാത്ത ഗാന്ധി, ചിറകറ്റ്, തൂവലുകൾ കൊഴിഞ്ഞ് സ്വപ്നങ്ങളുടെ കിളിമുട്ടകൾപോലും അപഹരിക്കപ്പെടാൻമാത്രമുള്ളതായി തീർന്നിരിക്കുന്നു. കനപ്പെട്ട മൗനവും ദുഃഖവും ഈ ചിത്രം ഉള്ളടക്കമാക്കിയിരിക്കുന്നു. രാജ്ഘട്ടിലെ ഗാന്ധിജിയുടെ അന്ത്യവിശ്രമയിടത്ത് ആയുധങ്ങൾ കുന്നുകൂടുന്നതും വെടിയ തുളകളിലൂടെ താമരകൾ പടർന്നുകയറുന്നതും അശോകസ്തംഭത്തിലെ മൂന്നു കുരങ്ങന്മാരും വർത്തമാനകാല ഇന്ത്യയിലെ ഛിദ്രശക്തികൾ ഗാന്ധിജിയെ വീണ്ടും എങ്ങനെ വധിച്ചുകൊണ്ടേയിരിക്കുന്നു എന്നതിന്റെ ചിത്രണമാണ്.

​

അനേകായിരം മനുഷ്യരുടെ ഉപജീവനമാർഗമായ "കാലിവളർത്തൽ’ ഗോമാതാവിന്റെ പ്രതിച്ഛായ സൃഷ്ടിച്ച് നിരന്തരം അപകടത്തിലാക്കുന്ന വർഗീയശക്തികളുടെ ഇടപെടലിനെയും ചിത്രങ്ങളിൽ ശക്തമായി ആവിഷ്കരിക്കുന്നുണ്ട്. യാദവനായ ശ്രീകൃഷ്ണൻ പശുക്കളെ മേയ്ച്ചും തെളിച്ചും നടന്നിരുന്നല്ലോ കഥകളിൽ. ഇന്നായിരുന്നുവെങ്കിൽ അത്ര സുഗമമാകുമായിരുന്നോ അദ്ദേഹത്തിന് ആ തൊഴിൽ, വിനോദം! ? അനാഥരായ പശുക്കളും താഴെ വീണുകിടക്കുന്ന ഓടക്കുഴലും മരത്തിലിരിക്കുന്ന വിഷണ്ണനായ പശുപാലകനും ഇന്നിന്റെ ദുരവസ്ഥയാണ്.

​"വേട്ട' നിരന്തരം വേട്ടയാടപ്പെടുന്ന സ്ത്രീജീവിതത്തിന്റെ അവശേഷിക്കുന്ന നിലവിളികളും ചോരത്തുള്ളികളും ദൃശ്യപ്പെടുത്തുന്നു എന്നു പറയാം.


സ്ത്രീയെ ദേവിയായി വാഴ്ത്തുന്ന പാരമ്പര്യംതന്നെ അവരെ പീഡനപരമ്പരകളുടെ തുടർച്ചയുമാക്കുന്നു. മണിപ്പുരിൽ പൂർണ നഗ്നരാക്കി ആൾക്കൂട്ടം നടത്തിക്കൊണ്ടുപോകുന്ന രണ്ട്‌ യുവതികളുടെ ചിത്രം ആരും മറന്നുപോകില്ല! ചിത്രത്തിൽ അയയിൽ തൂക്കിയിട്ടിരിക്കുന്ന ഇറച്ചിത്തുണ്ടങ്ങൾ പെണ്ണുടലുകളാണ്. അവയിൽനിന്നു ഭൂമിയിലേക്കിറ്റുന്ന ചോരത്തുള്ളികൾ പരന്ന് സമുദ്രമാകുന്നു. ഇതാ ഒരുവൾ, അനേകം സ്ത്രീകളുടെ ദുരവസ്ഥയെ ഓർമിപ്പിച്ചുകൊണ്ട് അർധനഗ്നയായി നിലവിളിച്ചോടുന്നു.


ഇതും ഭാരതാംബയാണ്! ഈ പലായനം എവിടെയാണ് അവസാനിക്കുക? പിന്തുടരുന്ന കാർമേഘങ്ങൾ ഭയപ്പെടുത്തുമോ അവളിലെ ദുഃഖാഗ്നിയെ കെടുത്തുമോ? അധികാരഗർവിന്റെ ഇരയാകാൻ വിധിക്കപ്പെട്ടവൾക്കായി പോരാട്ടഭൂമി ഒരുക്കാൻ സ്വയം അവൾക്കാകുമോ? ഈ ചിത്രം നോക്കിയിരിക്കെ മനസ്സിൽ തെളിയുന്നത്‌ വേട്ടക്കാരനെയാണ്. അദൃശ്യനായിരിക്കുമ്പോഴും അയാളെ ചോദ്യംചെയ്യാനുള്ള അവസരമാണ് ചിത്രത്തിന്റെ ഊർജവും പ്രേരണയുമാകുന്നത്. അസാധാരണമായ അനുഭവമാണ് ചിത്രത്തിന്റെ ചലനാത്മകത.

