Deshabhimani

മായില്ല... ആ പാദമുദ്രകൾ...

messi
avatar
എ എൻ രവീന്ദ്രദാസ്‌

Published on Sep 06, 2026, 01:30 AM | 4 min read

മാന്ത്രികക്കാലുകൾകൊണ്ട് ലോകത്തെ വിസ്‌മയിപ്പിച്ച ആകാശനീലിമയിലെ സൂര്യൻ അസ്‌തമിച്ചു. പക്ഷേ, ആ സൂര്യശോഭയ്ക്ക്‌ മങ്ങലേൽക്കില്ല. അതങ്ങനെ വിശ്വഫുട്ബോളിൽ കാലാതീതമായ പ്രഭചൊരിഞ്ഞ്, ജനമനസ്സുകളിൽ മായാമുദ്രിതമായി ജ്വലിച്ചുനിൽക്കും. തന്റെ രചനകളുടെ പൂർണതയ്ക്കായി ഹൃദയം പകുത്തുനൽകിയ ചിത്രകാരൻ വാൻഗോഗിന്റെ ദൗത്യം കാൽപ്പന്തിൽ കലാത്മകതയോടെ നിർവഹിച്ച്, രണ്ടുപതിറ്റാണ്ടിനുശേഷം ലയണൽ ആന്ദ്രേ മെസി അർജന്റീനയുടെ പത്താംനമ്പർ കുപ്പായം അഴിച്ചുവയ്ക്കുമ്പോൾ മനുഷ്യകുലത്തെ മുഴുവൻ ആനന്ദത്തിലാറാടിച്ച സുവർണയുഗത്തെക്കൂടിയാണ് യാത്രയാക്കുന്നത്.


ന്യൂയോർക്ക് ന്യൂജഴ്സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 19 രാത്രിയിൽ ഫിഫ ലോകകപ്പ് 2026-ൽ കപ്പുയർത്തിയ സ്‌പെയ്‌ൻ ആഘോഷങ്ങളിൽ മുഖരിതമായപ്പോൾ, മെസി ഒരുവശത്ത് നിശ്ശബ്‌ദനായി നോക്കിനിന്ന ആ നിമിഷങ്ങളിൽ എത്രയെത്ര വികാരങ്ങളുടെ കുത്തൊഴുക്കാണ് ആ മനസ്സിലും ആരാധകഹൃദയങ്ങളിലും അലതല്ലിയത്‌. എത്രഗോൾ സ്വന്തം വലയിൽ വീണാലും അതിലപ്പുറം എതിരാളിക്ക് നൽകാനും തിരിച്ചടിക്കാനും കെൽപ്പുള്ള അർജന്റീനയുടെ നായകനും നിയന്താതാവുമായ ലയണൽ മെസി കപ്പൽച്ചേതംവന്ന നാവികനെപ്പോലെ ദുഃഖഭാരത്താൽ നടന്നുനീങ്ങുന്നതും അത്യപൂർവമായ സ്‌പാനിഷ് ഗോപുരം ഉയരുന്നതും ലോകം വിസ്‌മയത്തോടെ കണ്ടു. ഫുട്ബോൾ എപ്പോഴും നമ്മോട് നല്ലതുമാത്രം ചെയ്യുമെന്ന്‌ വിശ്വസിക്കരുത്. ചിലപ്പോൾ ക്രൂരത കാട്ടും. അങ്ങനെ ലോകഫുട്ബോളിലെ ഏറ്റവും വലിയ പോരാളികളിലൊരാളായ മെസിയുടെ അവസാന ലോകകപ്പ് യാത്ര കണ്ണീരിലാണ്‌ അവസാനിച്ചത്.


Magic Fades for Argentina: A Tactical Masterclass from Spain Seals World Cup Glory


മെസിയുടെ കളി വിവരിക്കാൻ വാക്കുകൾ പോരാതെ വരും. ആ മനുഷ്യൻ പന്തുമായി ഓടുകയല്ല; ഒഴുകുകയാണ്. മറ്റുള്ളവർ പന്തിനെ നിയന്ത്രിക്കും. മെസി പന്തിൽ ജീവിക്കും. ആ ഇടതുകാലിൽ തലമുറയുടെ സുവർണപൂരിതമായ യുഗത്തിന്റെ രേഖാവലികളുണ്ട്. തോൽവികളുടെ വേദന, വിമർശങ്ങളുടെ കയ്‌പ്പ്‌, വിജയങ്ങളുടെ മധുരം... 36 വർഷത്തെ കാത്തിരിപ്പ്‌ അവസാനിപ്പിച്ച്, ഡീഗോ മറഡോണയ്ക്കുശേഷം ഫുട്ബോളിനെ രക്തത്തിൽ അലിയിച്ച ആ രാഷ്‌ട്രത്തിലേക്ക് 2022ൽ ഖത്തറിൽനിന്ന് ലോകകിരീടം കൊണ്ടുവന്ന ക്യാപ്റ്റന്റെ ആനന്ദക്കണ്ണീർ. ഒടുവിൽ യുഎസ് മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി നാലുതവണ നിറയൊഴിച്ചതിന്റെ മുഴക്കം അവസാനിക്കുംമുമ്പേ, പിതാവ് ഹോർഹെ മെസിയുടെ വിയോഗത്തോടെ മാനസികസമ്മർദത്തിലായിരുന്ന കളിയുടെ രാജകുമാരൻ അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമാകുന്നു.


കളിജീവിതത്തിൽ മെസിക്ക് വിഷാദങ്ങളും വിനാശങ്ങളുമുണ്ടായിരുന്നു. ഒപ്പം വിസ്‌മയങ്ങളും വീരേതിഹാസങ്ങളും. തകർന്നുപോയെന്ന് ലോകം വിധിയെഴുതിയിടത്തുനിന്നാണ് കളിയുടെ ലാവണ്യവും രചനാത്മകതയും പോരാട്ടവീര്യവും പ്രകടിപ്പിച്ച് വിജയപരമ്പരകളുടെ വീറുറ്റ സാമ്രാജ്യങ്ങൾ അദ്ദേഹം സൃഷ്‌ടിച്ചത്. 39ന്റെ സായന്തനവേളയിൽ ഇനി എന്തുകാട്ടാനെന്ന്‌ സംശയിച്ചവരെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് ഒളിചിതറിയ മെസിയുടെ മാന്ത്രികതയാണ് ലോകകപ്പിന്റെ 23–-ാംപതിപ്പിൽ, അർജന്റീനയെ വീണ്ടും കലാശക്കളത്തിലെത്തിച്ചത്. മെസിയില്ലാതെ അവർ ഈ ടൂർണമെന്റിലെ മറ്റു ടീമുകളിൽ ഒന്നുമാത്രമാണെന്നുള്ളവരുടെ സംശയങ്ങൾ തിരിച്ചറിയാൻ അൾജീരിയക്കെതിരെയുള്ള ആദ്യപോരാട്ടമേ വേണ്ടിവന്നുള്ളൂ. ഹാട്രിക് നേടിയശേഷം മെസിയെ പിൻവലിച്ചപ്പോൾ ആ ടീം ഒരാൾക്കൂട്ടം മാത്രമായി. -പിന്നീട് കേപ്‌വെർദെയ്‌ക്കും ഇംഗ്ലണ്ടിനുമെതിരെ അദ്ദേഹം സൃഷ്‌ടിച്ച മായികക്കാഴ്‌ചയുടെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.


2006 ലോകകപ്പിൽ സെർബിയ– മോണ്ടിനെഗ്രോക്കെതിരായ കളിയിലൂടെയാണ് ആ ക‍ൗമാരക്കാരൻ ലോകകപ്പിന്റെ രാജരഥ്യയിലേക്ക് കാലെടുത്തുവച്ചത്. തുടരെ ആറ് ലോകകപ്പുകൾ. 2014, 2022, 2026 വർഷങ്ങളിൽ ഫൈനൽ. ആറു ടൂർണമെന്റിലായി 21 ഗോൾ. രണ്ടുതവണ ഗോൾഡൻ ബോൾ. ഒരു കിരീടം. കഴിഞ്ഞ നാലു ടൂർണമെന്റിൽ മൂന്നിലും ലിയോ ഫൈനൽ കളിച്ചു. 2016ൽ ചിലിയോട് കോപ്പ അമേരിക്ക ഫൈനലിൽ തോറ്റതിനുപിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചിടത്തുനിന്ന്‌ തിരിച്ചുവന്നാണ് ഖത്തറിൽ സ്വപ്‌നതുല്യമായ കുതിപ്പിലൂടെ കിരീടമണിഞ്ഞത്‌. അർജന്റീനൻ ദേശീയ ടീമിനെ കുടുംബത്തെപ്പോലെ ഇഴമുറുക്കത്തോടെ നിർത്താൻ കഠിനാധ്വാനംചെയ്‌ത സഹതാരങ്ങൾക്കും പരിശീലകസംഘത്തിനും മെസി ഹൃദയപൂർവം നന്ദി പറയുന്നു.