​

ജനാധിപത്യത്തിന്റെ പ്രധാന തൂണുകളിലൊന്നായ ജുഡിഷ്യറി അടിസ്ഥാനവർഗത്തിന്റെ അഭയമാണ്. എല്ലാവർക്കും തുല്യനീതി എന്നതാണല്ലോ ഭരണഘടനാവാക്യം. പലപ്പോഴും പണക്കൊതിയാൽ വിലയ്ക്കെടുക്കപ്പെടുന്ന വക്കീലോ ജഡ്ജിയോ നിയമത്തെ അനുസരിക്കാതിരിക്കുകയോ തങ്ങളുടെ കണ്ണുകൾ കെട്ടി നീതിയെ വിൽക്കുന്നതോ ആയ കാഴ്ച നമ്മെ ഏറ്റവും അലോസരപ്പെടുത്തുന്ന സാമൂഹികവിപത്താണ്. കൂടുതൽ പണം നൽകുന്നവർക്കുവേണ്ടി വാദിയോ പ്രതിയോ എന്നു നോക്കാതെ നിയമം വളച്ചൊടിക്കുന്നവരെക്കുറിച്ചുള്ള ചിത്രം ഈ ജനാധിപത്യവിരുദ്ധതയെ പ്രകടമാക്കുന്നു. പല സംഭവങ്ങളും അനുവാചകരുടെ ഉള്ളിൽ തെളിയും.


കാഴ്ചയിൽ അതവിടെ അവസാനിക്കുന്നില്ല. മനുഷ്യമനസ്സിന്റെ വിമലീകരണത്തിലേക്ക് ചിത്രങ്ങൾ കൂട്ടിക്കൊണ്ടുപോകുകയാണ്.

​നവോത്ഥാനത്തിന്റെ പ്രജ്ഞ കരളുന്ന ചില എലികൾ ഇന്ന് എവിടെയും നിറയുന്നു. ഗുരുവിന്റെ വാക്കുകളും ആശയങ്ങളും വിഴുങ്ങുന്ന പിന്തുടർച്ചക്കാർ ഏതുതരം മതനിരപേക്ഷ ആത്മീയതയെക്കുറിച്ചാണ് പ്രബുദ്ധരാകുക? ഗാന്ധിജിയെയും മാർക്സിനെയുംപോലും സ്വാർഥതയ്ക്ക് ഉപയോഗിക്കാൻ ലോകം മടിക്കുന്നില്ല. തായ്‌വേരുകൾ നഷ്ടപ്പെട്ടാൽ എല്ലാം പ്രസക്തിയില്ലാതെയാകുമെന്ന സന്ദേശം നൽകുന്ന ചിത്രം മറ്റൊരു തീപാഠമാണ്.


"ഭയം അരിച്ചിറങ്ങുന്ന

ശൂന്യമായ മുറിയിലെ

പേടിപ്പെടുത്തുന്ന നിശ്ശബ്ദത’ (ബിജു കാഞ്ഞങ്ങാട് - വാൻഗോഗിന്റെ ‘ദ നൈറ്റ് കഫേ’യെ ആധാരമാക്കി എഴുതിയ കവിതയിൽനിന്ന്)യെ നേമം പുഷ്പരാജ് ചിത്രങ്ങളിൽ തുറന്നിടുന്നു. അതുകൊണ്ടുതന്നെ അദേഹത്തിന്റെ ചിത്രങ്ങൾ സൂചനകളാണ്. പലതരം പുറമ്പോക്കുകളും വിഹ്വലതകളും ജലകണത്തിൽ ജീവന്റെ അമൃതാകുന്ന ഗുരുസ്മരണയും വിൽപ്പനക്കാരുടെ മനഃശാസ്ത്രവും വിചാരണകളും ആത്മാനുരാഗവുമെല്ലാം നിറഞ്ഞതാണ് നേമം പുഷ്പരാജെന്ന നിലാവും നൃത്തവും ഇഷ്ടപ്പെടുന്ന കലാകാരന്റെ ലോകം.


തൂലികയേന്തിയുള്ള സമരഘോഷയാത്രയെ "ആഗ്നേയ’മെന്ന് വിശേഷിപ്പിക്കുന്ന ചിത്രചരിത്രകാരൻ. അദ്ദേഹത്തിന്റെ "വിശുദ്ധവേട്ട’ എന്ന കവിതയിൽ ചില വരികൾ ലോകത്തിന്റെ മതിലിൽ കൊത്തിവച്ചിരിക്കുന്നു. വിഭജനത്തിലും വിദ്വേഷത്തിലും നാം അടിപതറുമ്പോൾ ഈ ചുവരെഴുത്ത് വായിക്കുകതന്നെ വേണം.

‘‘ചുവടുറയ്ക്കാത്ത ആദിവാസിക്കുഞ്ഞെന്നോടു

ചോദിച്ചു.

‘എപ്പോഴാണച്ഛാ നമുക്ക്

നിവർന്നുനിൽക്കാനൊരെല്ല് വളരുക?’

അതേ മുഴുവൻ ചിത്രങ്ങളിലും വിശപ്പുപോലെ ഉറക്കവും മരണവുംപോലെ യാഥാർഥ്യമായൊരു വാക്ക്, നീതിക്കുവേണ്ടിയുള്ള ഒരുറപ്പ്

അതുതന്നെ, "ജാഗ്രത’.’’



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home