messi


സമ്മർദങ്ങൾ വരുമ്പോഴാണ് യഥാർഥ നായകൻ പിറക്കാറുള്ളതെന്ന പറച്ചിൽ മെസിയിലൂടെ സാക്ഷാൽക്കരിക്കുന്നതാണ് നാം കണ്ടുപോന്നത്. അർജന്റീനയ്ക്കുവേണ്ടി ഏറ്റവും അധികം തവണ കളത്തിലിറങ്ങിയ, ലോകത്തിലെ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം എട്ടുതവണ കരസ്ഥമാക്കിയ മെസിതന്നെയാണ് കൂടുതൽ ഗോൾ നേടിയ താരവും. ലോകകപ്പിൽ 34 എണ്ണമുൾപ്പെടെ 207 മത്സരത്തിൽനിന്ന് 125 ഗോളുകളാണ് സമ്പാദ്യം. മെസിയും പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും മാത്രമാണ് ആറ്‌ ലോകകപ്പ്‌ കളിച്ചത്. മൂന്ന് ലോകകപ്പ് ഫൈനൽ കളിച്ച രണ്ടുപേരേയുള്ളൂ. മെസിക്കൊപ്പം ബ്രസീലിന്റെ കഫുവും. ഇതിനൊക്കെ പുറമെയാണ് മെസി സ്‌പാനിഷ്‌ വമ്പന്മാരായ എഫ്‌സി ബാഴ്‌സലോണയ്ക്കായി വാരിക്കൂട്ടിയ ട്രോഫികളും പിഎസ്‌ജിക്കും ഇന്റർ മയാമിക്കുമായി നേടിയെടുത്ത ക്ലബ് ഫുട്‌ബോളിലെ പകരംവയ്ക്കാനില്ലാത്ത വിജയങ്ങളും. കോപ്പ അമേരിക്കയിൽ തുടർവിജയവും ലോകകപ്പുമടക്കം ആറു പ്രധാന കിരീടങ്ങളാണ് ലയണൽ മെസി നയിച്ച ടീമിലൂടെ അർജന്റീനയുടെ ഷോകേസിനെ അലങ്കരിക്കുന്നത്.


ലിയനാർഡോ ഡാവിഞ്ചിയെപ്പോലെ കല കലയ്ക്കുവേണ്ടിയെന്ന സിദ്ധാന്തം, ഫുട്ബോളിൽ കളി കളിക്കുവേണ്ടിയെന്ന സമവാക്യം ഉയർത്തിപ്പിടിക്കുന്നവനെങ്കിലും മെസിക്ക് തന്റെ ഫുട്ബോൾ സപര്യ മത്സരിക്കാനും കഴിവുകൾ വിളക്കിയെടുക്കാനും അത് ലോകസമക്ഷം അവതരിപ്പിക്കാനും ജയിക്കാനും വേണ്ടിക്കൂടിയാണ്. മൈതാനം നിറയുന്ന കളിപ്രേമികളെ കളിമിടുക്കിന്റെയും ഭംഗിയുടെയും കൃത്യതയുടെയും മായാലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്നവനാണ് ഈ അർജന്റീനക്കാരൻ. മെസിയുടെ ചില ഗോളുകൾ, പാസുകൾ, മുന്നേറ്റങ്ങൾ... സ്വീകരണമുറിയിലിരുന്ന് ടിവിയിൽ കാണുമ്പോൾ നിങ്ങളുടെ നട്ടെല്ലിലൂടെ തരിപ്പുപായാറില്ലേ? ഒതുക്കിവച്ചിരിക്കുന്ന നിങ്ങളുടെ കാൽപ്പാദം മത്സ്യത്തെപ്പോലെ വെട്ടിത്തിരിയാറില്ലേ? എങ്കിൽ അതുതന്നെയാണ് ചെ ഗുവേരയുടെ ജന്മദേശമായ റൊസാരിയോയിൽ ജനിച്ച്, സ്‌പെയ്‌നിൽ വളർന്ന് അർജന്റീനൻ ദേശീയ ടീമിനെ എല്ലാ സൗഭാഗ്യങ്ങളിലേക്കുമെത്തിച്ച ലയണൽ ആന്ദ്രേ മെസി എന്ന പന്തുകളിക്കാരനെ ലോകോത്തര താരമാക്കുന്നത്.


Lionel MessI


ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന വിശേഷണം മെസിക്ക് ആദ്യം ചാർത്തിക്കൊടുത്തത്, മുമ്പ്‌ ബാഴ്‌സലോണയിൽ ഒപ്പം കളിച്ച ബ്രസീലിന്റെ റൊണാൾഡിന്യോയാണ്. ഡീഗോ മറഡോണയാകട്ടെ ആ യുവാവിനെ തന്റെ പിൻഗാമിയെന്ന്‌ വിളിച്ചു. പന്തിനെ പലപ്പോഴും പട്ടുപോലെ കാലിലെടുത്തുകൊണ്ടും പ്രതിരോധങ്ങളെ പൊട്ടിച്ച് ഗോൾവല കുലുക്കുന്നതിനാലും ചെകുത്താൻ (ഇൽഡിവാലോ) എന്നും കടന്നൽ (ലാഹുൽഗ) എന്നും എതിരാളികൾ വിശേഷിപ്പിക്കുന്നു.‌


പോഷകാഹാരക്കുറവ്‌ കാരണം ഹോർമോൺ ചികിത്സയ്ക്ക്‌ വിധേയനായ ഒരാളാണ് മെസിയെന്നോർക്കുക. മുന്നോട്ടൽപ്പം വളവുള്ള ശരീരം. പ്രയാണവേഗങ്ങളിൽ കാറ്റിന്റെ മർദത്തെ എളുപ്പത്തിൽ വകഞ്ഞുമാറ്റാൻ സഹായിക്കുന്ന എയറോ ഡൈനാമിക്‌സ് രൂപഘടന. ഉയരം കഷ്‌ടിച്ച് അഞ്ചടി ഏഴിഞ്ച്. അഭിമാനിക്കാൻ ഒട്ടുമില്ലാത്ത പേശിബലം. എങ്കിലും ഈ കൃശഗാത്രനെ വെല്ലാനാകുന്ന, പൂട്ടിയിടാൻപോന്ന പ്രതിരോധനിര ഉണ്ടാകില്ല എന്നതാണ് സത്യം.


ഇടംകാലിൽ ജാലവിദ്യ ഒളിപ്പിച്ച മാന്ത്രികനെന്നാണ് ലോകം മെസിയെ വാഴ്‌ത്തുന്നത്. പന്ത് കാലിലില്ലാത്തപ്പോൾ എങ്ങനെ കളിക്കണമെന്നും ശൂന്യസ്ഥലങ്ങൾ കണ്ടെത്തി എങ്ങനെ കുതിച്ചുകയറണമെന്നും മെസിയെ പഠിപ്പിച്ചത് തന്ത്രങ്ങളുടെ ആശാനായ ബാഴ്‌സലോണയുടെ മുൻ പരിശീലകൻ പെപ് ഗാർഡിയോളയാണ്. പന്തിനെ ശരീരത്തിലെ മറ്റൊരു അവയവമായി വിളക്കിച്ചേർക്കാനുള്ള സിദ്ധി, തലച്ചോറിലെ പന്ത് കാലുകളിലേക്ക് ആവാഹിക്കാനുള്ള ബുദ്ധിവൈഭവം, അസാമാന്യവേഗം, അളന്നുമുറിച്ച പാസും ക്രോസും, പിഴയ്ക്കാത്ത ഷോട്ടുകൾ, സാങ്കേതികത്തികവിലും ആസൂത്രണത്തിലും ചാലിച്ചെടുത്ത നീക്കങ്ങൾ. പന്തിലേക്കും എതിർ ഗോൾമുഖത്തേക്കും മാത്രമായി മുനകൂർപ്പിച്ച ചിന്തയും കർമവും. സ്വാർഥലേശമില്ലാതെ തളികയിലെന്നപോലെ കൂട്ടുകാർക്ക്‌ ഒരുക്കിക്കൊടുക്കുന്ന അവസരങ്ങൾ. ഒരാളെ മികച്ച ഫുട്‌ബോളറാക്കുന്ന ഈ മേന്മകളെല്ലാം ഒന്നിനൊന്നു പാകത്തിൽ വിളക്കിച്ചേർക്കപ്പെട്ടിരിക്കുന്ന ആധുനിക ഫുട്ബോളിലെ ഉത്തമതാപസനെന്ന് മെസിയെ നമുക്ക് വിളിക്കാം.


Lionel MessI Enzo Fernandez Lisandro Martínez


പെലെയ്ക്കും മറഡോണയ്ക്കുംശേഷം കളിക്കളത്തിൽ ഭൂകമ്പങ്ങൾ സൃഷ്‌ടിച്ച്‌ ചില താരങ്ങൾമാത്രമേ തങ്ങളുടേതായ കാലഘട്ടവും ചരിത്രവും നിർവചിച്ചിട്ടുള്ളൂ. പെലെ പടത്തലവനായിരുന്നെങ്കിൽ മറഡോണ ഒറ്റയാൾപ്പട്ടാളമായിരുന്നു. അവർ പോയപ്പോൾ ഒരുകാലംകൂടി പോയി. അവരിരുവരും സൃഷ്‌ടിച്ച ലോകഫുട്‌ബോളിന്റെ ആ വർണരഥ്യയിൽ പിന്നീട് തേരുപായിച്ചത് മെസിയാണ്. ഇവരിൽ ആരാണ് മികച്ച താരമെന്ന ചോദ്യംതന്നെ അപ്രസക്തമാണ്. ഓരോ കാലത്തിനും ഓരോ കളിയുണ്ട്, ദൈവങ്ങളുണ്ട്, കളിശൈലിയുണ്ട്. പെലെയുടെയും മറഡോണയുടെയും കളി കണ്ടിട്ടില്ലാത്തവൻ കണ്ണുമടച്ച് ഉത്തരം പറയും മെസി–നെയ്‌മർ–റൊണാൾഡോ. എന്നാൽ, അതിനുമപ്പുറം ഫുട്ബോളിനെ ഹൃദയത്തോട് ചേർത്തുവച്ച് വാശിയും വീറും നിറച്ച് ആരാധകരെ സ്‌പർശിച്ച് തലോടി അതിനെ എക്കാലവും നിലനിർത്താനും പരിപോഷിപ്പിക്കാനും പെലെയുടെയും മറഡോണയുടെയും സംഭാവനകൾക്കൊപ്പം ലയണൽ മെസി ഉൾപ്പെടെ സമകാലിക ഫുട്ബോളിലെ താരനിരയ്ക്കും കഴിഞ്ഞിട്ടുണ്ട്. അവരാരും നമ്മുടെ ഓർമകളിൽനിന്ന് ഓടിപ്പോവുകയില്ല.


മറഡോണയുടെ പിന്മുറക്കാരനായി അർജന്റീനയുടെ പ്രതിഭാപഴക്കത്തിലേക്ക് പന്തുതട്ടിക്കയറിയ ലയണൽ മെസി അന്താരാഷ്ട്ര കരിയർ മതിയാക്കിയെങ്കിലും അദ്ദേഹത്തിന്റെ കളിയുടെ അഴക്, ഗോളടി മികവ്, രചനീയത എന്നിവയെല്ലാം നമ്മെ അനുധാവനം ചെയ്‌തുകൊണ്ടിരിക്കും. അദ്ദേഹത്തേക്കാൾ മികച്ച കളിക്കാരുണ്ടായാലും ഈ അർജന്റീനൻ ഇതിഹാസം വിസ്‌മൃതിയിൽ വിലയം കൊള്ളുകയില്ല. പെലെയെയും മറഡോണയെയും പുഷ്‌കാസിനെയും ബെക്കൻ ബോവറെയും സിദാനെയുമൊക്കെപ്പോലെ ലയണൽ ആന്ദ്രേ മെസിയും ലോകഫുട്ബോൾ ചരിത്രത്തിലെ മഹാരഥന്മാരുടെ കാന്തികഗണത്തിൽ പെട്ടവനാണ്.


വിഖ്യാത ഉറുഗ്വായ്‌ എഴുത്തുകാരൻ എഡ്വേർഡോ ഗലിയാനോ പറഞ്ഞത്, ‘‘എനിക്ക്‌ മെസിയെ ഇഷ്‌ടമാണ്. കാരണം താൻ മെസിയാണെന്ന ബോധം അദ്ദേഹത്തിനില്ല.’’ ഫുട്ബോളിന്റെ പകിട്ടിനും ആഡംബ‌രങ്ങൾക്കും അഹങ്കാരങ്ങൾക്കും അപ്പുറമുള്ള മെസിയെയാണ് അദ്ദേഹം ദർശിച്ചത്. അതെ, ആ പാദമുദ്രകൾ ഫുട്ബോൾചരിത്രത്തിൽനിന്ന് ഒരിക്കലും മായില്ല. ആ കളിയഴകിന് അസ്‌തമയവും വാർധക്യവുമില്ല. അനശ്വരതയിലേക്കുള്ള യാത്ര പൂർത്തിയാക്കിയ ലയണൽ ആന്ദ്രേ മെസി... നന്ദി... നന്ദി...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home